പോലീസിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് സാമ്പത്തിക പ്രതിസന്ധി തടസ്സമാകില്ല: മുഖ്യമന്ത്രി

post

തിരുവനന്തപുരം: പോലീസില്‍ അടിസ്ഥാനപരമായ സൗകര്യങ്ങളും വികസനവും കൊണ്ടുവരുന്നതിന് സാമ്പത്തികപ്രതിസന്ധി തടസ്സമാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. സംസ്ഥാനത്തെ ആറ് പോലീസ് സ്റ്റേഷനുകള്‍ക്കായി നിര്‍മ്മിച്ച പുതിയ കെട്ടിടങ്ങള്‍  വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോലീസ് ഉദ്യോഗസ്ഥര്‍ക്കായി നിര്‍മ്മിച്ച ക്വാര്‍ട്ടേഴ്സ്, ബാരക്ക്, പോലീസിന്‍റെ ജില്ലാതല പരിശീലന കേന്ദ്രം എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിച്ചു.

പ്രത്യേകപരിശീലനം നേടാതെയാണ് പോലീസ് പകര്‍ച്ചവ്യാധി പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായതെന്നു മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഏതാനും പോലീസുകാര്‍ രോഗബാധിതരായത് പോലീസിന്‍റെ പ്രവര്‍ത്തനത്തെയോ കര്‍മനിരതയെയോ ബാധിച്ചിട്ടില്ല. ലോക്ക്ഡൗണ്‍ മൂലം പഠനം മുടങ്ങിപ്പോയ കുട്ടികള്‍ക്ക് ഇലക്ട്രോണിക് പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിനും പോലീസ് ഉത്തരവാദിത്തബോധം കാട്ടിയെന്ന് അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരം സിറ്റിയിലെ തുമ്പ, ഇടുക്കിയിലെ ഉടുമ്പന്‍ചോല, പാലക്കാട്ടെ ആലത്തൂര്‍, കോങ്ങാട്, മലപ്പുറത്തെ പൂക്കോട്ടുംപാടം, കാടാമ്പുഴ എന്നീ പോലീസ് സ്റ്റേഷനുകള്‍ക്കാണ് പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. കാസര്‍കോട്  ജില്ലാ പരിശീലന കേന്ദ്രം, കോട്ടയം മുട്ടമ്പലത്തെയും പാലക്കാട് മങ്കരയിലെയും ക്വാര്‍ട്ടേഴ്സുകള്‍, തൃശൂര്‍ കേരള പോലീസ് അക്കാദമിയിലെ ബാരക്ക് എന്നിവയുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. 

മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍, ഉന്നത ഉദ്യോഗസ്ഥര്‍ എന്നിവര്‍ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് ഓണ്‍ലൈനായി ചടങ്ങില്‍ പങ്കെടുത്തു.