കശുവണ്ടി വ്യവസായം: കൂടുതല്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കും

post

തിരുവനന്തപുരം: കശുവണ്ടി വ്യവസായത്തെ കാര്‍ഷികമേഖല പ്രവര്‍ത്തനമായി തരംതിരിച്ച് വ്യവസായങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ ലഭ്യമാക്കാതിരുന്ന അവസ്ഥ മാറിയെന്നും കൂടുതല്‍ ബാങ്കിങ്ങ് സേവനങ്ങള്‍ ലഭിക്കുന്ന രീതിയില്‍ കശുവണ്ടി വ്യവസായവും എംഎസ്എംഇ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ഫിഷറീസ്, ഹാര്‍ബര്‍ എന്‍ജിനീയറിംഗ്, കശുവണ്ടി വ്യവസായ മന്ത്രി ജെ മേഴ്‌സിക്കുട്ടി അമ്മ പറഞ്ഞു. കൂടുതല്‍ ബാങ്കിംഗ് സേവനങ്ങള്‍ ലഭ്യമാക്കി വ്യവസായത്തെ സംരക്ഷിക്കുന്നതിനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

മൂന്ന് ലക്ഷത്തിലധികം തൊഴിലാളികള്‍ ജോലി ചെയ്യുന്ന കശുവണ്ടി വ്യവസായത്തിന് ആവശ്യമായ ബാങ്ക് വായ്പ എംഎസ്എംഇ  സംവിധാനത്തിലൂടെ ബാങ്കുകളില്‍ നിന്ന് ലഭ്യമാക്കുന്നതിന് വിളിച്ചുചേര്‍ത്ത ബാങ്കിംഗ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എംഎസ്എംഇ സഹായം വ്യവസായത്തിന് ലഭിക്കുന്നതിന് ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത വ്യവസായികള്‍ ഉദ്യോഗ് ആധാര്‍ ലിങ്കില്‍ ഉടന്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് മന്ത്രി വ്യക്തമാക്കി.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയ ജിയോടാഗിംഗ് സംവിധാനത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ എല്ലാ ചെറുകിട എംഎസ്എംഇ യൂണിറ്റുകളും തയ്യാറാകണം. വ്യവസായ വകുപ്പിന്റെ ഇന്‍സെന്റീവ് പദ്ധതികളില്‍ നിന്ന് സഹായം ലഭിക്കുന്നതിനും വ്യവസായവകുപ്പ് വഴി ബാങ്കുകളില്‍ നിന്ന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനും ഇത് സഹായിക്കുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

2006 ലെയും 2017 ലും കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ച എംഎസ്എംഇ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത വ്യവസായങ്ങളുടെ കൂട്ടത്തില്‍ കശുവണ്ടി വ്യവസായം പരാമര്‍ശിച്ചിട്ടില്ല. ഇക്കാര്യം കണക്കിലെടുത്ത് പരമാവധി ആനുകൂല്യങ്ങള്‍ വ്യവസായത്തിന് ലഭ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. കശുവണ്ടി വ്യവസായത്തിനെ എംഎസ്എംഇ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ കുറഞ്ഞ നിരക്കിലുള്ള ബാങ്ക് വായ്പ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ഉണ്ട്. 50 കോടി രൂപ വരെ നിക്ഷേപമുള്ളതും 250 കോടി രൂപയുടെ ഉല്പാദനമുള്ള വ്യവസായങ്ങളെയാണ് എംഎസ്എംഇ ലിസ്റ്റില്‍ ഉള്‍പ്പെ ടുത്തിയിട്ടുള്ളത്. ഭൂരിപക്ഷം കശുവണ്ടി ഫാക്ടറികളും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നവയാണ്.

ഒരേ വ്യവസായി തന്നെ പല സ്ഥലങ്ങളില്‍ ഫാക്ടറി രജിസ്റ്റര്‍ ചെയ്യുകയും ബാങ്കിംഗ് ആനുകൂല്യങ്ങള്‍ കൈപ്പറ്റിയതിനുശേഷം മറ്റൊരു സ്ഥലത്ത് പുതിയപേരില്‍ വ്യവസായം ആരംഭിച്ച് വീണ്ടും ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ച് വായ്പകള്‍ നേടിയെടുത്ത് സ്ഥിരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് വായ്പാസൗകര്യം തടയുകയും തൊഴിലാളികളുടെ അവകാശങ്ങള്‍ നല്‍കാതിരിക്കുന്നതിനുള്ള നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന വ്യവസായികള്‍ക്കെതിരെ നടപടി സ്വീകരിക്കും. ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ്, വ്യവസായ വകുപ്പുകളിലെ ഉദ്യോഗസ്ഥരും കാഷ്യു സ്‌പെഷ്യല്‍ ഓഫീസറും ഇക്കാര്യം പ്രത്യേകമായി പരിശോധിച്ച് സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ പുനരുദ്ധാരണ പാക്കേജുമായി ബന്ധപ്പെട്ട് ബാങ്കുകള്‍ വിവിധ കശുവണ്ടിവ്യവസായ യൂണിറ്റുകള്‍ പുനരാരംഭിക്കുന്നതിന് വായ്പാസഹായം ലഭ്യമാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചുള്ള വിശദ വിവരങ്ങള്‍ സര്‍ക്കാരിന് ബാങ്കുകള്‍ ലഭ്യമാക്കണം. കൂടാതെ വ്യവസായികള്‍ക്ക് നല്‍കിയ പുതിയ വായ്പയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നിശ്ചയിച്ച പലിശ നിരക്ക് കണക്കാക്കി ബാങ്കിന് കിട്ടാനുള്ള പണം ലഭിക്കുന്നതിനുള്ള കൃത്യമായ കണക്ക് ആഗസ്റ്റില്‍ തന്നെ സമര്‍പ്പിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.