ജീവനേകാം ജീവനാകാം: ഐസക് ജോർജിന്റെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും

6 പേർക്ക് തണലായി ഐസക് ജോർജ്
വാഹനാപകടത്തെ തുടർന്ന് മസ്തിഷ്‌ക മരണം സംഭവിച്ച ഐസക് ജോർജിന്റെ ഹൃദയം ഇനി മറ്റൊരാളിൽ മിടിക്കും. എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28 കാരനിലാണ് ഹൃദയം മിടിക്കുക. കൊല്ലം കൊട്ടാരക്കര ബഥേൽ ചരുവിള വടവോട് സ്വദേശി ഐസക് ജോർജിന്റെ (33) ഹൃദയം ഉൾപ്പടെയുള്ള 6 അവയങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്, 2 നേത്രപടലങ്ങൾ തിരുവനന്തപുരം സർക്കാർ റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജി, മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രി എന്നിവിടങ്ങളിലെ രോഗികൾക്കാണ് നൽകിയത്.
തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാൻ സന്നദ്ധരായ ബന്ധുക്കളെ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് നന്ദി അറിയിച്ചു. അതോടൊപ്പം ഐസക് ജോർജിന് ആദരാഞ്ജലികൾ അർപ്പിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുകയും ചെയ്യുന്നു. അവയവ വിന്യാസം വേഗത്തിലാക്കിയ കേരള സ്റ്റേറ്റ് ഓർഗൻ ആൻഡ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ (കെ സോട്ടോ), പോലീസ് സേന, ജില്ലാ ഭരണകൂടങ്ങൾ, ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാർ, ആംബുലൻസ് ജീവനക്കാർ, പൊതുജനങ്ങൾ തുടങ്ങിയ എല്ലാവർക്കും മന്ത്രി നന്ദി അറിയിച്ചു.
മന്ത്രി വീണാ ജോർജിന്റെ നിർദേശ പ്രകാരം അവയവങ്ങൾ എത്രയും പെട്ടെന്ന് അതാത് ആശുപത്രികളിൽ എത്തിക്കാൻ കെ-സോട്ടോ നടപടി സ്വീകരിച്ചു. എറണാകുളത്ത് എത്രയും പെട്ടെന്ന് ഹൃദയം എത്തിക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ആഭ്യന്തര വകുപ്പിന്റെ ഹെലികോപ്റ്റർ ആണ് ഉപയോഗിച്ചത്. റോഡ് മാർഗമുള്ള ഗതാഗതവും പോലീസ് ക്രമീകരിച്ചിരുന്നു. കെ സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്.
കൊട്ടാരക്കര കിഴക്കേത്തെരുവ് പള്ളിമുക്കിൽ വെച്ച് സെപ്റ്റംബർ ആറിന് രാത്രി 8 മണിയോടെ ഐസക് നടത്തുന്ന പള്ളിമുക്കിലെ റസ്റ്റോറന്റിന് മുൻവശത്ത് റോഡ് മുറിച്ച് കടക്കവേ ബൈക്ക് ഇടിച്ച് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ ഐസകിനെ ഉടൻ തന്നെ അടുത്തുള്ള കൊട്ടാരക്കര ആശുപത്രിയിൽ എത്തിക്കുകയും തുടർ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. സെപ്റ്റംബർ 10ന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടർന്ന് കുടുംബാംഗങ്ങൾ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു.
ഭാര്യ നാൻസി മറിയം സാം, രണ്ട് വയസ്സുള്ള മകൾ അമീലിയ നാൻസി ഐസക്, സി.വൈ. ജോർജ് കുട്ടി (ലേറ്റ്), മറിയാമ്മ ജോർജ് എന്നിവരാണ് ഐസക്കിന്റെ കുടുംബാംഗങ്ങൾ. സംസ്‌കാര ചടങ്ങുകൾ സെപ്റ്റംബർ 13ന് ശനിയാഴ്ച ബഥേൽ ചരുവിള വീട്ടിൽ വച്ച് നടക്കും.