56തീരദേശ സ്‌കൂളുകളുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി നിര്‍വഹിച്ചു

post

തിരുവനന്തപുരം : മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ ഭാവി വികസനം വിദ്യാഭ്യാസ രംഗത്തെ വളര്‍ച്ചയിലൂടെ മാത്രമേ സാധ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 56 തീരദേശ സ്‌കൂളുകള്‍ക്ക് പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിന്റെ ശിലാസ്ഥാപനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒമ്പത് തീരദേശ ജില്ലകളില്‍ നിന്ന് 56 തീരദേശ സ്‌കൂളുകളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഈ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ്. 64 കോടി രൂപയാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചിട്ടുള്ളത്. ഓരോ വിദ്യാലയത്തിലും വിദ്യാര്‍ത്ഥി അനുപാതത്തിന്റെ അടിസ്ഥാനത്തില്‍ ക്ലാസ് മുറികള്‍, ആധുനിക ലൈബ്രറി, മികച്ച ലാബുകള്‍, സ്റ്റാഫ് റൂം, ശുചിത്വ മുറി എന്നിവ നിര്‍മ്മിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

22,546 വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. മത്സ്യത്തൊഴിലാളി സമൂഹം വിദ്യാഭ്യാസരംഗത്ത് നേരിടുന്ന പിന്നോക്കാവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാന്‍ നിരവധി പരിപാടികള്‍ സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. മത്സ്യത്തൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനും മത്സരപരീക്ഷകള്‍ക്കായി അവരെ പ്രാപ്തരാക്കുന്നതിനും പ്രത്യേക പരിശീലന പരിപാടികള്‍ ഫിഷറീസ് വകുപ്പു നടപ്പിലാക്കിവരുന്നുണ്ട്. ഇതിന്റെ ഫലമായി 34 വിദ്യാര്‍ത്ഥികള്‍ക്ക് എം.ബി.ബി.എസ് അഡ്മിഷന്‍ ലഭിച്ചുവെന്നത് അഭിമാനകരമാണ്. മറ്റ് പ്രൊഫഷണല്‍ കോഴ്‌സുകളില്‍ 62 വിദ്യാര്‍ത്ഥികള്‍ക്കും പ്രവേശനം ലഭിച്ചു. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കാനുണ്ടായിരുന്ന വിദ്യാഭ്യാസ ആനുകൂല്യങ്ങളുടെ മുന്‍കാല കുടിശ്ശികയായ 18 കോടി രൂപ പൂര്‍ണമായും വിതരണം ചെയ്തു. കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ 104 കോടി രൂപ വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍ക്കായി ചെലവഴിക്കുകയും ചെയ്തു.

മത്സ്യത്തൊഴിലാളികള്‍ക്കുള്ള സമ്പൂര്‍ണ ഭവന പദ്ധതി എന്ന ലക്ഷ്യം എത്രയും വേഗം പൂര്‍ത്തികരിക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുതെന്നും മുഖ്യമന്ത്രി പറഞ്ഞു.സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രിമാരായ ജെ. മേഴ്‌സിക്കുട്ടിയമ്മ, ഡോ. തോമസ് ഐസക്, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, പ്രൊഫ. സി. രവീന്ദ്രനാഥ്, കെ.ടി. ജലീല്‍, ഫിഷറീസ് സെക്രട്ടറി ടിങ്കു ബിസ്വാള്‍, പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ബാബു.കെ തുടങ്ങിയവര്‍ വിവിധ സ്ഥലങ്ങളില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ സംബന്ധിച്ചു.