കോൾഡ്രിഫ് സിറപ്പിന്റെ വിൽപന കേരളത്തിൽ നിർത്തിവച്ചു

post

ശക്തമായ പരിശോധനയുമായി ഡ്രഗ്സ് കൺട്രോൾ വകുപ്പ്

കേരളത്തിൽ കോൾഡ്രിഫ് (Coldrif) സിറപ്പിന്റെ വിൽപന സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് നിർത്തിവയ്പ്പിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോൾഡ്രിഫ് സിറപ്പിന്റെ എസ്.ആർ. 13 ബാച്ചിൽ പ്രശ്നം കണ്ടെത്തിയെന്ന് കേരളത്തിന് പുറത്ത് നിന്നുള്ള റിപ്പോർട്ടുകളെ തുടർന്നാണ് നടപടി. ഈ ബാച്ച് മരുന്നിന്റെ വിൽപ്പന കേരളത്തിൽ നടത്തിയിട്ടില്ല എന്നാണ് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ പ്രാഥമിക അന്വേഷണത്തിൽ നിന്നും മനസിലാക്കിയത്. എങ്കിലും സുരക്ഷയെ കരുതിയാണ് കോൾഡ്രിഫ് മരുന്നിന്റെ വിതരണവും വിൽപ്പനയും പൂർണമായും നിർത്തിവയ്ക്കാൻ ഡ്രഗ്സ് കൺട്രോളർ ഡ്രഗ്സ് ഇൻസ്പെക്ടർമാർക്ക് നിർദേശം നൽകിയത്. കേരളത്തിൽ 8 വിതരണക്കാർ വഴിയാണ് ഈ മരുന്നിന്റെ വിൽപ്പന നടത്തുന്നത്. ഈ കേന്ദ്രങ്ങളിലെല്ലാം തന്നെ വിതരണവും വിൽപനയും നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ മെഡിക്കൽ സ്റ്റോറുകൾ വഴിയുള്ള കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പനയും നിർത്തിവയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ നേതൃത്വത്തിൽ ശക്തമായ പരിശോധനകൾ നടന്നു വരുന്നു. കോൾഡ്രിഫ് സിറപ്പിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റ് ചുമ മരുന്നുകളുടേയും (സിറപ്പ്) സാമ്പിളുകൾ ശേഖരിച്ച് വരുന്നു. കേരളത്തിൽ ചുമ മരുന്നുകൾ നിർമ്മിക്കുന്ന 5 കമ്പനികളുടെ മരുന്ന് സാമ്പിളുകൾ ശേഖരിച്ച് പരിശോധന നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്.

സെൻട്രൽ ഡി.ജി.എച്ച്.സിന്റെ നിർദ്ദേശപ്രകാരം 2 വയസിന് താഴെയുള്ള കുട്ടികൾക്ക് ഡോക്ടർമാർ ചുമയ്ക്കുള്ള സിറപ്പ് പ്രിസ്‌ക്രൈബ് ചെയ്യരുത്. അഥവാ അത്തരത്തിൽ മരുന്ന് കുറിപ്പടി വന്നാലും ചുമയ്ക്കുള്ള സിറപ്പ് നൽകരുതെന്ന് എല്ലാ മെഡിക്കൽ സ്റ്റോറുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. 5 വയസിന് മുകളിൽ പ്രായമുള്ള കുട്ടികൾക്ക് ചുമയ്ക്കുള്ള സിറപ്പ് നൽകുന്നെങ്കിൽ നിരീക്ഷണം ശക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. കെ.എം.എസ്.സി.എൽ. വഴി കോൾഡ്രിഫ് സിറപ്പ് വിതരണം ചെയ്യുന്നില്ല.