പാഡില്‍ ഫോര്‍ കേരള ലോഗോ പ്രകാശനം ചെയ്തു

post

തിരുവനന്തപുരം കേരളത്തിലെ ഒന്‍പത് തീരദേശ ജില്ലകളെ സമന്വയിപ്പിച്ച്  കടലിലൂടെ പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന കയാക്കിംഗ് പര്യടനം പാഡില്‍ ഫോര്‍ കേരള (കേരളത്തിനായ് തുഴയും) യുടെ ലോഗോ പ്രകാശനവും വെബ്‌സൈറ്റ് ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു.തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സന്നിഹിതനായിരുന്നു. വിഴിഞ്ഞം തുറമുഖത്ത് നിന്ന് ജനുവരി 30ന് ആരംഭിച്ച് കണ്ണൂരിലെ അഴീക്കല്‍ തുറമുഖത്ത് അവസാനിക്കുന്ന പര്യടനം മുഖ്യമന്ത്രി ഫഌഗ് ഓഫ് ചെയ്യും. 40 ബോട്ടുകളിലായി അതിവിദഗ്ധരായ 60 കയാക്കിംഗ് താരങ്ങളാണ് തുഴയുക. ഇവര്‍ക്ക് അകമ്പടിയായി ഇന്ത്യന്‍ നാവികസേന, തീരദേശ സേന, സംസ്ഥാന തീരസംരക്ഷണ സേന, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ അനുധാവനം ചെയ്യും.
സംസ്ഥാനത്തെ 1309 കടലോരഗ്രാമങ്ങളില്‍ അധിവസിക്കുന്ന രണ്ടരകോടിയോളം വരുന്ന തീരദേശ ജനതയുടെ സമഗ്രവും സമൂര്‍ത്തവുമായ പുരോഗതിയാണ് തീരവികസനയാത്ര ലക്ഷ്യം വെയ്ക്കുന്നത്. തുറമുഖം, ഫിഷറീസ്, ആരോഗ്യം, വിനോദ സഞ്ചാരം എന്നീ മേഖലകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള തീരദേശ വികസനം, ജനകീയ പങ്കാളിത്തത്തോടെ തീരദേശ മാലിന്യ വിമുക്തമാക്കല്‍ എന്നിവയും നടപ്പാക്കും. സംസ്ഥാനത്തെ പ്രധാന തുറമുഖങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രയില്‍ പ്രതിദിനം 55 കിലോമീറ്ററാകും പിന്നിടുക. ഹാള്‍ട്ടിങ്ങ് പോയിന്റുകളില്‍ ജില്ലാ ഭരണ സംവിധാനങ്ങളുടെ നേതൃത്വത്തില്‍ വരവേല്‍പ്പ് നല്‍കും.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയുടെ നേതൃത്വത്തില്‍ കേരള മാരിടൈം ബോര്‍ഡ്, അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, ഇന്ത്യന്‍ നാവിക സേന, കോസ്റ്റ് ഗാര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് പര്യടനം. തുറമുഖ വകുപ്പ് സെക്രട്ടറി, സഞ്ജയ് കൗള്‍, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതി എം.ഡിയും സി.ഇ.ഒയുമായ ഡോ. ജയകുമാര്‍, നാവിക തീരദേശസേന ഉദ്യോഗസ്ഥര്‍, കേരള ഓട്ടോ മൊബൈല്‍സ് ലിമിറ്റഡ് ചെയര്‍മാന്‍ കരമന ഹരി, പി. ശശിധരന്‍ നായര്‍, സുശീല്‍ നായര്‍ തുടങ്ങിയവര്‍ ലോഗോ പ്രകാശന ചടങ്ങില്‍ സംബന്ധിച്ചു.