പ്രളയ ബാധിത മേഖലകള്‍ ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു

post

കോട്ടയം: വൈക്കം താലൂക്കിലെ പ്രളയ ബാധിത മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും ജില്ലാ കളക്ടര്‍ പി. കെ. സുധീര്‍ ബാബു സന്ദര്‍ശിച്ചു. വല്ലകം സെന്റ് മേരീസ് സ്‌കൂള്‍, ചാലപ്പറമ്പ് ടി.കെ.എം.എം. യു.പി. സ്‌കൂള്‍ എന്നിവിടങ്ങളിലെ ക്യാമ്പുകളില്‍ കഴിയുന്നവരെയും ചെമ്മനത്തുകര ഐ.എച്ച്.ഡി.പി. കോളനി നിവാസികളെയും നേരില്‍ കണ്ട് അദ്ദേഹം സ്ഥിതിഗതികള്‍ വിലയിരുത്തി. പ്രളയ മേഖലകളിലെ കന്നുകാലികളെയും വാഹനങ്ങളും സൂക്ഷിച്ചിട്ടുള്ള തുറുവേലിക്കുന്ന് ക്ഷേത്ര പരിസരവും ജില്ലാ കളക്ടറും ഉദ്യോഗസ്ഥരും സന്ദര്‍ശിച്ചു.  
ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണം, വസ്ത്രം, മരുന്നുകള്‍, മറ്റ് അവശ്യ വസ്തുക്കള്‍ തുടങ്ങിയവ കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. വെള്ളക്കെട്ടില്‍ വീണ് മരിച്ച തലയാഴം ഉള്ളാട്ടില്‍ അരവിന്ദിന്റെ വസതിയിലും അദ്ദേഹം സന്ദര്‍ശനം നടത്തി.