ഭിന്നശേഷിക്കാരുടെ പാസ്/സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് നിയമസാധുത

post

തിരുവനന്തപുരം : കോവിഡുമായി ബന്ധപ്പെട്ട ലോക് ഡൗണ്‍ നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതുവരെയോ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തുടര്‍ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെയോ ഭിന്നശേഷിക്കാരുടെ നിലവിലുളള/കൈവശമുളള പാസ്/സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് നിയമ സാധുത ഉണ്ടായിരിക്കുമെന്നും ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട എല്ലാവിധ ആനുകൂല്യങ്ങള്‍ക്കും ഇത് ആധികാരികമായി ഉപയോഗിക്കാമെന്നും ഭിന്നശേഷിക്കാര്‍ക്കായുളള സംസ്ഥാന കമ്മീഷണര്‍ ഉത്തരവായി.

ലോക് ഡൗണ്‍ കാലയളവില്‍ ഭിന്നശേഷിക്കാരുമായി ബന്ധപ്പെട്ട കെ.എസ്.ആര്‍.ടി.സി യാത്രാ പാസ്സുകള്‍, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിലെ രജിസ്ട്രേഷന്‍, വിവിധ ക്ഷേമനിധി ബോര്‍ഡുകളിലെ അംഗത്വം പുതുക്കല്‍, ഡിസെബിലിറ്റി സര്‍ട്ടിഫിക്കറ്റ് പുതുക്കല്‍, ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കല്‍ തുടങ്ങിയവയും ബന്ധപ്പെട്ട മറ്റ് സര്‍ട്ടിക്കറ്റുകളും പുതുക്കാന്‍ കഴിയാത്ത അവസ്ഥയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഭിന്നശേഷിക്കാര്‍ക്കായുളള സംസ്ഥാന കമ്മീഷണറുടെ ശ്രദ്ധയിപ്പെട്ട സഹചര്യത്തിലാണ് നടപടി.