ജലസംരക്ഷണം ഉറപ്പാക്കുന്ന ക്യാച്ച് ദ റെയിന്‍ ക്യാമ്പയിനിന് ജില്ലയില്‍ തുടക്കം

post

കാസര്‍കോട് : തെങ്ങുകളുടെ തടമെടുത്ത് ജൈവവളം ചേര്‍ത്ത് ജലസംരക്ഷണം ഉറപ്പാക്കുന്ന ക്യാച്ച് ദ റെയിന്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടര്‍  ഡോ  ഡി സജിത് ബാബു ക്യാമ്പ് ഓഫീസില്‍ നിര്‍വഹിച്ചു. വളം ചെയ്യുന്നതിന് ആനുകൂല്യമായി ജൈവവളത്തിന്റെ വിലയുടെ 75 ശതമാനം കര്‍ഷകന് ലഭിക്കും. ഇത്തരത്തില്‍ തടം തുറന്ന് ജൈവവളം ചെയ്യുന്നതിലൂടെ ജലസംരക്ഷണം ഉറപ്പാക്കാനും വേനല്‍ക്കാലത്ത് ഉണ്ടാകാന്‍ ഇടയുളള വരള്‍ച്ചക്കൊണ്ടുളള നാശനഷ്ടം ലഘൂകരിക്കാനും സാധിക്കും. ജനകീയാസൂത്രണ പദ്ധതി പ്രകാരം ജൈവവള ആനുകൂല്യത്തിന് അര്‍ഹരായ കര്‍ഷകര്‍ ഉടന്‍തന്നെ തടം തുറക്കാനുളള നടപടികള്‍ തുടങ്ങണം.തെങ്ങിന്‍ ചുവട്ടില്‍നിന്നും 1 1/2 മീറ്റര്‍ അകലത്തിലായി ഒരടി താഴ്ചയില്‍ തടമെടുത്ത് ഓരോ തെങ്ങിനും 25 കിലോഗ്രാമെങ്കിലും ജൈവവളം ചേര്‍ക്കുന്നതാണ് ഉത്തമം.  

കെ ഡി പി സ്‌പെഷ്യല്‍ ഓഫീസര്‍ ഇ പി രാജ്‌മോഹന്‍, ചെങ്കള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷാഹിന സലീം, ഹരിത കേരളം ജില്ലാ മിഷന്‍ കോഓര്‍ഡിനേറ്റര്‍ എം പി സുബ്രഹ്മണ്യന്‍, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ വി എം അശോക് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.