കാട്ടാക്കട താലൂക്കിലെ അദാലത്ത് നടന്നു

post

തിരുവനന്തപുരം : കാട്ടാക്കട താലൂക്കിലെ പൊതുജനങ്ങളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹാരം കാണുന്നതിനുമായി ജില്ലാ കളക്ടറുടെ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് നടന്നു. വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന അദാലത്തില്‍ വിവിധ വകുപ്പുകളുമായി ബന്ധപ്പെട്ട 192 പരാതികള്‍ ലഭിച്ചു. ഇവയില്‍ അതീവ പ്രാധാന്യമുള്ള 27 അപേക്ഷകരുമായി ജില്ലാ കളക്ടര്‍  ഡോ. നവജ്യോത് ഖോസ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ആശയവിനിമയം നടത്തി. റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ ഉടന്‍ പരിഹരിക്കുന്നതിനായി കാട്ടാക്കട താലൂക്കിലെ എല്ലാ വില്ലേജ് ഓഫീസര്‍മാരും അദാലത്തില്‍ തത്സമയം പങ്കെടുത്തു. ആകെ ലഭിച്ച 192 പരാതികളില്‍ 45 എണ്ണം ഉടന്‍തന്നെ തീര്‍പ്പാക്കി. ബാക്കിയുള്ള പരാതികള്‍ എത്രയും വേഗം പരിഹരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.