തെളിനീരുറവയായി ജലനിധി: ഗുണകരമായത് 18.66 ലക്ഷം ഗുണഭോക്താക്കള്‍ക്ക്

post

തിരുവനന്തപുരം : ഗ്രാമീണ മേഖലയില്‍ ജനപങ്കാളിത്തത്തോടെ കുടിവെള്ള വിതരണം ലക്ഷ്യമിട്ട ജലനിധി പദ്ധതി പൂര്‍ണതയിലെത്തിയതോടെ സംസ്ഥാനത്ത് പ്രയോജനം ലഭിച്ചത് 18.66 ലക്ഷം ഗുണഭോക്താക്കള്‍ക്ക്. ലോകബാങ്ക് സഹായത്തോടെ നടപ്പാക്കിയ ഈ പദ്ധതിയുടെ ലക്ഷ്യം 15 ലക്ഷം പേര്‍ക്ക് കുടിവെള്ള  ശുചിത്വ സൗകര്യങ്ങള്‍ ലഭ്യമാക്കുകയായിരുന്നു. അധികമായി 3.66 ലക്ഷംപേര്‍ക്കുകൂടി ഈ സൗകര്യം ലഭ്യമാക്കാന്‍ ജലനിധിക്കു കഴിഞ്ഞു. പദ്ധതിയുടെ ആകെ ചെലവ് 1360.24 കോടി രൂപയാണ്. ഇതിന്റെ 65 ശതമാനമായ 884.31 കോടി രൂപ ലോകബാങ്കില്‍നിന്നും ധനസഹായമായി ലഭിച്ചു.

കുടിവെള്ള പദ്ധതികളിലായി 10.56 ലക്ഷം പേര്‍ക്കും ശുചിത്വ പദ്ധതികളിലായി 8.10 ലക്ഷം പേര്‍ക്കും രണ്ട് ഘട്ടങ്ങളിലായി നടത്തിയ പദ്ധതിയുടെ പ്രയോജനം ലഭിച്ചു. ഒന്നാംഘട്ടത്തിന്റെ പ്രവര്‍ത്തന ചെലവായി വിഭാവനം ചെയ്തിരുന്നത് 451.4 കോടി രൂപയായിരുന്നു. സാമ്പത്തിക അച്ചടക്കം പാലിച്ച് മുന്നോട്ട് പോയതിനാല്‍ പ്രവര്‍ത്തന ചെലവ് 411 കോടി രൂപയായി കുറയ്ക്കാന്‍ സാധിച്ചുവെന്നതും വകുപ്പിന്റെ നേട്ടമാണ്. രണ്ടാംഘട്ട പദ്ധതിയില്‍ 11.5 ലക്ഷം പേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. 2018, 2019 വര്‍ഷങ്ങളിലെ പ്രളയം പ്രതികൂലമായി ബാധിച്ചിട്ടും 11.60 ലക്ഷം പേര്‍ക്ക് കുടിവെള്ളം ലഭ്യമാക്കാനായി. ജലനിധി രണ്ടാംഘട്ട വായ്പയുടെ തിരിച്ചടവ് 2017 ജൂണ്‍ 15 മുതല്‍ ആരംഭിച്ചിട്ടുണ്ട്. 2036 ജൂണ്‍ 15 വരെയാണ് തിരിച്ചടവ് കാലാവധി. അതുകൊണ്ട് പദ്ധതി പൂര്‍ത്തീകരണം വൈകുന്നത് വായ്പ തിരിച്ചടവിനെ പ്രതികൂലമായി ബാധിക്കില്ല.  

പദ്ധതിയുടെ കാലാവധി 2019 ജൂണില്‍ അവസാനിച്ചെങ്കിലും കണക്കുകള്‍ തീര്‍പ്പാക്കുന്നതിന് അതേവര്‍ഷം ഡിസംബര്‍ 27 വരെ സമയം അനുവദിച്ചിരുന്നു. കണക്കുകള്‍ ഓഡിറ്റ് ചെയ്തശേഷം ജനകീയ സമിതികള്‍ക്കും ഗ്രാമപഞ്ചായത്തുകള്‍ക്കും കൈമാറുന്ന പ്രക്രിയ പൂര്‍ത്തിയായിവരുന്നു. കോവിഡ് പ്രതിരോധ ചട്ടങ്ങള്‍ പാലിക്കേണ്ടതുള്ളതിനാല്‍ ഈ നടപടികള്‍ക്ക് കാലതാമസം നേരിടുന്നുണ്ട്. അതു പൂര്‍ത്തിയാകുന്നതുവരെ പദ്ധതി കാലാവധി നീട്ടണമെന്ന ആവശ്യം സര്‍ക്കാരിന്റെ പരിഗണനയിലാണ്. ധനവകുപ്പ് ആവശ്യപ്പെട്ട വിശാദംശങ്ങള്‍ നല്‍കുന്ന മുറയ്ക്ക് കാലാവധിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടാകും.

പൊതുജന പങ്കാളിത്തത്തോടെയുള്ള കുടിവെള്ള പദ്ധതികളുടെ സുസ്ഥിരത ഉറപ്പാക്കല്‍ (30 കോടി രൂപ), മഴവെള്ള സംഭരണത്തിന്റെ പ്രചാരണവും ഭൂജല പരിപോഷണവും (10 കോടി രൂപ) എന്നീ പദ്ധതികളും നടപ്പ് സാമ്പത്തിക വര്‍ഷം ജലനിധി ഏറ്റെടുത്ത് നടപ്പാക്കിവരുന്നുണ്ട്. തുടര്‍ച്ചയായ പ്രളയങ്ങള്‍ പ്രതികൂലമായി ബാധിച്ച കുടിവെള്ള പദ്ധതികളുടെ പുനരുദ്ധാരണവും അതിവേഗം പരിഹരിച്ചുവരുകയാണ്. പദ്ധതി നടത്തിപ്പിന് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍തന്നെയാണ് ജലനിധി വിടുതല്‍ നടപടികളും പൂര്‍ത്തിയാക്കുന്നത്. അതുകൊണ്ടുതന്നെ ഇക്കാര്യത്തിലെ അധികചെലവ് ഒഴിവാക്കാനായി.

കുടിവെള്ള പദ്ധതിയുടെ ഗുണഭോക്താക്കള്‍തന്നെയാണ് തുടര്‍ നടത്തിപ്പും പരിപാലനവും നിര്‍വഹിക്കുന്നത്. കുടിവെള്ളത്തിന്റെ വില നിശ്ചയിക്കുന്നതും ഗുണഭോക്തൃ സമിതികളാണ്. ഇത് സര്‍ക്കാരിന്റെ ആവര്‍ത്തന ചെലവ് കുറയ്ക്കും. മറ്റ് കുടിവെള്ള പദ്ധതികളുമായി താരതമ്യം ചെയ്താല്‍ ആവര്‍ത്തന ചെലവില്‍ മാത്രം പ്രതിവര്‍ഷം 54 കോടിയോളം രൂപയുടെ കുറവ് കണ്ടെത്താന്‍ ജലനിധിക്ക് കഴിയുന്നുണ്ട്. ജലവിഭവ വകുപ്പിലെ വിവിധ വിഭാഗങ്ങളുടെ നയരൂപീകരണം, പദ്ധതി രൂപീകരണം, നിര്‍വഹണം എന്നിവയ്ക്കാവശ്യമായ ഉപദേശം നല്‍കുന്ന ഉപദേഷ്ടാവിന്റെ നിര്‍ദേശങ്ങള്‍ പരിഗണിച്ചാണ് ജലനിധിയും പ്രവര്‍ത്തിക്കുന്നത്.

കുടിവെള്ള വിതരണ ആസ്തികള്‍ ശരിയായ രീതിയില്‍ പരിപാലിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ജലനിധി പദ്ധതി തുടരണമെന്ന് 2009 ലെ ആസൂത്രണ ബോര്‍ഡിന്റെ അവലോകന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിലവില്‍ കുടിവെള്ള ലഭ്യത കുറവായ പഞ്ചായത്തുകളില്‍ ആവശ്യമായ ധനലഭ്യതയോടെ പദ്ധതി തുടരണമെന്നാണ് നിര്‍ദ്ദേശം. ഗ്രാമീണ മേഖലയില്‍ കുടിവെള്ള, ശുചിത്വ പദ്ധതികള്‍ നടപ്പാക്കുക മാത്രം ലക്ഷ്യമിട്ടാണ് കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സി (ജലനിധി) രൂപീകരിച്ചത്. അതുകൊണ്ടുതന്നെ ഇതേലക്ഷ്യം മുന്നോട്ടുവച്ച് നടപ്പാക്കുന്ന ജല്‍ജീവന്‍ മിഷന്‍ പദ്ധതിയുടെ നടത്തിപ്പിലും ജലനിധിക്ക് നിര്‍ണായക പങ്കാണുള്ളതെന്ന് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ പറഞ്ഞു.