ലീലയുടെ നെഞ്ചിലെ ആധി തീര്‍ത്ത് ലൈഫ് മിഷന്‍

post

കാസര്‍കോട് : ആനയും കാട്ടുപോത്തും വിലസിനടക്കുന്ന വന മേഖലയില്‍ മൂന്ന് പെണ്‍മക്കളേയും ചേര്‍ത്ത് പിടിച്ചാണ് ദേലമ്പാടി അന്നപ്പാടിയിലെ ലീല വര്‍ഷങ്ങള്‍ കഴിച്ചു കൂട്ടിയത്.കാറ്റിലും മഴയിലും ഷിറ്റിട്ട വീട് നിലം പൊത്തുമോ എന്ന ഭയവും പേറിയായിരുന്നു ഇവരുടെ ജീവിതം. ഭര്‍ത്താവിന്റെ മരണശേഷം മൂന്ന് മക്കളുടേയും പഠനവും വീട്ടുകാര്യങ്ങളുമെല്ലാം ലീലയുടെ ചുമലിലായി. തൊഴിലുറപ്പ് ജോലികള്‍ ചെയ്തും ബീഡി കെട്ടിയും അവര്‍ ജീവിതം മുന്നോട്ട് കൊണ്ടുപോയി. അപ്പോഴും അടച്ചുറപ്പുള്ള വീട്ടില്‍ പെണ്‍മക്കളോടൊപ്പം സുരക്ഷമായി കഴിയണമെന്നത് ലീലയുടെ വിദൂര സ്വപ്നത്തില്‍ പോലും ഇല്ലായിരുന്നു.

പഞ്ചായത്ത് അധികൃരും വി.ഇ.ഒയും  ലൈഫ് പദ്ധതിയെക്കുറിച്ച് വിവരിച്ച് നല്‍കിയപ്പോളാണ് ലീല  സമര്‍പ്പിക്കുന്നത്. പഞ്ചായത്തില്‍ ലൈഫ് രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തി ലീലയ്ക്കും കുടുംബത്തിനും സുരക്ഷിതമായൊരു വീട് നല്‍കി. പട്ടിക വിഭാഗക്കാരായതിനാല്‍ ലൈഫ് പദ്ധതിയില്‍ വകുപ്പിന്റെ സഹായം കൂടെ ചേര്‍ത്ത് ആറ് ലക്ഷം രൂപയാണ് ഇവര്‍ക്ക് ലഭിച്ചത്.

  പണി പൂര്‍ത്തിയായ പുതിയ വീട്ടില്‍ ഇനി ഇവര്‍ക്ക് വന്യജീവികളേയോ കാലാവസ്ഥയേയോ പേടിക്കാതെ കഴിയാം. കാലങ്ങളായുള്ള ലീലയുടെ ആധി ഈ വീട് ലഭിച്ചതോടെ അവസാനിച്ചു. സ്വന്തമെന്ന് പറയാന്‍ അടച്ചുറപ്പുള്ള മികച്ച വീട് ലഭിച്ച സന്തോഷത്തിലാണ് ഇന്ന് ഈ കുടുംബം.

  മൂത്ത മകള്‍ മുന്നാട് പീപ്പിള്‍സ് കോളേജില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ശേഷം ഡി.സി.എ ചെയ്യുകയാണ്. മറ്റ് രണ്ട് പേര്‍ നേഴ്സിങ്, ലാബ് ടെക്നീഷ്യന്‍ കോഴ്സുകള്‍ ചെയ്തു വരുന്നു. മഴക്കാലം ഇനിയിവര്‍ക്ക് പേടിയില്ലാതെ കഴിയാം. പുസ്തകങ്ങളും വസ്ത്രങ്ങളുമൊന്നും ഇനി നനഞ്ഞ് പോകില്ല. ഇങ്ങനെ സര്‍ക്കാറ് ബീഡ് തന്നില്ലെങ്കില് ഞങ്ങ വീട് കെട്ടേലാ. ഷീറ്റിന്റടീല് തന്നെ ആയിരിക്കും...ലൈഫിന്റെ കരുതലില്‍ ഈ മക്കളേയും ചേര്‍ത്ത് നിറഞ്ഞ ചിരിയോടെ ലീല  സര്‍ക്കാരിന് നന്ദി പറയുകയാണ്.