സുഭിക്ഷ കേരളം: തരിശുനിലങ്ങളില്‍ പൊന്നുവിളയിക്കാന്‍ മാനന്തവാടി നഗരസഭ

post

വയനാട്: തരിശുനിലങ്ങില്‍ പൊന്നുവിളയിക്കാന്‍ പദ്ധതികളൊരുക്കി മാനന്തവാടി നഗരസഭ. സംസ്ഥാന സര്‍ക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് വിവിധ പദ്ധതികള്‍ നഗരസഭ ആവിഷ്‌ക്കരിക്കുന്നത്. ആദ്യഘട്ടത്തില്‍ നെല്ല് കൃഷി പ്രോത്സാഹനത്തിനായി തരിശിലൊരു നെല്‍പാടം പദ്ധതിയില്‍ നഗരസഭ പരിധിയിലെ നൂറ് ഏക്കറിലധികം തരിശുനിലങ്ങളിലാണ് നെല്‍കൃഷി ആരംഭിക്കുക. നെല്‍ക്കൃഷിക്ക് മുന്‍കൈയെടുക്കുന്ന കര്‍ഷകര്‍ക്ക് ഹെക്ടറിന് 40,000 രൂപ സുഭിക്ഷ കേരളം പദ്ധതിയില്‍ ധനസഹായം നല്‍കും. 

ആധുനിക സമ്പ്രദായങ്ങള്‍ക്കൊപ്പം പരമ്പരാഗതമായ നാട്ടറിവ് സാധ്യതകളും കൃഷിയില്‍ ഉപയോഗപ്പെടുത്തും. പദ്ധതിയുടെ ഭാഗമായി ചെയ്യുന്ന മുഴുവന്‍ കൃഷിയും വിള ഇന്‍ഷുറന്‍സിന്റെ ഭാഗമായി ഇന്‍ഷൂര്‍ ചെയ്യും. പരമ്പര്യനെല്‍വിത്തുകളുടെ കൃഷി പ്രത്യേകം പരിഗണിക്കും. സുഗന്ധ നെല്‍കൃഷിയും ഇതിനോടൊപ്പം പ്രോത്സാഹിപ്പിക്കും. വിവിധ വകുപ്പുകളുടേയും, മിഷനുകളുടേയും ഏജന്‍സികളുടേയും പ്രവര്‍ത്തനങ്ങള്‍ നഗരസഭാ തലത്തില്‍ കേന്ദ്രീകരിക്കുന്ന രീതിയില്‍ ഏകോപിപ്പിക്കുന്നതിനായി നഗരസഭാ തലത്തില്‍ കൃഷി ഓഫീസറുടെ നേതൃത്വത്തില്‍ സമിതിക്ക് രൂപം നല്‍കും.