വനമഹോത്സവത്തിന് സംസ്ഥാനത്ത് തുടക്കമായി

post

തൃശൂര്‍ : എഴുപതാമത് വനമഹോത്സത്തിന് സംസ്ഥാനത്ത് തുടക്കമായി. ഇനി വൃക്ഷവത്കരണത്തിന്റെയും പരിസ്ഥിതിപുനസ്ഥാപനത്തിന്റെയും ഒരാഴ്ചക്കാലം. തൃശ്ശൂര്‍ പൂത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ വൃക്ഷത്തൈ നട്ട് വൃക്ഷവല്‍ക്കരണ പരിപാടികള്‍ക്ക് വനംമന്ത്രി അഡ്വ: കെ. രാജു തുടക്കം കുറിച്ചതോടെയാണ് സംസ്ഥാനത്ത് വനമഹോത്സവത്തിന് തുടക്കമായത്. തൃശ്ശൂര്‍ പുത്തൂരിലെ 388 ഏക്കര്‍ സ്ഥലത്ത് 360 കോടി രൂപ ചെലവില്‍ വിവിധ ജീവികളുടെ സ്വാഭാവിക ആവാസവ്യവസ്ഥയ്ക്ക് അനുസരിച്ച് രൂപകല്‍പന ചെയ്തിട്ടുള്ള സുവോളജിക്കല്‍ പാര്‍ക്കിനെ 10 മേഖലകളായി തിരിച്ച് വിവിധ തരത്തിലുള്ള 10 ലക്ഷത്തോളം വ്യക്ഷത്തൈകള്‍ വച്ചു പിടിപ്പിക്കുന്ന പ്രവൃത്തികള്‍ക്കാണ് മന്ത്രി തുടക്കം കുറിച്ചത്. വനമഹോത്സവ വാരത്തില്‍ 10000 വനവൃക്ഷങ്ങളും പനകളും, മുളകളുമാണ് ഇവിടെ വച്ചു പിടിപ്പിക്കുന്നത്. ഡിസംബര്‍ അവസാനത്തോടെ തൃശ്ശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റുമെന്ന് മന്ത്രി അറിയിച്ചു. മൃഗങ്ങള്‍ക്കായി തയ്യാറാക്കുന്ന വാസഗേഹങ്ങളില്‍ പണിപൂര്‍ത്തിയായ ഒന്‍പതെണ്ണം മന്ത്രിയും സംഘവും സന്ദര്‍ശിച്ചു. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനുതകുന്ന ഉല്‍പങ്ങള്‍ ലഭ്യമാകുന്ന വൃക്ഷലതാദികള്‍ വീടുകളില്‍ വച്ചുപിടിപ്പിക്കാന്‍ പൊതുജനങ്ങള്‍ക്ക് പ്രേരണയാകുന്ന തരത്തില്‍ പുത്തൂരില്‍ ഒരുക്കുന്ന അതിജീവന വനവും തൈ നട്ട് മന്ത്രി ഉദാഘാടനം ചെയ്തു.

നഗരവനംപദ്ധതിയുടെയും പരിസ്ഥിതി പുനരുദ്ധാരണ പദ്ധതികളുടെയും സംസ്ഥാനതല ഉദ്ഘാടനവും തൃശ്ശൂരില്‍ മന്ത്രി നിര്‍വ്വഹിച്ചു. വനങ്ങളുടെ ചെറുമാതൃകകള്‍ നഗരങ്ങളില്‍ പുനസൃഷ്ടിക്കുതാണ് നഗരവനം പദ്ധതി. കുറഞ്ഞത് അഞ്ച് സെന്റ് സ്ഥലം ലഭ്യമായാല്‍ നഗരമമധ്യത്തില്‍ പോലും വനത്തിന്റെ എല്ലാ സവിശേഷതകളോടെയും കൂടിയ നഗരവനങ്ങള്‍ ഒരുക്കാനാകും. നഗരങ്ങളിലെ അന്തരീക്ഷ മലിനീകരണപ്രശ്‌നങ്ങള്‍ക്കു പരിഹാരമാകുന്ന പദ്ധതി ചെറുജീവികളുടെ വലിയ ഒരു ആവാസ വ്യവസ്ഥയായി വര്‍ത്തിക്കുകയും ചെയ്യും. ഓട്ടുപാറയിലെ 5.78 സെന്റ് സ്ഥലത്ത് സിവകള്‍ച്ചര്‍ യൂണിറ്റ് സ്ഥാപിച്ച നഗരവനം ഉദ്ഘാടനം ചെയ്തതോടെ സംസ്ഥാനത്തൊട്ടാകെ നഗരവനവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി . ഇതിനോടനുബന്ധിച്ച് പത്തനാപുരം റേഞ്ച് ഓഫീസ് കോമ്പൗണ്ടിലും , നിലമ്പൂര്‍ ഡി എഫ് ഒ ഓഫീസിലും മൂവാറ്റുപുഴ നഗരത്തിലും നഗരവനങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. കാട്ടൂതീയില്‍ കത്തി നശിച്ച പൂങ്ങോട് തോട്ടത്തിലെ 475 ഹെക്ടറില്‍ പുതുതായി തദ്ദേശീയ തൈകള്‍ വച്ചുപിടിപ്പിക്കുന്ന പദ്ധതിയിലൂടെ പരിക്ഷീണ വനങ്ങളുടെ പുനരുദ്ധാരണ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി നിര്‍വ്വഹിച്ചു. ഈ വര്‍ഷം ഈ തോട്ടക്കിലെ 10 ഹെക്ടര്‍ ഭൂമിയില്‍ തദ്ദേശീയ തൈകള്‍ വച്ചുപിടിപ്പിക്കാനാണ് തീരുമാനം . പള്‍പ്പ് തോട്ടങ്ങള്‍, ഉല്‍പാദന ക്ഷമത കുറഞ്ഞ തേക്ക് തോട്ടങ്ങള്‍, പരിക്ഷീണ വനങ്ങള്‍ എന്നിവയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കും ഇതോടെ തുടക്കമാവും. സംസ്ഥാനത്ത് ഇത്തരത്തിലുള്ള 238.6 ഹെക്ടര്‍ സ്ഥലത്ത് അക്കേഷ്യ, യൂക്കാലിപ്റ്റസ് തുടങ്ങിയ വൈദേശിക, അധിനിവേശ ഇനങ്ങളെ ഒഴിവാക്കി വനവല്‍ക്കരണം നടക്കും.

വിവിധ ചടങ്ങുകളിലായി ഗവ ചീഫ് വിപ്പ് കെ രാജന്‍ എം എല്‍ എ, രമ്യ ഹരിദാസ് എം പി , എം എല്‍ എമാരായ അനില്‍ അക്കര, യു ആര്‍ പ്രദീപ്, വനംവകുപ്പ് അഡി: ചീഫ് സെക്രട്ടറി ഡോ ആശാ തോമസ് , മുഖ്യവനംമേധാവി പി കെ കേശവന്‍, ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.