കെയര്‍ ഹോം പദ്ധതി രണ്ടാം ഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post

തിരുവനന്തപുരം: 2018-ലെ മഹാപ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹകരണ സംഘങ്ങളുടെ സഹായത്തോടെ വീട് നിര്‍മിച്ചു നല്‍കുന്നതിന് സഹകരണ വകുപ്പ് ആവിഷ്ക്കരിച്ച കെയര്‍ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് തുടക്കമായി. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു.

ഒന്നാംഘട്ടത്തില്‍ തീരുമാനിച്ച 2,000 വീടുകള്‍ സമയബന്ധിതമായി തന്നെ ഗുണഭോക്താക്കള്‍ക്ക്  കൈമാറി. സുരക്ഷിതത്വം, സ്വകാര്യത, ശുചിത്വം, കുട്ടികള്‍ക്കുള്ള പഠനസൗകര്യം തുടങ്ങിയവ കെയര്‍ഹോം വീടുകളുടെ പ്രത്യേകതയാണ്. ഒന്നാംഘട്ടം പൂര്‍ത്തിയായ ശേഷവും ചില ജില്ലകളില്‍ നിന്ന് അധിക ആവശ്യങ്ങള്‍ വന്നു. അവയും പരിഗണിക്കാന്‍ സര്‍ക്കാര്‍ തയ്യാറായി. അതിന്‍റെ ഭാഗമായി 92 വീടുകള്‍ കൂടി നിര്‍മിക്കാന്‍ സഹകരണ വകുപ്പ് തീരുമാനിച്ചു. അവയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടന്നുവരികയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഭൂരഹിത-ഭവനരഹിതര്‍ക്കായുള്ള ഫ്ളാറ്റുകളുടെ നിര്‍മാണമാണ് ഈ ഘട്ടത്തിലുള്ളത്. 14 ജില്ലകളിലും സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മിച്ചാണ് ഈ ഘട്ടത്തിന് തുടക്കമിടുന്നത്. ഓരോ കോംപ്ലക്സിലും 450 മുതല്‍ 500 വരെ സ്ക്വയര്‍ ഫീറ്റ് വീസ്തീര്‍ണ്ണമുള്ള, 30 മുതല്‍ 40 വരെ ഭവനങ്ങള്‍ ഉണ്ടാകും. കൂടാതെ പ്രദേശത്തിന്‍റെ പ്രത്യേകതയനുസരിച്ച് കുട്ടികളുടെ കളിസ്ഥലം, അങ്കണവാടി, മീറ്റിങ് ഹാള്‍, വായനശാല, മാലിന്യസംസ്ക്കരണ സൗകര്യം, പാര്‍ക്കിങ് സൗകര്യം എന്നിവയും ഒരുക്കും. സംസ്ഥാനത്തെ സഹകരണ മേഖല കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ പിന്തുണയാണ് നല്‍കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, എ. സി. മൊയ്തീന്‍, വി. എസ്. സുനില്‍കുമാര്‍, സഹകരണ വകുപ്പ് സെക്രട്ടറി മിനി ആന്റണി തുടങ്ങിയവര്‍ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.