ഇനി തെളിനീരൊഴുകും തടസ്സംകൂടാതെ
                                                
തിരുവനന്തപുരം:  ഹരിതകേരളം മിഷന്‍ സംഘടിപ്പിക്കുന്ന നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ' ഇനി ഞാനൊഴുകട്ടെ ' പദ്ധതി ലക്ഷ്യത്തിലേക്ക് കുതിക്കുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രവര്‍ത്തനം വിവിധ ജില്ലകളില്‍ മികച്ച രീതിയിലാണ് നടന്നുവരുന്നത്. ഈ മാസം 22 വരെ നീണ്ടുനില്‍ക്കുന്ന കാമ്പയിനിലൂടെ നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പിന് ആക്കംകൂട്ടും. 
ഹരിതകേരളം മിഷന്‍ മുന്നോട്ട് വയ്ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ജലസ്രോതസ്സുകളുടെ പുനരുജ്ജീവനം. നഗരവല്‍ക്കരണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന നിര്‍മ്മിതികളുടെ ബാഹുല്യവും വീണ്ടുവിചാരമില്ലാതെ മാലിന്യങ്ങള്‍ വലിച്ചെറിയുന്നതും ഒഴുക്കിവിടുന്നതും നമ്മുടെ പുഴകള്‍ ഭീതിജനകമായ രീതിയില്‍ മലിനപ്പെടുന്നതിന് കാരണമായി. നീര്‍ച്ചാല്‍ ശൃംഖലകളുടെ ബാഹുല്യം മാലിന്യം വളരെ വേഗത്തില്‍ ഒഴുകി പുഴകളിലെത്തുന്നതിനും പുഴയും ഒപ്പം ഭൂജലവും മലിനമാകുന്നതിനും കാരണമായി. ഈ അവസരത്തിലാണ് ഹരിതകേരളം മിഷന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനകീയമായും മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാധ്യത ഉപയോഗിച്ചുകൊണ്ടും പുഴകളുടേയും നീര്‍ച്ചാലുകളുടേയും പുനരുജ്ജീവനം നടത്താന്‍ തീരുമാനിച്ചത്.
ഹരിതകേരളം മിഷന്‍ രണ്ടാം വാര്‍ഷിക ദിനമായ 2018 ഡിസംബര്‍ എട്ടാം തീയതി എല്ലാപേരും ജലാശയങ്ങളിലേയ്ക്ക് എന്ന പേരില്‍ പുഴ പുനരുജ്ജീവന പരിപാടി സംഘടിപ്പിച്ചിരുന്നു. 210 കിലോമീറ്റര്‍ നിളത്തില്‍ 137 നീര്‍ച്ചാലുകള്‍ ആണ് ഇതിന്റെ ഭാഗമായി ശുചീകരിക്കാനായത്.
ഈ മാസം 14ന് ആരംഭിച്ച ഇനി ഞാനൊഴുകട്ടെ പദ്ധതി പ്രകാരം 1000 നീര്‍ച്ചാല്‍ വീണ്ടെടുക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ തന്നെ 1079 എണ്ണം വീണ്ടെടുക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. കാമ്പയിന്‍ അവസാനിക്കുമ്പോള്‍ 1300 നീര്‍ച്ചാലുകളുടെ വീണ്ടെടുപ്പ് സാധ്യമാവുമെന്നാണ് പ്രതീക്ഷ. ആകെ 1982 കി.മീ. ദൂരം നീര്‍ച്ചാലുകള്‍ ഇതിലൂടെ വീണ്ടെടുക്കും.
സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര വകുപ്പുകള്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍, രാഷ്ട്രീയ യുവജന സാമൂഹ്യപ്രസ്ഥാനങ്ങള്‍, കുടുംബശ്രീ, തൊഴിലുറപ്പ് തൊഴിലാളികള്‍, എന്‍.എസ്.എസ്, എസ്.പി.സി, സന്നദ്ധ സംഘടനകള്‍, വ്യാപാരി വ്യവസായികള്‍ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും അണിനിരത്തിയാണ് നീര്‍ച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് സംഘടിപ്പിക്കുന്നത്. തുടര്‍ പ്രവര്‍ത്തനങ്ങളും പരിപാലനവും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയുടെ സഹായത്തോടെ നടത്തും.
നീര്‍ച്ചാലുകള്‍ വീണ്ടും മലിനപ്പെടാതിരിക്കാനായി ബോധവല്‍ക്കരണം, പാര്‍ശ്വ സംരക്ഷണത്തിനായി ജൈവ രീതികള്‍, നീര്‍ത്തടാധിഷ്ഠിത ആസൂത്രണത്തിലൂടെ കൈവഴികളുടെയും വൃഷ്ടി പ്രദേശത്തിന്റെയും സംരക്ഷണം, വളര്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനമെന്ന നിലയില്‍ തടയണ നിര്‍മ്മാണം തുടങ്ങിയവയും കാമ്പയിന്റെ തുടര്‍ പ്രവര്‍ത്തനമായി നടത്തും.










