തൊഴില്‍ശേഷി വര്‍ധിപ്പിക്കാനുള്ള അവസരങ്ങള്‍ യുവത ഉപയോഗപ്പെടുത്തണം: മുഖ്യമന്ത്രി

post

തിരുവനന്തപുരം:യുവതയുടെ തൊഴില്‍ശേഷി വര്‍ധിപ്പിക്കാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 'അസാപ്' ബഹുഭാഷാ പരിശീലന കേന്ദ്രത്തിന്റെയും കഴക്കൂട്ടം കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് ട്രാന്‍സിറ്റ് ക്യാമ്പസിന്റെയും ഉദ്ഘാടനം കാട്ടായിക്കോണം സെന്റ് തോമസ് കോളേജില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാഭ്യാസം നേടിക്കഴിഞ്ഞ് ഏതുമേഖലയിലെത്തിയാലും പ്രായോഗിക പരിശീലനം വേണ്ടത്ര ലഭിക്കാത്തത് പ്രയാസമുണ്ടാക്കുന്നുണ്ട്. യുവാക്കളുടെ തൊഴില്‍ശേഷി മെച്ചപ്പെടുത്തുകയാണ് പ്രധാനം. ഉന്നതവിദ്യാഭ്യാസ മേഖലയില്‍ മാത്രമല്ല, ഏതു തൊഴില്‍മേഖലയിലും പരിഷ്‌കൃതസമൂഹത്തില്‍ ചെറിയതോതിലെങ്കിലുമുള്ള പരിശീലനം അത്യാവശ്യമാണ്. ഇത്തരത്തില്‍ പരിശീലനം ലഭിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാനും അവര്‍ക്ക് തൊഴില്‍ ലഭിക്കാനുമുള്ള സാഹചര്യമുണ്ടാകണം.

പരിശീലനകേന്ദ്രങ്ങള്‍ എല്ലാ വിഭാഗത്തെയും കണ്ടുകൊണ്ട് വികസിക്കണം. വിദ്യാഭ്യാസം കഴിഞ്ഞാല്‍ രാജ്യത്തിനകത്തും പുറത്തും ജോലി സാധ്യതയുള്ളിടത്തുള്ള ഭാഷ അറിഞ്ഞിരിക്കണം. അത്യാവശ്യം ഇംഗ്‌ളിഷില്‍ ആശയവിനിമയം നടത്താനാകുമെങ്കിലും സംസാരവൈഭവം ഉണ്ടാകണമെന്നില്ല. അതു ജോലിതേടി അഭിമുഖങ്ങള്‍ക്ക് പോകുമ്പോള്‍ തന്നെ തൊഴിലന്വേഷകര്‍ക്ക് പ്രയാസമുണ്ടാകുന്ന കാര്യമാണ്. ഇംഗ്‌ളിഷ് മാത്രം പഠിച്ചാല്‍ എല്ലാ വികസിത രാജ്യങ്ങളിലും ജോലിനേടാനാകണമെന്നില്ല. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ ജാപ്പനീസ് ഉള്‍പ്പെടെയുള്ള ഭാഷകളുടെ പഠനം 'അസാപ്' വഴി ആരംഭിക്കുന്നത്.

മറ്റു ജോലി സാധ്യതയുള്ള രാജ്യങ്ങള്‍ തിരിച്ചറിഞ്ഞ് ഭാഷാപഠന സൗകര്യം ഏര്‍പ്പെടുത്താനുള്ള തുടര്‍പ്രവര്‍ത്തനങ്ങള്‍ 'അസാപ്' നടത്തണമെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ഒന്‍പതു സ്‌കില്‍ പാര്‍ക്കുകള്‍ പൂര്‍ത്തിയായിട്ടുണ്ട്. കിന്‍ഫ്രയിലും വിഴിഞ്ഞത്തുമുള്‍പ്പെടെ ഏഴെണ്ണം കൂടി പൂര്‍ത്തിയാകാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അറിവിനൊപ്പം തൊഴില്‍പരിശീലനം കൂടി നല്‍കാനാണ് കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകള്‍ സൗകര്യമൊരുക്കുന്നതെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: കെ.ടി. ജലീല്‍ പറഞ്ഞു. മികച്ച ഓപ്പറേറ്റിംഗ് പാര്‍ട്ട്ണര്‍മാര്‍ കൂടുതല്‍ കടന്നുവരുന്നത് ശുഭസൂചനയാണ്. ഔപചാരിക വിദ്യാഭ്യാസം ലഭിക്കാത്തവര്‍ക്കും തൊഴില്‍ നൈപുണ്യം നല്‍കാനായാല്‍ അവരുടെ സേവനവും മുതല്‍കൂട്ടാകും എന്ന നിലയില്‍ അവര്‍ക്കും പരിശീലനം നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അസാപിന്റെ പരിശീലനം നിരവധി അവസരങ്ങളാണൊരുക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.  കൂടുതല്‍ ഭാഷാ പരിജ്ഞാനം നേടുന്നത് ടൂറിസം ഉള്‍പ്പെടെയുളള മേഖലകളില്‍ തൊഴില്‍സാധ്യത വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൗണ്‍സിലര്‍ സിന്ധു ശശി, സെന്റ് തോമസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി പ്രിന്‍സിപ്പല്‍ ഡോ: ഉഷ തോമസ്, മാര്‍ത്തോമ്മാ ചര്‍ച്ച് എഡ്യൂക്കേഷന്‍ സൊസൈറ്റി സെക്രട്ടറി ഡോ: രാജന്‍ വര്‍ഗീസ്, ഡോ: സഹദുള്ള തുടങ്ങിയവര്‍ സംബന്ധിച്ചു. ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ: കെ.ടി ജലീല്‍ സ്വാഗതവും അസാപ് അഡീ: സെക്രട്ടറി ടി. രമേശ് നന്ദിയും പറഞ്ഞു.

കഴക്കൂട്ടം കിന്‍ഫ്ര ഫിലിം ആന്റ് വീഡിലോ പാര്‍ക്കിലെ 1.50 ഏക്കര്‍ സ്ഥലത്ത് നിര്‍മിക്കുന്ന കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്ക് എട്ടുമാസത്തിനകം പൂര്‍ത്തിയാകും. നിര്‍മാണം പുരോഗമിക്കുന്നതിനൊപ്പം തന്നെ കോഴ്‌സുകള്‍ താത്കാലിക കേന്ദ്രത്തില്‍ തുടങ്ങുന്നതിന്റെ ഭാഗമായാണ് കാട്ടായിക്കോണം സെന്റ് തോമസ് കോളേജില്‍ ട്രാന്‍സിറ്റ് ക്യാമ്പസ് ആരംഭിക്കുന്നത്.

വിദേശരാജ്യങ്ങളില്‍ ലഭ്യമാകുന്ന ഉന്നത തൊഴില്‍ അവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനാണ് വിദേശ എംബസികളുമായി സഹകരിച്ച് ബഹുഭാഷാ പരിശീലന കേന്ദ്രം ആരംഭിക്കുന്നത്. ലിംഗ്വിസ്റ്റിക് സെന്ററിലൂടെ ഫ്രഞ്ച്, ജര്‍മന്‍, സ്പാനിഷ് തുടങ്ങിയ യൂറോപ്യന്‍ ഭാഷകളും ഇംഗ്‌ളീഷ്, അറബിക്, ചൈനീസ്, ജാപ്പനീസ് തുടങ്ങിയ ഭാഷകളിലും പരിശീലനം നല്‍കും. കഴക്കൂട്ടം ട്രാന്‍സിറ്റ് ക്യാമ്പസില്‍ പ്രവര്‍ത്തനക്ഷമമാകുന്ന സെന്ററില്‍ തുടക്കത്തില്‍ ജപ്പാന്‍ മിനിസ്ട്രി ഓഫ് എക്കോണമി ട്രേഡ് ആന്റ് ഇന്‍ഡസ്ട്രിയുടെ കീഴിലുള്ള എ.ഒ.ടി.എസുമായി ചേര്‍ന്ന് ജാപ്പനീസ് ക്ലാസിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിട്ടുണ്ട്.

കൂടാതെ വിവിധ വിദ്യാഭ്യാസയോഗ്യതയുള്ളവര്‍ക്കായി വ്യത്യസ്തമായ സ്‌കില്‍ കോഴ്‌സുകളുടെ പ്രദര്‍ശനമായ 'സ്‌കില്‍ മിത്ര 2019' സ്‌കില്‍ എക്‌സ്‌പോയും സെന്റ് തോമസ് കോളേജില്‍ തുടങ്ങി. ഹെല്‍ത്ത്‌കെയര്‍, ഏവിയേഷന്‍ തുടങ്ങിയ മേഖലകളില്‍ കിംസ്, ജി.എം.ആര്‍ ഏവിയേഷന്‍ തുടങ്ങിയ പ്രമുഖസ്ഥാപനങ്ങളുടെ ദേശീയ/അന്തര്‍ദേശീയ അംഗീകാരമുള്ള കോഴ്‌സുകള്‍ തിരഞ്ഞെടുക്കാന്‍ എക്‌സ്‌പോയിലൂടെ അവസരമുണ്ട്.

പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് ചലച്ചിത്ര സാങ്കേതിക മേഖലകളില്‍ കോഴ്‌സുകള്‍ ചെയ്യുന്നതിനുള്ള അവസരവും കമ്യൂണിറ്റി സ്‌കില്‍ പാര്‍ക്കുകളില്‍ സര്‍ക്കാര്‍ ഒരുക്കുന്നുണ്ട്.