കെയര്‍ ഹോം പദ്ധതിയില്‍ രണ്ടായിരം വീടുകള്‍

post

താക്കോല്‍ദാനം ഇന്ന് 

തിരുവനന്തപുരം : പ്രളയ ദുരിത ബാധിതര്‍ക്ക് കൈത്താങ്ങായി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയര്‍ ഹോം പദ്ധതിയില്‍ രണ്ടായിരം വീടുകള്‍ പൂര്‍ത്തിയായി. രണ്ടായിരാമത്തെ വീടിന്റെ താക്കോല്‍ ദാനം ഇന്ന് (ജൂലൈ 4) രാവിലെ 11ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിക്കും. തിരുവനന്തപുരം കുമാരപുരം പടിഞ്ഞാറ്റില്‍ ലെയിനില്‍ സിദ്ധാര്‍ത്ഥനാണ് വീട് നല്‍കുന്നത്.

പ്രളയ ബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശാനുസരണം സഹകരണ സംഘങ്ങളെ കൂട്ടിയിണക്കി സഹകരണ വകുപ്പ് ആവിഷ്‌കരിച്ചതാണ് കെയര്‍ ഹോം പദ്ധതി. ആകെ 2092 വീടുകളാണ് ഈ പദ്ധതിയിലൂടെ സഹകരണ വകുപ്പ് നിര്‍മിച്ച് കൈമാറുന്നത്. ഇതില്‍ 1999 വീടുകളുടെ നിര്‍മാണം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് നല്‍കി. അന്താരാഷ്ട്ര സഹകരണ ദിനം കൂടിയായ നാലിന് ഒരു വീട് കൂടി കൈമാറുന്നതോടെ 2000 വീടുകള്‍ എന്ന ലക്ഷ്യം നിറവേറുകയാണെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

വീടിന്റെ വിസ്തൃതി 500 ചതുരശ്ര അടിയില്‍ കുറയരുതെന്നാണ് നിര്‍ദ്ദേശം നല്‍കിയതെങ്കിലും ഇതിലും കൂടുതല്‍ വിസ്തീര്‍ണ്ണമുള്ള വീടുകളാണ് ഒരുങ്ങിയത്. അഞ്ച് ലക്ഷം രൂപ വീതം ഓരോ വീടിനും ചെലവഴിക്കാനാണ് തീരുമാനിച്ചതെങ്കിലും 6-7 ലക്ഷം രൂപ വരെ ചെലവഴിച്ചാണ് പല വീടുകളും നിര്‍മ്മിച്ചതെന്ന് മന്ത്രി അറിയിച്ചു. 10 ലക്ഷം രൂപ വരെ ചെലവഴിച്ച വീടുകളുമുണ്ട്.

പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപകല്‍പന. വീടിന്റെ ഉറപ്പ്, പരിസ്ഥിതിയുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള അനുയോജ്യത എന്നിവ ഉറപ്പാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍, കിണര്‍/കുടിവെള്ളം, വൈദ്യുതി, മാലിന്യ നിര്‍മ്മാര്‍ജ്ജന സൗകര്യങ്ങള്‍, വൃത്തിയുള്ള പരിസരം, ഒരു കൊച്ചു പൂന്തോട്ടമോ അടുക്കളത്തോട്ടമോ തുടങ്ങിയവയും വീടിനൊപ്പം ഒരുക്കി നല്‍കുന്നു.

പ്രളയദുരന്തത്തില്‍ പൂര്‍ണമായി വീട് നഷ്ടപ്പെട്ട 1500 കുടുംബങ്ങള്‍ക്ക് പുതിയ വീട് വച്ച് നല്‍കുകയാണ് 'കെയര്‍ ഹോം' പദ്ധതിയിലൂടെ സഹകരണ വകുപ്പ് ലക്ഷ്യമിട്ടത്. എന്നാല്‍ പദ്ധതി പ്രഖ്യാപിച്ചു ഒരു വര്‍ഷത്തിനുള്ളില്‍ 1700ല്‍ അധികം വീടുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ച് ഗുണഭോക്താക്കള്‍ക്ക് കൈമാറാനായി.

കെയര്‍ഹോം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിന് സഹകരണ സംഘങ്ങളുടേയും വകുപ്പ് ജീവനക്കാരുടേയും സഹകാരികളുടേയും പൊതു സമൂഹത്തിന്റേയും നല്ല സഹകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. സഹകരണ വകുപ്പ് നടത്തിയിട്ടുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും വലുതും ശ്രദ്ധേയവുമായ പദ്ധതിയാണിത്. സമയ ബന്ധിതമായി ഈ പദ്ധതി പൂര്‍ത്തിയാക്കുക വഴി നവകേരള നിര്‍മ്മിതിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്‍നിരയിലെത്താന്‍ സഹകരണ മേഖലയ്ക്കു കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും കൂടുതല്‍ വീടുകള്‍ നിര്‍മ്മിച്ചുനല്‍കിയത് തൃശൂര്‍ ജില്ലയിലാണ് - 497 വീടുകള്‍. എറണാകുളം 362, ഇടുക്കി 212, പാലക്കാട് 206, ആലപ്പുഴ 180, പത്തനംതിട്ട 114, മലപ്പുറം 90, വയനാട് 84, കോട്ടയം 83, തിരുവനന്തപുരം 59, കോഴിക്കോട് 44, കൊല്ലം 42, കണ്ണൂര്‍ 20, കാസര്‍കോട് ഏഴ് എന്നിങ്ങനെയാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയത്.