കിഫ്ബി വികസനമുന്നേറ്റത്തിന്റെ ചാലകശക്തി : മുഖ്യമന്ത്രി

post

തിരുവനന്തപുരം: ചരിത്രത്തില്‍ ഇന്നുവരെ കാണാത്ത നാടിന്റെ വികസനമുന്നേറ്റത്തിന്റെ ചാലകശക്തിയാണ് കിഫ്ബിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കിഫ്ബി അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ സംസ്ഥാനതല പ്രദര്‍ശനമായ 'കേരള നിര്‍മിതി'യുടെ ഉദ്ഘാടനം തൈക്കാട് പോലീസ് മൈതാനിയില്‍ ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തിന് തന്നെ അനുകരിക്കാവുന്ന മാതൃകയാണ് നമ്മുടെ നാട് മുന്നോട്ടുവെച്ചിരിക്കുന്നത്. അഞ്ചുകൊല്ലംകൊണ്ട് 50,000 കോടിയുടെ പദ്ധതികള്‍ നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കിഫ്ബിയിലൂടെ ഇതിനകം 45,619 കോടി രൂപയുടെ 591 പദ്ധതികള്‍ക്ക് അനുമതി നല്‍കിക്കഴിഞ്ഞു.

കിഫ്ബി തികച്ചും സുതാര്യമാണ്. കക്ഷിരാഷ്ട്രീയ, ഭരണപ്രതിപക്ഷ വ്യത്യാസമില്ലാതെ വികസനങ്ങള്‍ക്ക് ധനലഭ്യത ഉറപ്പാക്കുന്നതോടൊപ്പം ഗുണനിലവാരം ഉറപ്പാക്കാനുള്ള കര്‍ശനമായ നടപടികളും കിഫ്ബി നടപ്പാക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല, കാരണം ഇത് നാടിന്റെ വികസനത്തിനുള്ള പ്രവര്‍ത്തനമായതിനാല്‍ അതില്‍ ന്യൂനത ഉണ്ടാകാന്‍ പാടില്ല.

ഒട്ടേറെ സ്വപ്നപദ്ധതികളാണ് കിഫ്ബിയിലൂടെ യാഥാര്‍ഥ്യമാകുന്നത്. എറണാകുളം അമ്പലമുകള്‍ പെട്രോ കെമിക്കല്‍ പാര്‍ക്കിനുവേണ്ടി ഭൂമി ഏറ്റെടുക്കല്‍ യാഥാര്‍ഥ്യമായിട്ടുണ്ട്. ഇതിനായി സര്‍ക്കാരിന് വേണ്ടി കിന്‍ഫ്രയ്ക്ക് 1000 കോടിരൂപ കൈമാറിയത് കിഫ്ബിയാണ്. ഏറ്റവും വലിയ ഭൂമി ഏറ്റെടുക്കല്‍ പദ്ധതിക്കുള്ള തുകയാണിത്. പെട്രോ കെമിക്കല്‍ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണ സൗകര്യങ്ങള്‍ ഒരുക്കുന്ന രാജ്യാന്തര നിലവാരമുള്ള വ്യവസായ പാര്‍ക്കാണ് അമ്പലമുകളില്‍ വികസിപ്പിക്കുന്നത്. പുതുതലമുറയ്ക്കുള്ള സമ്മാനമാണിത്. 10,000 യുവാക്കള്‍ക്ക് നേരിട്ട് ഇതിലൂടെ തൊഴിലവസരം ലഭിക്കും. നേരിട്ടല്ലാതെ 5000 ത്തില്‍ അധികം തൊഴിലവസരം വേറെയും.

ദേശീയവികസനത്തിന് ഇനി ഏറ്റെടുക്കാനുള്ള ഭൂമിയുടെ സംസ്ഥാനവിഹിതത്തിന്റെ ആദ്യഗഡുവും കിഫ്ബി കൈമാറിയിട്ടുണ്ട്. 5374 കോടി നല്‍കാനുള്ളതില്‍ 349.70 കോടിയാണ് കൈമാറിക്കഴിഞ്ഞത്. താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് മാറ്റാനുള്ള പുതിയ പാത കിഫ്ബി മുഖേന യാഥാര്‍ഥ്യമാക്കാന്‍ കൊങ്കണ്‍ റെയില്‍വേയുമായി ചേര്‍ന്ന് വിശദ പദ്ധതി തയാറാക്കുന്നുണ്ട്. വിദ്യാഭ്യാസരംഗത്തും ആരോഗ്യമേഖലയ്ക്കും വലിയതോതിലുള്ള ഉണര്‍വേകാന്‍ കിഫ്ബിയിലൂടെ കഴിഞ്ഞു. 45,000 ഹൈടെക് ക്ലാസ് മുറികള്‍, ഹൈടെക് ലാബുകള്‍ യാഥാര്‍ഥ്യമായത് നാടിന്റെ മുഖച്ഛായ മാറ്റി.

ആരോഗ്യമേഖലയില്‍ വലിയമാറ്റമുണ്ടായത് നാടാകെ അംഗീകരിച്ചു. അതിനുള്ള ധനവും കിഫ്ബിയിലൂടെ കണ്ടെത്തിയതാണ്. 50 ഡയാലിസിസ് യൂണിറ്റുകള്‍, 10 കാത്ത് ലാബുകള്‍, നിരവധി ആശുപത്രി നിര്‍മാണവും നവീകരണവും ഇതെല്ലാം നാടിനു സ്വന്തമായതായും മുഖ്യമന്ത്രി പറഞ്ഞു. രണ്ടു പതിറ്റാണ്ടുശേഷം തീരുന്ന പദ്ധതികള്‍ ഇന്ന് സാധ്യമാകുന്നു എന്നതാണ് കിഫ്ബിയുടെ പ്രത്യേകതയെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ധനമന്ത്രി ഡോ: തോമസ് ഐസക് പറഞ്ഞു. കഴിഞ്ഞ മൂന്നു സര്‍ക്കാരുകള്‍ റോഡ്, പാലം, കെട്ടിടം തുടങ്ങിയ നിര്‍മാണങ്ങള്‍ക്ക് ആകെ 40,000 കോടി ചെലവഴിച്ച സ്ഥാനത്താണ് കിഫ്ബിയിലൂടെ 50,000 കോടി രൂപ ചെലലവാക്കുന്നത്. ഇന്നത്തെ രാജ്യത്തിന്റെ സാമ്പത്തിക സാഹചര്യത്തില്‍ ഏറ്റവും വലിയ ഉത്തേജക പാക്കേജാണ് കിഫ്ബിയെന്നും അദ്ദേഹം പറഞ്ഞു.

ജനജീവിതത്തിന്റെ സമസ്തമേഖലകളിലും തൊട്ടറിയാന്‍ സാധിക്കുന്ന തരത്തില്‍ ജീവിതനിലവാരം മെച്ചപ്പെടുത്താനുള്ള വികസനകാഴ്ചപ്പാടാണ്് കിഫ്ബി വഴി മുന്നോട്ടുവെച്ചിരിക്കുന്നതെന്ന് ചടങ്ങില്‍ തിരുവനന്തപുരം ജില്ലാ പദ്ധതികളുടെ പ്രദര്‍ശന ഉദ്ഘാടനം നിര്‍വഹിച്ച സഹകരണടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. തലസ്ഥാന ജില്ലയില്‍ മാത്രം 71 പദ്ധതികളിലുമായി 3316.57 കോടി രൂപയാണ് കിഫ്ബിയിലൂടെ  ചെലവഴിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ മേയര്‍ കെ. ശ്രീകുമാര്‍, എം.എല്‍.എമാരായ വി.എസ്. ശിവകുമാര്‍, സി. ദിവാകരന്‍, കെ. ആന്‍സലന്‍, സി.കെ. ഹരീന്ദ്രന്‍, ബി. സത്യന്‍, ഡി.കെ. മുരളി, കിഫ്ബി സി.ഇ.ഒ ഡോ: കെ.എം. എബ്രഹാം തുടങ്ങിയവര്‍ സംബന്ധിച്ചു.

കിഫ്ബി വഴി സംസ്ഥാനമാകെ യാഥാര്‍ഥ്യമാകുന്ന പ്രധാന പദ്ധതികളുടെ പ്രദര്‍ശനവും വിശദാംശങ്ങളുമാണ് ഒരുക്കിയിരിക്കുന്നത്. മൂന്നു ദിവസത്തെ പ്രദര്‍ശനത്തില്‍ പദ്ധതികളുടെ പ്രദര്‍ശനം, സാങ്കേതിക വിഷയങ്ങളിലെ പ്രഭാഷണവും ചര്‍ച്ചയും, സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നോത്തരി, നിയമസഭാ മണ്ഡലം തിരിച്ചുള്ള കിഫ്ബി പദ്ധതികളുടെ അവലോകനം തുടങ്ങിയവ സംഘടിപ്പിച്ചിട്ടുണ്ട്. 22ന് പ്രദര്‍ശനം സമാപിക്കും.