ഡെങ്കിപ്പനി പ്രതിരോധം : തോട്ടങ്ങളിലേക്കു നീങ്ങാം ക്യാമ്പയിന്‍ ഇന്ന്

post

തിരുവനന്തപുരം : ഡെങ്കിപ്പനി  കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ തദ്വേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ്  തോട്ടങ്ങളിലെ ഉറവിട നശീകരണ പ്രവര്‍ത്തനം ഇന്ന് (25 ജൂണ്‍) നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി. പി പ്രീത അറിയിച്ചു. റബ്ബര്‍, കവുങ്ങ്, പൈനാപ്പിള്‍, കൊക്കോ  തോട്ടങ്ങള്‍  ഈഡിസ്  കൊതുകിന്റെ പ്രജനന  കേന്ദ്രങ്ങളായി  കണ്ടെത്തിയതിനാലാണ് ക്യാമ്പയിന്‍  നടത്തുന്നത്. റബ്ബര്‍  തോട്ടങ്ങളിലെ ലാറ്റക്സ്  കപ്പുകള്‍, ചിരട്ടകള്‍, റെയിന്‍ ഗാര്‍ഡ് എന്നിവയില്‍  വെള്ളം  കെട്ടി നില്‍ക്കുന്നില്ല  എന്ന്  ഉറപ്പുവരുത്തണം. വെട്ട്  കഴിഞ്ഞ  മരങ്ങളിലെ  കപ്പുകള്‍  കമിഴ്ത്തി വയ്ക്കണം. കമുകിന്‍  തോട്ടങ്ങളിലെ ഉപയോഗ  ശൂന്യമായ  പാളകള്‍, കൊക്കോ  തോട്ടത്തിലെ  തോടുകള്‍ തുടങ്ങിയവ  നശിപ്പിക്കുക. പൈനാപ്പിള്‍ ചെടികളുടെ ഇലകള്‍ക്കിടയില്‍  മഴവെള്ളം  കെട്ടി നിന്ന്  കൊതുക്  മുട്ടയിടാന്‍  സാധ്യതയുള്ളതിനാല്‍  ടെമീഫോസ്, ബി റ്റി. ഐ , ടെമീഫോസ് ഗ്രാന്യൂള്‍സ്, വേപ്പിന്‍ പിണ്ണാക്ക്  എന്നിവ  ഉപയോഗിച്ച്  കൂത്താടി നശീകരണം നടത്തുക. തോട്ടങ്ങളിലെ ഉറവിട  നശീകരണ  പ്രവര്‍ത്തനത്തില്‍  എല്ലാവരും സഹകരിക്കണമെന്ന് ഡിഎംഒ  അഭ്യര്‍ത്ഥിച്ചു. ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ വ്യക്തിഗത സുരക്ഷാ മാര്‍ഗങ്ങളായ കൊതുക് കടി ഏല്‍ക്കാതിരിക്കാനുള്ള ലേപനം പുരട്ടുക, ഇളം  നിറത്തില്‍  ശരീരമാസകലം മറയുന്ന തരത്തിലുള്ള  വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങിയവ സ്വീകരിക്കണമെന്നും അറിയിപ്പില്‍ പറയുന്നു.