യുവജനങ്ങള്‍ക്കായി യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി

post

തിരുവനന്തപുരം : യുവസമൂഹത്തിന് ദിശാബോധം നല്‍കാനും അവരെ ഭാവി നേതാക്കന്‍മാരായി വളര്‍ത്തിയെടുക്കുന്നതിനും ലക്ഷ്യം വെച്ച് യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമി സ്ഥാപിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

2018ലെ മഹാപ്രളയവും 2019ലെ കാലവര്‍ഷക്കെടുതികളും നേരിടുന്നതില്‍ നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യുവജന സമൂഹം അഭിമാനകരമായ പങ്കാണ് വഹിച്ചത്. ഇവരുടെ ത്യാഗമനോഭാവവും മനുഷ്യസ്‌നേഹവും വിവിധ രംഗങ്ങളിലുള്ള വൈദഗ്ധ്യവും ഏറെ പ്രശംസിക്കപ്പെട്ടതാണ്.

ഈ അനുഭവത്തിന്റെ അടിസ്ഥാനത്തിലാണ് 3,43,000 പേരുള്ള സാമൂഹിക സന്നദ്ധ സേന രൂപീകരിച്ചത്. ഈ വര്‍ഷം ജനുവരി ഒന്നിനാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. ഇതിന് യുവജനങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണുണ്ടായത്. ഇതിനകം തന്നെ 3,47,000 പേര്‍ വളണ്ടിയര്‍മാരായി രജിസ്റ്റര്‍ ചെയ്തു. ഇവരില്‍ വലിയ പങ്ക് 18നും 35നും ഇടയ്ക്ക് പ്രായമുള്ളവരാണ്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് വരുന്ന ചെറുപ്പക്കാര്‍ക്ക് ഭരണരംഗത്തും നിയമകാര്യങ്ങളിലും പരിശീലനം നല്‍കുക, വിദ്യാര്‍ത്ഥികള്‍ക്കും യുവാക്കള്‍ക്കും ഭരണഘടനയെപ്പറ്റിയും പ്രധാന നിയമങ്ങളെപ്പറ്റിയും അറിവ് നല്‍കുക, ദുരന്തപ്രതികരണത്തിലും വിവിധ തൊഴിലുകളിലും യുവാക്കള്‍ക്ക് പരിശീലനം നല്‍കുക തുടങ്ങിയ ലക്ഷ്യങ്ങളും യൂത്ത് ലീഡര്‍ഷിപ്പ് അക്കാദമിക്ക് ഉണ്ട്.

ഈ പദ്ധതി പ്രാവര്‍ത്തികമാക്കുന്നതിനുള്ള വിശദമായ നിര്‍ദേങ്ങള്‍ തയ്യാറാക്കുന്നതിന് സാമൂഹിക സന്നദ്ധ സേനാ ഡയറക്ടര്‍ അമിത് മീണയെ സ്‌പെഷ്യല്‍ ഓഫീസറായി നിയമിക്കാനും തീരുമാനിച്ചു. വിദഗ്ധര്‍ ഉള്‍പ്പെടുന്ന ഗവേണിങ് ബോര്‍ഡ് ഇതിനു വേണ്ടി രൂപീകരിക്കും.