തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള മൂന്നാംഗഡു പദ്ധതി വിഹിതം അടുത്താഴ്ച : മുഖ്യമന്ത്രി

post

തിരുവനന്തപുരം : തദ്ദേശസ്ഥാപനങ്ങള്‍ക്കുള്ള മൂന്നാംഗഡു പദ്ധതി വിഹിതം അടുത്താഴ്ച അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നേതൃപരമായ പങ്ക് വഹിക്കുന്ന സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇതിനായുള്ള ചെലവുകള്‍ക്ക് ഒരു തടസ്സവും ഉണ്ടാകരുത് എന്നാണ് സര്‍ക്കാര്‍ നിലപാട്. 

രണ്ടു ഗഡു പദ്ധതി വിഹിതം നേരത്തെ നല്‍കിയിട്ടുണ്ട്. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ടുള്ള ക്വാറന്റൈന്‍, റിവേഴ്സ് ക്വാറന്റൈന്‍, ആശുപത്രികള്‍ക്കുള്ള അധികസഹായം, ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ സ്ഥാപിക്കല്‍, കമ്യൂണിറ്റി കിച്ചന്‍ നടത്തിപ്പ് തുടങ്ങിയവയ്ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്ക് പ്ലാന്‍ഫണ്ടില്‍നിന്ന് തുക ചെലവഴിക്കാം. ഇതിനാവശ്യമായ ക്രമീകരണങ്ങള്‍ ട്രഷറിയില്‍ ഏര്‍പ്പെടുത്തും. ജില്ലാ ആസൂത്രണ സമിതികള്‍ ഇത്തരം പ്രൊജക്ടുകള്‍ പിന്നീട് സാധൂകരിച്ചാല്‍ മതി.

ഇത്തരത്തില്‍ പ്രൊജക്ടുകള്‍ക്കുവേണ്ടി ചെലവഴിക്കുന്ന പണത്തില്‍ ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദനീയമായ പ്രൊജക്ടുകള്‍ക്കുള്ള തുക ജില്ലാ കലക്ടറില്‍നിന്നും റീ ഇമ്പേഴ്സ്മെന്റായി അനുവദിക്കും. തദ്ദേശസ്വയംഭരണ സെക്രട്ടറിമാര്‍ ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കണം. ബാക്കിയുള്ള പണം പദ്ധതിവിഹിതത്തിന്റെ ഭാഗമായി അധികമായി അനുവദിക്കും.

ദുരിതാശ്വാസ നിധിയില്‍നിന്നും ആവശ്യമായ അധിക പണം ലഭ്യമാക്കുന്നതിന് നിര്‍ദേശം കലക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഇതിനുപുറമെ ആവശ്യാനുസരണം ചെലവഴിക്കുന്നതിന് സിഎംഡിആര്‍എഫില്‍നിന്നും അവര്‍ക്ക് അധിക പണം ലഭ്യമാക്കും.  പണമില്ല എന്ന കാരണത്താല്‍ കോവിഡ് പ്രതിരോധം മുടങ്ങാന്‍ പാടില്ല. എല്ലാ തദ്ദേശ സ്ഥാപനങ്ങളും ഇതനുസരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലതയോടെ മുന്നോട്ടുപോകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.