രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം

post

*ഒന്നാം വാല്യം പാഠപുസ്തക വിതരണം പൂര്‍ത്തിയായി

തിരുവനന്തപുരം:  രണ്ടുമാസത്തെ സാമൂഹ്യക്ഷേമ പെന്‍ഷന്‍ ഈ മാസം അവസാനം വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.  മെയ്, ജൂണ്‍ മാസത്തെ പെന്‍ഷനാണ് വിതരണം ചെയ്യുന്നത്. ഏകദേശം നാല്‍പ്പത്തെട്ടര ലക്ഷം പേരുടെ കൈകളില്‍ പെന്‍ഷനെത്തും. ക്ഷേമനിധി ബോര്‍ഡുകളില്‍ പതിനൊന്നു ലക്ഷത്തോളം പേര്‍ക്കാണ് പെന്‍ഷന്‍ കിട്ടുക.സാമൂഹ്യസുരക്ഷാ പെന്‍ഷന് 1165 കോടിയും ക്ഷേമനിധി ബോര്‍ഡുകള്‍ക്ക് 160 കോടിയുമാണ് വേണ്ടിവരിക. ഈ തുക അനുവദിച്ചിട്ടുണ്ട്. മസ്റ്റര്‍ ചെയ്യാനുള്ള തീയതി ജൂലൈ 22 വരെയാണ്.

ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തിലേക്ക് കടന്നിരിക്കുകയയാണ്. ഈ സാഹചര്യത്തിലാണ് ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കുന്നതിന് സുമനസ്സുകളുടെ സഹായം സ്വീകരിക്കാന്‍ തീരുമാനിച്ചത്.

കോട്ടയം ജില്ലയിലെ എരുമേലി ഗ്രാമപഞ്ചായത്തില്‍ എരുമേലി ജമാഅത്തിന്റെ നേതൃത്വത്തില്‍ നോമ്പുകാലത്തെ സംഭാവന കൊണ്ട് വാങ്ങിയ 55 സെന്റ് സ്ഥലം ലൈഫ് മിഷനു വേണ്ടി വിനിയോഗിക്കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്. അതില്‍ നിന്ന് 3 സെന്റ് സ്ഥലം വീതം 12 ഗുണഭോക്താക്കള്‍ക്കായി വീതിച്ചു നല്‍കും. ഇതില്‍ ഏഴ് സെന്റ് സ്ഥലം പൊതു ആവശ്യങ്ങള്‍ക്ക് മാറ്റിവെയ്ക്കും. ഇത് കൂടാതെ കോട്ടയം ജില്ലയില്‍ തന്നെ അയ്മനം ഗ്രാമപഞ്ചായത്തിലെ കോട്ടയം റോട്ടറി ഇന്റര്‍നാഷണല്‍ ആറുലക്ഷം രൂപ യൂണിറ്റ് കോസ്റ്റ് വരുന്ന 18 വീടുകള്‍ ലൈഫ് ഗുണഭോക്താക്കള്‍ക്ക് നിര്‍മിച്ചു നല്‍കാന്‍ മുന്നോട്ടുവന്നിട്ടുണ്ട്.

2018ല്‍ സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് സഹകരണ സംഘങ്ങളുടെ സഹായത്തോടെ വീട് നിര്‍മിച്ചു നല്‍കുന്നതിനായി സഹകരണ വകുപ്പ് ആവിഷ്‌ക്കരിച്ച കെയര്‍ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് വ്യാഴാഴ്ച തുടക്കമാകും. ഭൂരഹിത-ഭവനരഹിതര്‍ക്കായുള്ള ഫ്ളാറ്റുകളുടെ നിര്‍മാണമാണ് ഈ ഘട്ടത്തിലുള്ളത്. ഇതിനായി 14 ജില്ലകളിലും സ്ഥലം കണ്ടെത്തി. തൃശൂര്‍ ജില്ലയിലെ പഴയന്നൂരില്‍ ഫ്ളാറ്റ് സമുച്ചയം നിര്‍മിച്ചാണ് ഈ ഘട്ടത്തിന് തുടക്കമിടുന്നത്.

2020-21 അധ്യയന വര്‍ഷത്തെ ഒന്നാം വാല്യം പാഠപുസ്തക വിതരണം പൂര്‍ത്തിയായി്. മേയ് 15 മുതലാണ് പാഠപുസ്തക വിതരണം ആരംഭിച്ചത്.  മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ആദ്യം വിതരണം ആരംഭിച്ചത്.  മറ്റു ജില്ലകളില്‍ ജൂണ്‍ മാസമാണ് പാഠപുസ്തകവിതരണം ആരംഭിക്കുവാന്‍ സാധിച്ചത്.  കോവിഡ് 19ന്റെ വ്യാപനം പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ലോക്ക്ഡൗണ്‍ വ്യവസ്ഥകളില്‍ ഇളവ് വരുത്തിയശേഷമാണ് പൂര്‍ണ്ണ തോതിലുള്ള വിതരണം ആരംഭിക്കാന്‍ സാധിച്ചത്.

മുന്‍ വര്‍ഷങ്ങളില്‍ ഫെബ്രുവരി മുതല്‍ ഏപ്രില്‍ 15 വരെയുള്ള ഏകദേശം മൂന്നു മാസം കൊണ്ടാണ് വിതരണം പൂര്‍ത്തീകരിക്കുന്നത്. പക്ഷേ, കോവിഡ് പ്രതിസന്ധി കാലഘട്ടത്തിലും ഏകദേശം 1 മാസവും 10 ദിവസവും കൊണ്ടാണ് ഒന്നാംവാല്യം പാഠപുസ്തക വിതരണം ഈ അധ്യയനവര്‍ഷം പൂര്‍ത്തീകരിച്ചത്.