ലളിതം, ആസ്വാദ്യം : കന്നട മീഡിയം ഓണ്‍ലൈന്‍ പഠനം

post

കാസര്‍ഗോഡ് : കോവിഡ്-19 സ്‌കൂള്‍ തുറക്കുന്നതിന് കാല താമസമുണ്ടാക്കിയെങ്കിലും ഒരു അധ്യായന ദിനം പോലും പാഴാക്കാതെ ക്ലാസുകള്‍ തത്സമയം വിദ്യാര്‍ത്ഥികളില്‍ എത്തിച്ച് ആഗോള ശ്രദ്ധ നേടിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ  വകുപ്പിന്റെ ഫസ്റ്റ് ബെല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍. ഇതിന്റെ ചുവട് പിടിച്ച് കൈറ്റ് കാസര്‍കോട് യൂ ട്യൂബ് ചാനല്‍ വഴിയും കേബിള്‍ നെറ്റ്വര്‍ക്ക് വഴിയും സംപ്രേക്ഷണം ചെയ്യുന്ന ജില്ലയിലെ ന്യൂനപക്ഷം വരുന്ന കന്നട മീഡിയം വിദ്യാര്‍ത്ഥികള്‍ക്കുള്ള ഓണ്‍ലൈന്‍ ക്ലാസുകളെ കുറിച്ച് മികച്ച പ്രതികരണം. ഒന്നു മുതല്‍ പത്ത് വരെയുള്ള കന്നട മീഡിയം വിദ്യാര്‍ത്ഥികള്‍ക്കാണ് അരമണിക്കൂര്‍ വീതമുള്ള ക്ലാസുകള്‍ ഓണ്‍ലൈനായി സംപ്രേക്ഷണം ചെയ്യുന്നത്. കൈറ്റ് കാസര്‍കോട് ആരംഭിച്ച www.youtube/c/kitekasaragod   എന്ന  യൂ ട്യൂബ്  ചാനല്‍ വഴിയും കേബിള്‍ ടിവി കേരള വിഷന്‍ നെറ്റ് നെറ്റ്വര്‍ക്കില്‍ 46 നമ്പര്‍ ചാനലിലും  ഡെന്‍  നെറ്റ്വര്‍ക്കില്‍ 620 നമ്പര്‍ ചാനലിലും ക്ലാസുകള്‍ ലഭ്യമാണ്. അടുത്ത ദിവസത്തെ  ക്ലാസിന്റെ ടൈംടേബിള്‍ തലേദിവസം തന്നെ നല്‍കും. ഇംഗ്ലീഷ്, സംസ്‌കൃതം, ഉര്‍ദ്ദു, അറബി ഒഴികെയുള്ള വിഷയങ്ങള്‍ക്കാണ് ക്ലാസ് നല്‍കുന്നത്. ഈ വിഷയങ്ങള്‍ക്കുള്ള ക്ലാസ്  വിക്ടേഴ്സ് ചാനലില്‍ ലഭ്യമാണ.് യൂട്യൂബ് ചാനലിലും  കേബിള്‍ നെറ്റ്വര്‍ക്കിലും രാവിലെ 10.30 മുതല്‍ വൈകീട്ട് 4.30 വരെയാണ് ഓണ്‍ലൈന്‍ ക്ലാസുകളുടെ സംപ്രേക്ഷണം. തുടര്‍ന്ന് പുന;സംപ്രേക്ഷണമാണ്. അണങ്കൂരിലെ കൈറ്റ് ഓഫീസിലും മായിപ്പാടിയിലെ ഡയറ്റിലുമായാണ്  ക്ലാസുകളുടെ   ചിത്രീകരണം നടത്തുന്നതെന്ന് കൈറ്റ് ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് പറഞ്ഞു. സമഗ്ര ശിക്ഷ കേരള, ഡയറ്റ് കാസര്‍കോട്, വിദ്യഭ്യാസ ഉപഡയരക്ടര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ എന്നിവരുടെ നേതൃത്വവും അക്കാദമിക പിന്തുണയും ഈ ഉദ്യമത്തിന്  കരുത്തേകുന്നു. 


ഓണ്‍ലൈന്‍ പഠനം അടിപൊളിയാണ്, ഗൗതമും സഹോദരിയും ഹാപ്പിയാണ്

കാസര്‍ഗോഡ് : സംസ്ഥാന സിലബസില്‍ പഠിക്കുന്ന മലയാളം-ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ ഒന്നിന് തന്നെ വിക്ടേഴ്സ് ചാനല്‍ വഴി  ക്ലാസുകള്‍ ആരംഭിച്ചിരുന്നു. കന്നടമീഡിയം വിദ്യാര്‍ത്ഥികള്‍ക്ക്  ഭാഷ വിഷയങ്ങള്‍ക്കൊഴികെ  ജൂണ്‍ 16 വരെ ക്ലാസുകള്‍ ലഭ്യമായിരുന്നില്ല. ഇതിന്റെ സങ്കടത്തിലായിരുന്നു പൈവളിഗൈനഗര്‍ ജി എച്ച് എസ് എസിലെ പത്താംതരം വിദ്യാര്‍ത്ഥിയായിരുന്ന എസ് ഗൗതമും എട്ടാംതരം വിദ്യാര്‍ത്ഥിയായിരുന്ന സഹോദരി എസ്  ചിന്‍മയിയും. കൈറ്റ് കാസര്‍കോട് യൂ ട്യൂബ് ചാനല്‍ വഴിയും  കേബിള്‍ നെറ്റ്വര്‍ക്ക് വഴിയും കന്നടമീഡിയം വിദ്യാര്‍ത്ഥികള്‍ക്കുള്ള    ക്ലാസ് ആരംഭിച്ചതോടെ ഇവരുടെ സങ്കടം മാറി. ഇപ്പോള്‍ ഇരുവരും ഓണ്‍ലൈന്‍ ക്ലാസുകള്‍ കാണുന്നതിന്റെയും ഹോംവര്‍ക്ക് ചെയ്യുന്നതിന്റെയും തിരക്കിലാണ്. 

          'പത്താംതരം ആയതുകൊണ്ട് ക്ലാസ് ആരംഭിക്കുന്നതിന്  മുമ്പ് അല്പം ടെന്‍ഷന്‍ ഉണ്ടായിരുന്നു. എന്നാല്‍ ക്ലാസ് ആരംഭിച്ചതോടെ ടെന്‍ഷന്‍ മാറി. ഓരോ ക്ലാസും ഒന്നിനൊന്ന് മികച്ചതാണ്. ക്ലാസിന്റെ അവസാനം തരുന്ന ഹോം വര്‍ക്ക്  ചെയ്ത് സ്‌കൂളിലെ ക്ലാസ് വാട്സ്ആപ്പ് ഗ്രൂപ്പില്‍  പോസ്റ്റ് ചെയ്യും'  എസ് ഗൗതം പറഞ്ഞു.

       ചിന്‍മയിയും ഓണ്‍ലൈന്‍ പഠനവും പാഠ്യപ്രവര്‍ത്തനങ്ങളുമായി തിരക്കിലാണ്. 'ക്ലാസുകള്‍ വളരെ ലളിതമായാണ് ടീച്ചര്‍മാര്‍ കൈകാര്യം ചെയ്യുന്നത്. ഓണ്‍ലൈന്‍ ക്ലാസിന്റെ സമയത്ത് തന്നെ നോട്ട് തയ്യാറാക്കി വെക്കും. അതാണ് തുടര്‍ പഠനത്തിന് ഉപയോഗിക്കുന്നത്. ഓണ്‍ലൈന്‍ ക്ലാസിലെ സംശയമുള്ള പാഠ ഭാഗങ്ങള്‍  ഫോണ്‍ വഴി ക്ലാസ് ടീച്ചറോട് ചോദിക്ക്, മനസ്സിലാക്കും' ചിന്‍മയി പറഞ്ഞു. പൈവളിഗെ നെല്ലിത്തടുക്ക സമൃദ്ധിയിലെ അധ്യാപക ദമ്പതിമാരായ എസ് രവിശങ്കര്‍-പുഷ്പലതയുടെ മക്കളാണ് ഇരുവരും.