പുറത്തുപോകുന്നവര്‍ വീട്ടിലെത്തിയാല്‍ മാസ്‌ക് ധരിക്കാനും ശരീരിക അകലം പാലിക്കാനും ശ്രദ്ധിക്കണം : മുഖ്യമന്ത്രി

post

ഗുരുതരമല്ലാത്ത രോഗികളെ പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങളില്‍ പരിചരിക്കും

തിരുവനന്തപുരം : വീട്ടില്‍ നിന്നും പുറത്തേക്ക് പോകുന്നവര്‍ തിരികെ വീട്ടിലെത്തിയാല്‍ മാസ്‌ക് ധരിക്കാനും ശരീരിക അകലം പാലിക്കാനും തയ്യാറാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തലസ്ഥാന ജില്ലയിലെ രണ്ടു പ്രദേശങ്ങള്‍ സമൂഹവ്യാപനത്തിലേക്ക് പോയ സാഹചര്യത്തില്‍ സമചിത്തതയോടെ ശാസ്തീയമായ പരിഹാരമാര്‍ഗങ്ങളിലേക്ക് പോകണം. ബ്രേക്ക് ദി ചെയിന്‍ ജീവിതരീതി സുപ്രധാനമാണ്. അതില്‍ തന്നെ ചില കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. 

ക്ലസ്റ്ററുകളില്‍ രോഗവ്യാപന പഠനം നടത്തി രോഗവ്യാപന കാരണങ്ങള്‍ കണ്ടെത്തിയും വിപുലമായ തോതില്‍ ടെസ്റ്റിങ് നടത്തിയും വ്യാപനം തടയാന്‍ നടത്തുന്ന ശ്രമങ്ങള്‍ പൊന്നാനി പോലുള്ള ആദ്യ ക്ലസ്റ്ററുകളില്‍ വിജയിച്ചിട്ടുണ്ട്.ഗുരുതരമായ രോഗമുള്ളവരെ വെന്റിലേറ്റര്‍-ഐസിയു സംവിധാനമുള്ള കോവിഡ് ആശുപത്രികളിലും അത്ര ഗുരുതരാവസ്ഥയിലല്ലാത്തവരെ പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങളിലുമാണ് (കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍) പരിചരിക്കുക. ജില്ലകളില്‍ രണ്ടു വീതം കോവിഡ് ആശുപത്രികളും പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങളും സ്ഥാപിച്ച് കഴിഞ്ഞു്.

സ്വകാര്യ ആശുപത്രികള്‍ക്കും കോവിഡ് രോഗികളെ ചികിത്സിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്. ആരോഗ്യ, തദ്ദേശ സ്വയംഭരണ, ദുരന്തനിവാരണ വകുപ്പുകള്‍ സംയുക്തമായി 50,000 കിടക്കകളോടെ കൂടുതല്‍ ചികിത്സാകേന്ദ്രങ്ങള്‍ സ്ഥാപിക്കുകയാണ്. ചെറുകിട ഇടത്തരം സ്വകാര്യ ആശുപത്രികള്‍ക്ക് പ്രഥമതല കോവിഡ് ചികിത്സാകേന്ദ്രങ്ങള്‍ നടത്താന്‍ അനുമതി നല്‍കും.

സംസ്ഥാനത്തുള്ള രോഗികളില്‍ അറുപത് ശതമാനത്തിലേറെ രോഗലക്ഷണമൊന്നും പ്രകടിപ്പിക്കാത്തവരാണ്. ഇവരെ വീടുകളില്‍ തന്നെ താമസിച്ച് പരിചരിച്ചാല്‍ മതിയെന്ന് വിഗഗ്ധര്‍ ഉപാധികളോടെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. അപകടസാധ്യത വിഭാഗത്തില്‍ പെടാത്തവരായ രോഗലക്ഷണമില്ലാത്തവരെ താമസസ്ഥലത്തിന് തൊട്ടടുത്ത് ചികിത്സാകേന്ദ്രങ്ങളുണ്ടെന്ന് ഉറപ്പുണ്ടെങ്കില്‍ വീട്ടില്‍ തന്നെ കഴിയാന്‍ അനുവദിക്കാവുന്നതാണെന്നാണ് മറ്റു ചില രാജ്യങ്ങളിലേയും അനുഭവം. രോഗികളുടെ എണ്ണം അമിതമായി വര്‍ധിച്ചാല്‍ ഇത്തരം നിര്‍ദ്ദേശങ്ങള്‍ പരിഗണിക്കേണ്ടി വന്നേക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തു നിന്നും മറ്റ് സംസ്ഥാനങ്ങളില്‍നിന്നും വരുന്നവരുടെ എണ്ണം കുറഞ്ഞ് തുടങ്ങിയിട്ടുണ്ട്. സംസ്ഥാനത്തിനുള്ളിലെ രോഗവ്യാപനം നിയന്ത്രിക്കാന്‍ സര്‍ക്കാരും ജനങ്ങളും ഒത്തുശ്രമിച്ചാല്‍ തീര്‍ച്ചയായും കഴിയും. ഈ ഗുരുതരമായ സാഹചര്യം കണക്കിലെടുത്താണ് ബ്രേക്ക് ദി ചെയിന്‍ കാമ്പയിന്റെ അടുത്ത ഘട്ടമായി 'ജീവന്റെ വിലയുള്ള ജാഗ്രത' എന്ന ആശയം രൂപപ്പെടുത്തിയത്.

സമൂഹവ്യാപനമുണ്ടായാല്‍ നിലവിലുള്ള പൊതുജനാരോഗ്യ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കാത്തതരത്തില്‍ അവശ്യ സൗകര്യങ്ങളുള്ള പ്രാദേശിക കേന്ദ്രങ്ങളായി ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ ഉപയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ക്കായി ഹോട്ടലുകള്‍, ഹാളുകള്‍, കോളേജുകള്‍ തുടങ്ങിയവ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. അതാതു തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനങ്ങളുടെ മേല്‍നോട്ടം ബന്ധപ്പെട്ട പിഎച്ച്സി/എഫ്എച്ച്സി/സിഎച്ച്സി/താലൂക്ക് ആശുപത്രികള്‍ക്കായിരിക്കും. മരുന്നുകള്‍, പള്‍സ് ഓക്സിമീറ്ററുകള്‍, ബിപി അപ്പാരറ്റസ് തുടങ്ങി വിവിധ സംവിധാനങ്ങള്‍ ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ക്ക് വിദഗ്ധരായ ആരോഗ്യപ്രവര്‍ത്തകര്‍ നേതൃത്വം കൊടുക്കും.

ഒരേതരം രോഗലക്ഷണങ്ങളുള്ള ടെസ്റ്റ് റിസള്‍ട്ട് പോസിറ്റീവ് ആയവരെയും ഒരേ ലിംഗത്തിലുള്ളവരെയും ഒരുമിച്ചു ഒരു ഹാളില്‍/ഒരു വാര്‍ഡില്‍ കിടത്തുന്നതില്‍ പ്രത്യേകിച്ചു പ്രശ്നങ്ങള്‍ ഇല്ല. പക്ഷെ, കിടക്കകള്‍ തമ്മില്‍ കൃത്യമായ അകലം അതായത് കുറഞ്ഞത് 4 മുതല്‍ 6 അടി വരെ ഉണ്ടായിരിക്കും.

ജില്ലാ കണ്‍ട്രോള്‍ റൂമില്‍ നിന്നോ ബന്ധപ്പെട്ട ആരോഗ്യ സ്ഥാപനത്തില്‍ നിന്നോ ടെസ്റ്റ് റിസള്‍ട്ട് അറിയിച്ച് കഴിഞ്ഞാല്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് പോകുന്നതിനു തയ്യാറാകണം. ഇതിന് പ്രത്യേകം സജ്ജീകരിച്ച ആംബുലന്‍സില്‍ മാറ്റും.

ആന്റിജന്‍ ടെസ്റ്റ് പോസിറ്റീവ് ആയവരില്‍ രോഗലക്ഷണങ്ങളില്ലാത്തവരേയും നിലവിലെ സാഹചര്യത്തില്‍ കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേയ്ക്കു   കൊണ്ടുപോകേണ്ടിവരും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നും രോഗം പകരാനുള്ള സാധ്യതയുണ്ട്. ഇതുവഴി സമൂഹവ്യാപനത്തിന് സാധ്യതയുണ്ട്. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കിലും പോസിറ്റീവ് ആയവരെ മാറ്റിപ്പാര്‍പ്പിക്കുന്നതാണ് ഉചിതം. അത്തരമാളുകള്‍ യാതൊരുവിധ എതിര്‍പ്പും പ്രകടിപ്പിക്കാതെ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശങ്ങള്‍ പാലിച്ചു ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളിലേക്ക് പോകണം.

ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആകുന്ന മുറയ്ക്ക് സര്‍ക്കാര്‍ മാനദണ്ഡപ്രകാരം കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ നിന്നും തിരികെ വീട്ടില്‍ എത്തിക്കും.

നഗരങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ ലോക്ക്ഡൗണ്‍ സംബന്ധിച്ച സര്‍ക്കാരിന്റെയും പൊലീസിന്റെയും നിയമപരമായ നിര്‍ദ്ദേശങ്ങളും മുന്നറിയിപ്പുകളും അവഗണിക്കരുത്. നിരുത്തരവാദിത്തപരമായ നടപടികള്‍മൂലം കോവിഡ് കേസുകളില്‍ വര്‍ധന വരികയാണ്.

ഇത്തരം സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാരുടേയും അവിടെയെത്തുന്ന ഉപഭോക്താക്കളുടേയും ആരോഗ്യം സംരക്ഷിക്കുന്നതിനായി സാമൂഹിക അകലം പാലിക്കല്‍ ഉള്‍പ്പെടെയുള്ള സുരക്ഷാ പ്രോട്ടോക്കോള്‍ കര്‍ശനമായി നടപ്പാക്കാന്‍ സ്ഥാപന ഉടമകള്‍ക്ക് ഉത്തരവാദിത്തമുണ്ട്. ഇതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ ഉടമകള്‍ക്കും നടത്തിപ്പുകാര്‍ക്കുമെതിരെ കേരള പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് ഉള്‍പ്പെടെയുള്ള നിയമങ്ങളുടെ അടിസ്ഥാനത്തില്‍ കര്‍ശന നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.

സംസ്ഥാനത്ത് എല്ലാ പൊലീസ് സ്റ്റേഷനുകളിലും ഒരു ഓക്സിജന്‍ സിലിണ്ടര്‍ വീതം വാങ്ങി സൂക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കി. അത്യാവശ്യ സമയങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും ഇത് ഉപയോഗിക്കാന്‍ കഴിയുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.