ജില്ലാ കളക്ടര്‍ ഓണ്‍ലൈന്‍ അദാലത്ത് സംഘടിപ്പിച്ചു

post

കാസര്‍കോട് : കോവിഡെന്ന മഹാമാരിക്കിടയില്‍ നാട് വിറങ്ങലിച്ച് നില്‍ക്കുന്ന വേളയിലും ജനങ്ങളുടെ പരാതികളും പരിഭവങ്ങളും കേള്‍ക്കാന്‍ നിയന്ത്രണങ്ങള്‍ തടസമായില്ല. വെള്ളരിക്കുണ്ട് താലൂക്ക്തല അദാലത്ത് ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു ഓണ്‍ലൈനായി സംഘടിപ്പിച്ചു. പരാതി പരിഹാര അദാലത്തില്‍ കളക്ടര്‍ നേരിട്ട് 12 പരാതികള്‍ പരിഗണിച്ചു. അദാലത്തിലേക്ക് 54 പരാതികളാണ് എത്തിയിരുന്നത്. പരാതികളില്‍ ബന്ധപ്പെട്ട ജില്ലാതല വകുപ്പ് മേധാവികള്‍ അദാലത്തിന് മുമ്പ് നല്‍കിയ മറുപടി തൃപ്തമല്ലാത്ത അപേക്ഷകരാണ് ഓണ്‍ലൈന്‍ അദാലത്തില്‍ കളക്ടറുടെ മുന്നിലേക്ക് എത്തിയത്.

കുരങ്ങുകള്‍ കൂട്ടമായി എത്തി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതായി കള്ളാറിലെ ഷാജി സി ചാരാത്ത്, മാത്യു സ്‌കറിയ, എല്‍സമ്മ മാത്യു എന്നിവര്‍ നല്‍കിയ പരാതിയില്‍ ഒരാഴ്ചയ്ക്കകം നടപടിയെടുക്കുമെന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ഉറപ്പു നല്‍കി. ഒരുക്കിയിട്ടുള്ള പ്രത്യേക കെണിയില്‍ ശല്യക്കാരായ കുരങ്ങുകളെ പിടികൂടി ദൂരെ സ്ഥലങ്ങളിലെ വനാന്തരങ്ങളില്‍ വിടുമെന്നും റേഞ്ച് ഓഫീസര്‍ പറഞ്ഞു. പെന്‍ഷന്‍ ലഭിക്കുന്നില്ലെന്ന കിനാനൂര്‍ കരിന്തളത്തെ മാത്യു നരിക്കുന്നേലിന്റെ പരാതിയില്‍ വാര്‍ധക്യകാല പെന്‍ഷന്‍ കഴിഞ്ഞ ഏപ്രില്‍ വരെ ലഭ്യമാക്കിയിട്ടുണ്ടെന്നും കര്‍ഷക പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കുന്നതിനായി കൃഷിഭവനില്‍ പുതിയ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കണമെന്നും കളക്ടര്‍ നിര്‍ദേശിച്ചു. പട്ടികവര്‍ഗ വികസന വകുപ്പ് മുഖേന ഭൂമി ലഭ്യമാക്കണമെന്ന കെ നാരായണന്‍, സുരേന്ദ്രന്‍, ടി വി ബാബു എന്നിവര്‍ അദാലത്തില്‍ പരാതിയുമായി എത്തി. ഭൂമി ലഭിക്കുന്നതിന് നിലവിലുള്ള ലാന്റ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭൂമിയുടെ ലഭ്യതയും അര്‍ഹതാ മാനദണ്ഡങ്ങളുമനുസരിച്ച് പരിഗണിക്കുമെന്ന് പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു.

കളക്ടറേറ്റ് മിനികോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ അദാലത്തില്‍ എഡിഎം എന്‍ ദേവീദാസ്, ഡെപ്യൂട്ടി കളക്ടര്‍മാരായ സജി എഫ് മെന്‍ഡിസ്, വി ജെ ശംസുദ്ദീന്‍, എന്‍ഐസി ജില്ലാ ഓഫീസര്‍ കെ രാജന്‍, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ കുഞ്ഞിക്കണ്ണന്‍, അഗ്രികള്‍ച്ചര്‍ ഡെപ്യുട്ടി ഡയറക്ടര്‍ എസ് ലക്ഷ്മി ദേവി, എംപ്ലോയ്മെന്റ് ഓഫീസര്‍ കെ ഗീതാകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു. ജില്ലാതല ഉദ്യോഗസ്ഥര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഓണ്‍ലൈനിലാണ് മറുപടി നല്‍കിയത്

അടുത്ത മഞ്ചേശ്വരം താലൂക്ക് പരാതി പരിഹാര അദാലത്ത് ഓഗസ്റ്റ് ഒന്നിനും കാസര്‍കോട് താലൂക്ക് അദാലത്ത് ഓഗസ്റ്റ് പതിനാലിനും സംഘടിപ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. പരാതികള്‍ യഥാക്രമം ഈ മാസം 26ഉം ഓഗസ്റ്റ് പത്തിനും വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും.