പ്ലാസ്റ്റിക് കവറുകളുമായി വന്നാല്‍ തുണിസഞ്ചിയില്‍ അരിയുമായി മടങ്ങാം

post

കോട്ടയം: കഴുകി വൃത്തിയാക്കിയ പ്ലാസ്റ്റിക് കാരി ബാഗുകളുമായി സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പ്ലാസ്റ്റിക്കിന്റെ അളവിനു തുല്യമായി തുണി സഞ്ചികളില്‍ സമ്മാനം സ്വന്തമാക്കാം. നാട്ടകം സര്‍ക്കാര്‍ വി.എച്ച്.എസ്.എസിലാണ് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായി ശ്രദ്ധേയമായ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്.

അരി, പഞ്ചസാര തുടങ്ങിയ നിത്യോപയോഗ സാധനങ്ങളാണ് സമ്മാനമായി നല്‍കുന്നത്. ഹരിത ഭൂമിക്കായി 'കരുതല്‍' എന്നു പേരിട്ടിരിക്കുന്ന പദ്ധതി ഹരിതകേരളം മിഷന്റെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെയാണ് നടപ്പാക്കുന്നത്.  സ്‌കൂളിലെ നാഷണല്‍ സര്‍വ്വീസ് സ്‌കീം വോളണ്ടിയര്‍മാരും ഭൂമിത്ര സേന ക്ലബ് അംഗങ്ങളും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.

പരിസ്ഥിതി സൗഹൃദ സന്ദേശങ്ങള്‍ എഴുതിയ തുണി സഞ്ചികളാണ് ഉപയോഗിക്കുക.  സഞ്ചികളില്‍ സന്ദേശങ്ങള്‍ എഴുതുന്നതും സമ്മാനമായി നല്‍കേണ്ട അരിയും പഞ്ചസാരയുമൊക്കെ സമാഹരിക്കുന്നതും വിദ്യാര്‍ഥികളാണ്.