എറിയാട് ജിയോ ബാഗ് തടയണ നിര്‍മ്മാണം തുടങ്ങി

തൃശൂര്‍ : കടലാക്രമണം രൂക്ഷമായ എറിയാട് അഴീക്കോട് ലൈറ്റ് ഹൗസ് കടപ്പുറത്ത് ജിയോ ബാഗ് തടയണ നിര്‍മാണം ആരംഭിച്ചു. കടല്‍ക്ഷോഭത്തില്‍ തടയണ കെട്ടാത്ത പ്രദേശത്തു കൂടെ വെള്ളം കയറി നിരവധി വീടുകള്‍ ഭാഗികമായി തകര്‍ന്നിരുന്നു. തുടര്‍ന്ന് തടയണ കെട്ടാത്ത പ്രദേശങ്ങളില്‍ അടിയന്തരമായി നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ എസ് ഷാനവാസ് നിര്‍ദേശം നല്‍കിയിരുന്നു. ജലസേചന വകുപ്പിനാണ് നിര്‍മ്മാണ ചുമതല.
കടല്‍ക്ഷോഭം ഏറ്റവും രൂക്ഷമായ എറിയാട് ചന്ത കടപ്പുറത്ത് 700 മീറ്റര്‍ നീളത്തിലാണ് നാട്ടുകാരുടെ സഹായത്തോടെ ജിയോബാഗ് തടയണ നിര്‍മ്മിച്ചത്. അഞ്ച് ലക്ഷം രൂപയാണ് ഈ ഭാഗത്ത് ജിയോ ബാഗുകള്‍ വാങ്ങാന്‍ പഞ്ചായത്ത് ചെലവഴിച്ചത്. കടലാക്രമണം ഏറ്റവും രൂക്ഷമായ കയ്പമംഗലം മണ്ഡലത്തിലെ എറിയാട്, എടവിലങ്ങ് പഞ്ചായത്തുകള്‍ക്ക് തനത് ഫണ്ട് ഉപയോഗിക്കാന്‍ സര്‍ക്കാര്‍ ധാരണയായിരുന്നു. കടലാക്രമണത്തെ ചെറുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചിലവാക്കുന്ന പദ്ധതികള്‍ക്ക് പുറമെ അടിയന്തിര ഘട്ടത്തില്‍ അഞ്ച് ലക്ഷം രൂപ വരെ പഞ്ചായത്തുകള്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കും. ഇതനുസരിച്ചാണ് എറിയാട് പഞ്ചായത്തില്‍ ജിയോ ബാഗുകള്‍ വാങ്ങി സ്ഥാപിക്കുന്നത്.
ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് പ്രസാദിനി മോഹനന്, ക്ഷേമകാര്യ സ്റ്റാന്റിംഗ് ചെയര്മാന് അഡ്വ വി എ സബാഹ്, വാര്‍ഡ് മെമ്പര്‍ ഫാത്തിമ ഷെരീഫ് എന്നിവര്‍ പങ്കെടുത്തു.