ട്രാപ്പ് ട്രാപ്പര്‍ ട്രാപ്പഡ്

post

കൊച്ചി: ജലാശയങ്ങളിലെ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ ജനമനസുകളെ പ്രചോദിപ്പിക്കാന്‍ ഫോര്‍ട്ട്‌കൊച്ചി ബീച്ചില്‍ ദി ട്രാപ്പ് എന്ന കലാരൂപം ഒരുങ്ങിക്കഴിഞ്ഞു. ഉപേക്ഷിക്കപ്പെട്ട പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് സൃഷ്ടിച്ച 25 അടി ഉയരമുള്ള് കലാസൃഷ്ടിയില്‍ സന്ദര്‍ശകര്‍ക്ക് കയറുകയും ചെയ്യാം. ഓരോ കുപ്പികള്‍ക്കുമുള്ളില്‍ കുടുങ്ങിയ മനുഷ്യരൂപങ്ങള്‍ സവിശേഷമായ ശ്രദ്ധയാകര്‍ഷിക്കുന്നു. ഉള്ളില്‍ കണ്ണാടികളും ഘടിപ്പിച്ചിട്ടുള്ളതിനാല്‍ കാലിഡോസ്‌കോപ്പിന്റെ സാമ്യവുമുണ്ടാകും. 

ഒരു ലിറ്ററിന്റെ 1500 പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം. കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ പിന്തുണയോടെ ജില്ലാ ഭരണകൂടം, ശുചിത്വമിഷന്‍, ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാല എന്നിവയുടെ സഹകരണത്തില്‍ ഒന്നര ലക്ഷം രൂപ ചെലവിലാണ് കലാസൃഷ്ടിക്ക് രൂപം നല്‍കിയിരിക്കുന്നത്. 

ട്രാപ്പ് പ്രധാനമായും കടലിലെ ഭീതിജനകമായ പ്ലാസ്റ്റിക് മലിനീകരണത്തിനെതിരായ പ്രതികരണമാണ്. കൊച്ചിയെ സംബന്ധിച്ചിടത്തോളം കായലുകളും മറ്റ് ജലാശയങ്ങളും സമാനമായ വെല്ലുവിളി നേരിടുന്നുണ്ട്. ഉപേക്ഷിക്കപ്പെട്ട കുപ്പികളാണ് ഇവിടെ പ്രധാനവില്ലനാകുന്നത്. വെള്ളക്കെട്ടുകള്‍ക്കും പരിസ്ഥിതി നാശത്തിനും ഇത്തരം കുപ്പികള്‍ മുഖ്യകാരണമാകുന്നു. ഇത് നശിക്കാന്‍ മറ്റ് പ്ലാസ്റ്റിക്കുകളേക്കാള്‍ കൂടുതല്‍ സമയവുമെടുക്കും. ഫോര്‍ട്ട് കൊച്ചി ബീച്ചിലെ ഡച്ച് സെമിത്തേരിക്ക് പിന്നില്‍ ജനുവരി 30 വരെയാണ് പ്രദര്‍ശനം ഒരുക്കിയിട്ടുള്ളത്. കൂടാതെ ട്രാപ്പിനകത്തു കയറി സെല്‍ഫി എടുത്ത് ഒപ്പം പ്ലാസ്റ്റിക്ക് വിരുദ്ധ അടിക്കുറിപ്പും എഴുതി 8078156791 ഈ നമ്പറിലേക്ക് അയച്ചാല്‍ സന്ദര്‍ശകര്‍ക്ക് സമ്മാനങ്ങള്‍ നേടാനുള്ള അവസരവുമുണ്ട്. 

ഇടപ്പള്ളി സ്വദേശിയും സയന്‍സ് ഫിലിംമേക്കറും പരസ്യചിത്രരംഗത്ത് രണ്ട് പതിറ്റാണ്ട് പരിചയവുമുള്ള കെ. കെ.അജികുമാറാണ് ട്രാപ്പ് ആശയത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്. ട്രാപ്പിന്റെ ക്രിയേറ്റീവ് സപ്പോര്‍ട്ടും കോ-ഓര്‍ഡിനേഷനും നിര്‍വ്വഹിച്ചിരിക്കുന്നത് ഗിറ്റാറിസ്റ്റും സംഗീതജ്ഞനുമായ ബിജു തോമസാണ് . ഇവര്‍ രണ്ടു പേരും ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലാ കമ്മിറ്റി അംഗങ്ങളാണ്.

പ്ലാസ്റ്റിക് പെറുക്കുന്നവരോടൊപ്പമാണ് ഉപേക്ഷിക്കപ്പെട്ട വെള്ളക്കുപ്പികള്‍ പണം നല്‍കി ശേഖരിച്ചത്. ഇത് പിന്നീട് കഴുകി വൃത്തിയാക്കിയെടുത്തു. പ്ലാസ്റ്റിക് മലിനീകരണത്തിനെതിരെ മുമ്പ് മൂന്നുവട്ടം ബീച്ചുകളില്‍ തന്നെ ശ്രദ്ധേയമായ കലാസൃഷ്ടികള്‍ ഒരുക്കിയിട്ടുള്ള അജിത്കുമാര്‍ കല്‍ക്കട്ടയിലും ബംഗളുരുവിലും  നടന്ന രാഷ്ട്രീയ വിഗ്യാന്‍ ചലച്ചിത്രമേളകളില്‍ മികച്ച സയന്‍സ് ചിത്രത്തിനുള്ള പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.