ഗർഭകാല-പ്രസവാനന്തര ശുശ്രൂഷ: സൂതികാമിത്രം പരിശീലന കോഴ്സ് ആരംഭിക്കുന്നു

post

വനിതകൾക്ക് ആയുർവേദത്തിൽ അധിഷ്ഠിതമായ ഗർഭകാല-പ്രസവാനന്തര ശുശ്രൂഷയിൽ ശാസ്ത്രീയ പരിശീലനം നൽകുന്നതിന് സൂതികാമിത്രം കോഴ്സ് ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന്റെ സാങ്കേതിക സഹകരണത്തോടെ നാഷണൽ ആയുഷ് മിഷനാണ് കോഴ്സ് നടത്തുന്നത്. അമ്മയേയും കുഞ്ഞിനേയും ശാസ്ത്രീയമായി പരിചരിക്കുന്നതിനും സേവനം സംസ്ഥാനത്ത് എല്ലായിടങ്ങളിലും ആവശ്യാനുസരണം ലഭ്യമാക്കുന്നതിനുമാണ് പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

മൂന്നു മാസത്തെ സർട്ടിഫിക്കറ്റ് കോഴ്സാണിത്. നാഷണൽ ആയുഷ് മിഷന്റെ മേൽനോട്ടത്തിൽ നാഷണൽ ഇൻസ്റ്റിറ്റിയുട്ട് ഓഫ് ട്രെയിനിംഗ് ഇൻ ആയുഷ് വഴിയാണ് പരിശീലനം നൽകുന്നത്. എസ്.എസ്.എൽ.സി. പാസായ 20 വയസിനും 50 വയസിനും ഇടയിൽ പ്രായമുള്ള വനിതകൾക്ക് കോഴ്സിൽ പങ്കെടുക്കാം. സംസ്ഥാന സഹകരണ വകുപ്പിന് കീഴിലുള്ള വനിതാ ഫെഡറേഷൻ പദ്ധതി നടപ്പിലാക്കുന്നതിന് നടപടി സ്വീകരിച്ച് വരുന്നു. സമാനമായി കുടുംബശ്രീ മുതലായ സർക്കാർ ഏജൻസികൾ വഴിയും പദ്ധതി നടപ്പിലാക്കും. താത്പര്യമുള്ള മറ്റ് ഏജൻസികൾക്കും പങ്കുചേരാം.

കോഴ്സ് പാസാകുന്നവരുടെ വിവരങ്ങൾ ഓൺലൈൻ പോർട്ടൽ വഴി പൊതുജനങ്ങൾക്ക് ലഭ്യമാക്കും. അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യ പരിചരണം പരമ്പരാഗത രീതിയിൽ ചെയ്യുന്നതോടൊപ്പം വനിതകൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും പദ്ധതി ലക്ഷ്യമിടുന്നു.

പത്താമത് ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി പദ്ധതിയുടെ ഉദ്ഘാടനം സെപ്റ്റംബർ 23ന് വൈകുന്നേരം 4 മണിക്ക് തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും.