വിള ഇന്‍ഷുറന്‍സ് ക്യാമ്പയിന് ഇന്ന് തുടക്കമാകും

post

തിരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ കര്‍ഷകരെയും വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളാക്കുന്നതിനായി സംസ്ഥാന കൃഷിവകുപ്പ് സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി ജൂലൈ ഒന്ന് വിള ഇന്‍ഷുറന്‍സ് ദിനമായി ആയി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി 15 വരെ എല്ലാ പഞ്ചായത്തിലും  വിള ഇന്‍ഷുറന്‍സ് കാമ്പയിന്‍ സംഘടിപ്പിക്കും. കര്‍ഷകര്‍ക്ക് കൃഷി ഭവനുകളില്‍ വരാതെ ഓണ്‍ലൈനായി  വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനും പോളിസി കരസ്ഥമാക്കാനുള്ള  അവസരം ഉണ്ടായിരിക്കും. ഓണ്‍ലൈനായി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിന് www.aims.kerala.gov.in/cropinsurance എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പ്രകൃതിക്ഷോഭം, വന്യജീവി ആക്രമണം എന്നീ  നാശനഷ്ടങ്ങളില്‍  നിന്നും  കര്‍ഷകരെയും അവരുടെ കുടുംബത്തെയും സംരക്ഷിക്കാനാണ് സംസ്ഥാനസര്‍ക്കാര്‍ വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുന്നത്.

 സംസ്ഥാന വിള ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരം 27 ഇനം കാര്‍ഷികവിളകള്‍ക്കാണ് ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളത്. വരള്‍ച്ച, വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, ഭൂമികുലുക്കം, കടലാക്രമണം, ചുഴലിക്കാറ്റ്, കൊടുങ്കാറ്റ്, ഇടിമിന്നല്‍, കാട്ടുതീ, വന്യജീവികളുടെ ആക്രമണം എന്നിവ നിമിത്തം ഉണ്ടാകുന്ന കൃഷി നാശനഷ്ടങ്ങളാണ് പദ്ധതിയിലൂടെ സംരക്ഷണം ലഭിക്കുന്നത്.

പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജനയിലും കാലാവസ്ഥാധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതിയിലും  ഈ സീസണില്‍ ചേരേണ്ട അവസാന തീയതി ജൂലൈ 31 ആണ്.