നിലവിലെ സാഹചര്യം നേരിടാന്‍ കേരളം സജ്ജം: മുഖ്യമന്ത്രി

post

തിരുവനന്തപുരം : കോവിഡ് രോഗ വ്യാപനത്തിന്റെ നിലവിലെ സാഹചര്യം നേരിടാന്‍ കേരളം സജ്ജമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കോവിഡ് ചികിത്സയ്ക്കായി മാത്രമുള്ള ആശുപത്രി കിടക്കകള്‍ക്കു പുറമെ 15,975 കിടക്കകള്‍ ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ തയ്യാറായിട്ടുണ്ട്. അവയില്‍ 4535 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ആരോഗ്യപ്രവര്‍ത്തകര്‍ക്കായുള്ള 3.42 ലക്ഷം എന്‍ 95 മാസ്‌കുകളും 3.86 ലക്ഷം പിപിഇ കിറ്റുകളും 16.1 ലക്ഷം ത്രീലെയര്‍ മാസ്‌കുകളും 40.3 ലക്ഷം ഗ്ലൗസുകളും സ്റ്റോക്കുണ്ട്.

80 വെന്റിലേറ്ററുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ വാങ്ങി. 270 ഐസിയു വെന്റിലേറ്ററുകള്‍ കേന്ദ്ര ഗവണ്‍മെന്റില്‍നിന്നു ലഭ്യമായി. രണ്ടാഴ്ചയ്ക്കകം 50 വെന്റിലേറ്ററുകള്‍ കൂടി കേന്ദ്ര ഗവണ്‍മെന്റില്‍നിന്നും പ്രതീക്ഷിക്കുന്നു.

6007 വെന്റിലേറ്ററുകള്‍ക്ക് രാപ്പകല്‍ പ്രവര്‍ത്തിക്കാന്‍ വേണ്ട ഓക്സിജന്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഏഴ് മെഡിക്കല്‍ കോളേജുകളിലും ലിക്വിഡ് ഓക്സിജന്‍ സൗകര്യം ലഭ്യമാണ്. 947 ആംബുലന്‍സുകള്‍ കോവിഡ് കാര്യങ്ങള്‍ക്കായി മാത്രം സജ്ജമാണ്. ഇ-സഞ്ജീവിനി ടെലിമെഡിസിന്‍ സംവിധാനം എല്ലാ ജില്ലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. 50 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നു. 19 എണ്ണം സ്ഥാപിക്കാനുള്ള പ്രവര്‍ത്തനം നടന്നുവരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.