കോവിഡ് കാലത്തെ ദുരന്തനിവാരണം; ജില്ല സജ്ജമെന്ന് ഉറപ്പിച്ച് മോക് ഡ്രില്‍

post

കോട്ടയം: കോവിഡ് ജാഗ്രത തുടരുന്നതിനിടെ ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായാല്‍ എന്തു ചെയ്യും? മുന്‍പെങ്ങുമില്ലാതിരുന്ന ഈ സാഹചര്യം നേരിടുന്നതിന് ജില്ല എത്രമാത്രം സജ്ജമാണെന്ന് കണ്ടെത്തുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി തീക്കോയി പഞ്ചായത്തില്‍ നടത്തിയ മോക് ഡ്രില്‍ വിവിധ വകുപ്പുകളും സന്നദ്ധ പ്രവര്‍ത്തകരും ജനപ്രതിനിധികളും തമ്മിലുള്ള കൃത്യമായ ഏകോപനത്തിന്റെ മികവില്‍ വിജയമായി.

തീക്കോയി പഞ്ചായത്തിലെ വെള്ളികുളത്ത് മണ്ണിടിയുകയും പിന്നാലെ താഴെ ചാത്തപ്പുഴയില്‍ വെള്ളമുയരുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ സങ്കല്‍പ്പിച്ചുകൊണ്ടായിരുന്നു നടപടികള്‍. മൂന്നു ദിവസമായി കോട്ടയം ജില്ലയില്‍ നിലനിന്നിരുന്ന മഞ്ഞ അലര്‍ട്ട് ഓറഞ്ച് അലര്‍ട്ടായി മാറുന്നതായും മലയോര മേഖലയില്‍ ശക്തമായ മഴയ്ക്കും മണ്ണിടിച്ചിലിനും സാധ്യതയുണ്ടെന്നുമുള്ള അറിയിപ്പ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയില്‍നിന്നും രാവിലെ ഒന്‍പതിന് ജില്ലാ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്നതു മുതലുള്ള പ്രവര്‍ത്തനങ്ങളാണ് മോക് ഡ്രിലിന്റെ ഭാഗമായി നടന്നത്.

ജില്ലാ ദുരന്തനിവാരണ അതോറിറ്റി പാലാ ആര്‍.ഡി.ഒയ്ക്കും മീനച്ചില്‍ തഹസില്‍ദാര്‍ക്കും ഗ്രാമപഞ്ചായത്ത് കണ്‍ട്രോള്‍ റൂമിനും അറിയിപ്പ് കൈമാറി. അതോടെ വെള്ളികുളം, ചാത്തപ്പുഴ മേഖലകളില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹോം ക്വാറന്റയിനില്‍ കഴിയുന്നവരെയും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളവരെയും സുരക്ഷിത കേന്ദ്രങ്ങളില്‍ എത്തിക്കുന്നതിന് ഫയര്‍ ഫോഴ്‌സും പോലീസും സന്നദ്ധ പ്രവര്‍ത്തകരും ചേര്‍ന്ന് നടപടികള്‍ ആരംഭിച്ചു. വെള്ളികുളത്തുനിന്നുള്ളവരെ തീക്കോയി സെന്റ് ആന്റണീസ് സ്‌കൂളിലേക്കും ചാത്തപ്പുഴയില്‍നിന്നുള്ളവരെ സെന്റ് മേരീസ് സ്‌കൂളിലേക്കുമാണ് മാറ്റിയത്.

ഈ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍തന്നെ 9.45ന് കളക്ടറേറ്റില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അടിയന്തര യോഗം ചേര്‍ന്ന് തുടര്‍ നടപടികള്‍ സംബന്ധിച്ച് തീരുമാനമെടുത്തു. കോ-ചെയര്‍മാനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലും ജില്ലാ പോലീസ് മേധാവി ജി. ജയദേവും മറ്റ് ഉദ്യോഗസ്ഥരും സന്നിഹിതരായി.

വെള്ളികുളത്ത് മണ്ണിടിച്ചിലുണ്ടായി എന്ന സന്ദേശം പത്തുമണിയോടെ തീക്കോയി പഞ്ചായത്തില്‍നിന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. അതോടെ മീനച്ചില്‍ തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള താലൂക്ക് തല ദുരന്ത പ്രതികരണ സംവിധാനം സജ്ജമായി. റവന്യു ഉദ്യോഗസ്ഥരും പോലീസും ഫയര്‍ഫോഴ്‌സും സന്നദ്ധ സംഘടനകളും ചേര്‍ന്ന് ദുരന്തസാധ്യതാ മേഖലയിലുള്ള ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ചുതുടങ്ങി.

മണ്ണിടിച്ചിലിനിടയില്‍ പരിക്കേറ്റ രണ്ടു പേര്‍ക്ക് പ്രഥമശുശ്രൂഷ നല്‍കി തീക്കോയി പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. ഇവരില്‍ സാരമായി പരിക്കേറ്റ ഒരാളെ പാലാ ജനറല്‍ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. ഇതേ സമയംതന്നെ ചാത്തപ്പുഴയില്‍ ജനത്തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ പോലീസ് സ്വീകരിച്ചു.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഹോം ക്വാറന്റയിനില്‍ കഴിയുന്നവര്‍, മറ്റ് രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍, അറുപതിനു മുകളില്‍ പ്രായമുള്ളവര്‍, മറ്റുള്ളവര്‍ എന്നിങ്ങനെ നാലു വിഭാഗങ്ങളിലുള്ളവര്‍ക്കുമായി ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രത്യേകം താമസ സൗകര്യങ്ങളാണ് ക്രമീകരിച്ചത്. ഹോം ക്വാറന്റയിനില്‍ കഴിയുന്നവരെയും രോഗലക്ഷണങ്ങളുള്ളവരെയും നേരിട്ട് മുറികളിലേക്ക് മാറ്റി. മറ്റുള്ളവരെ ദുരിതാശ്വാസ ക്യാമ്പിന്റെ കവാടത്തില്‍ പനി പരിശോധന നടത്തി കൈകള്‍ കഴുകിച്ച്, മാസ്‌ക് ധരിപ്പിച്ചാണ് അകത്തേക്ക് പ്രവേശിപ്പിച്ചത്.

വളര്‍ത്തു മൃഗങ്ങളെയും സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ മോക് ഡ്രില്ലിന്റെ ഭാഗമായി നടന്നു.