ആകാശ നടപ്പാതയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും
കോട്ടയം: നിര്‍മ്മാണം നിലച്ചു കിടക്കുന്ന ആകാശ നടപ്പാത വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നടപടി ഉടന്‍ ആരംഭിക്കും. ആകാശ നടപ്പാത നിര്‍മ്മാണത്തിന്റെ തടസ്സങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഗതാഗത വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ സംസ്ഥാന തലത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ നിര്‍മ്മാണ നടപടികള്‍ ആരംഭിക്കുന്നതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ പി.കെ.സുധീര്‍ബാബു പറഞ്ഞു.
കോട്ടയം നഗരസഭയുടെയും സി.എസ്.ഐ ട്രസ്റ്റ് അസോസിയേഷന്റെയും ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുകിട്ടുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായാലുടന്‍ പണി ആരംഭിക്കും. നടപ്പാതയുടെ ഭാഗമായുള്ള ഗോവണിയും ലിഫ്റ്റും നിര്‍മ്മിക്കുന്നതിനായാണിത്. ഭൂമി വിട്ടു നല്‍കുന്നതിന് നഗരസഭ പ്രമേയം പാസാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. സി.എസ്.ഐ ട്രസ്റ്റ് അസോസിയേഷന്റെ സമ്മത പത്രം ലഭ്യമാക്കുന്നതിനും അടുത്ത ഘട്ടത്തിലേക്ക് വൈഎംസിഎയുടെ ഉടമസ്ഥതയിലുളള ഭൂമി വിട്ടുകിട്ടുന്നതിനുമുള്ള നീക്കം നടത്തിവരുകയാണ്.
നടപ്പാത നിര്‍മ്മാണത്തിന് 5.18 കോടി രൂപയുടെ പദ്ധതിയ്ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ചിരുന്നത്. കിറ്റ്‌കോയുടെ നേതൃത്വത്തില്‍ ആരംഭിച്ച നിര്‍മ്മാണത്തിന്റെ ഭാഗമായി മെറ്റല്‍ തൂണുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ പൂര്‍ത്തിയായിട്ടുണ്ട്. ജലവിതരണ പൈപ്പ് ലൈനുകള്‍, വൈദ്യുത പോസ്റ്റുകള്‍, ലൈനുകള്‍ എന്നിവ മാറ്റി സ്ഥാപിക്കുന്ന നടപടികളും നടത്തിയിട്ടുണ്ട്.










