എളേരിത്തട്ട് പകല്‍ വീടിന്റെ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

post

കാസര്‍കോട് :വെസ്റ്റ് എളേരി പഞ്ചായത്തിലെ എളേരിത്തട്ടില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് വയോജനങ്ങള്‍ക്കായി നിര്‍മ്മിക്കുന്ന പകല്‍ വീടിന്റെ പ്രവൃത്തി ഉദ്ഘാടനം എം രാജഗോപാലന്‍ എം എല്‍ എ നിര്‍വ്വഹിച്ചു.വീടുകളില്‍ ഒറ്റപ്പെടുന്ന  വയോജനങ്ങള്‍ക്ക് ഒന്നിച്ചു ചേരാനും  വാര്‍ദ്ധക്യം ആഘോഷമാക്കാനും അവസരമാണ് ഓരോ പകല്‍ വീടുകളും ഒരുക്കുന്നതെന്ന് എംഎല്‍എ പറഞ്ഞു. എളേരിത്തില്‍ വാങ്ങിയ അഞ്ചു സെന്റ് സ്ഥലത്താണ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പുതിയ പകല്‍വീട് നിര്‍മ്മിക്കുന്നത്. കെട്ടിട നിര്‍മ്മാണത്തിനും അനുബന്ധ സൗകര്യങ്ങള്‍ക്കുമായി  20 ലക്ഷം രൂപയാണ്  ബ്ലോക്ക് പഞ്ചായത്തിന്റെ  വാര്‍ഷിക പദ്ധതിയില്‍ നീക്കിവെച്ചിട്ടുള്ളത്. മൂന്ന് മാസം കൊണ്ട് കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിക്കും. എളേരിത്തട്ടിലെ ഈ പകല്‍ വീട്  പൂര്‍ത്തിയാകുന്നതോടെ വെസ്റ്റ് എളേരി പഞ്ചായത്തിലെ  നാലാമത്തെ പകല്‍വീടാകും ഇത്.

ചടങ്ങില്‍ പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി രാജന്‍ അധ്യക്ഷത വഹിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസീത രാജന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യവിദ്യാഭ്യാസ കാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ അഡ്വ. വി വേണുഗോപാലന്‍, പരപ്പ ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ടി കെ ചന്ദ്രമ്മ , വെസ്റ്റ് എളേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ സുകുമാരന്‍ വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു ഭാസ്‌കരന്‍, പഞ്ചായത്ത് മെമ്പര്‍ എ അപ്പുക്കുട്ടന്‍, കക്ഷി നേതാക്കളായ സാബു എബ്രഹാം, കെ പി സഹദേവന്‍,കെ ജെ വര്‍ക്കി എന്നിവര്‍ സംസാരിച്ചു. സീനിയര്‍ സിറ്റിസണ്‍ പ്രതിനിധി കെ വി കെ പത്മനാഭന്‍ നന്ദിയും പറഞ്ഞു.