ജനസൗഹൃദമായി വില്ലേജ് ഓഫീസുകള്‍: റവന്യൂ മന്ത്രി

post

കാസര്‍കോട് : പൊതു ജനങ്ങള്‍ക്ക് സാങ്കേതികവിദ്യയുടെ സഹായത്തോടുകൂടി സുതാര്യമായി കാലതാമസം കൂടാതെയുമുള്ള സേവനം ലഭ്യമാകുന്ന തരത്തില്‍ വില്ലേജ് ഓഫീസുകളെ ജനസൗഹൃമാക്കുന്നതിനുള്ള നടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. എന്‍മകജെ പഞ്ചായത്തില്‍ സ്വര്‍ഗയിലാരംഭിച്ച പഡ്രെ വില്ലേജ് ഓഫീസിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സാധാരണക്കാരായ ജനങ്ങള്‍ നേരിട്ടിടപെടുന്ന പ്രധാന സര്‍ക്കാര്‍ സംവിധാനമാണ് വില്ലേജ് ഓഫീസുകള്‍. സൗഹാര്‍ദപരമായ പെരുമാറ്റത്തോടെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനായിരിക്കണം ജീവനക്കാര്‍ ശ്രദ്ധിക്കേണ്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി, എം സി കമറുദ്ദീന്‍ എംഎല്‍എ, ജില്ലാ കളക്ടര്‍ ഡോ. ഡി സജിത്ത് ബാബു സംബന്ധിച്ചു. കോവിഡ് നിര്‍വ്യാപന മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരുന്നു ചടങ്ങ്.

കാട്ടുകുക്കെയില്‍ സ്ഥിതി ചെയ്തിരുന്ന  പഡ്രെ, കാട്ടുകുക്കെ വില്ലേജുകള്‍ ഉള്‍പ്പെട്ട പഡ്രെ ഗ്രൂപ്പ് വില്ലേജ് ഓഫീസിനെ വിഭജിച്ചാണ് സ്വര്‍ഗയില്‍ പുതിയ വില്ലേജ് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. നേരത്തേ പ്രദേശവാസികള്‍ക്ക് വില്ലേജ് ഓഫീസിലെത്തുന്നതിനായി കിലോമീറ്ററുകള്‍ അകലെയുള്ള കാട്ടുകുക്കെയിലേക്ക് പോകണമായിരുന്നു. പുതിയ ഓഫീസ് വന്നതോടെ നാട്ടുകാര്‍ക്ക്  വില്ലേജ് ഓഫീസ് സേവനങ്ങള്‍ എളുപ്പത്തില്‍ ലഭ്യമാവും. സ്വര്‍ഗ എസ് വിഎയുപി സ്‌കൂളിന് സമീപത്തുള്ള വാടക കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്. സ്വര്‍ഗ സ്വദേശിയായ വി എസ് റിഷികേശ ഭട്ട് വില്ലേജ് ഓഫീസ് നിര്‍മിക്കുന്നതിനായി സ്‌കൂളിന് സമീപം പത്ത് സെന്റ് സ്ഥലം സൗജന്യമായി നല്‍കിയിട്ടുണ്ട്. ഈ ഭൂമിയില്‍ ഓഫീസ് നിര്‍മിക്കുന്നതിനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും.

എഡിഎം എന്‍ ദേവീദാസ്, മഞ്ചേശ്വരം തഹസീല്‍ദാര്‍ പി ജെ ആന്റോ, ജില്ലാ പഞ്ചായത്ത് അംഗം പുഷ്പ അമേക്കള, എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് വൈ ശാരദ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബൂബക്കര്‍ സിദ്ദീഖ്, ബ്ലോക്ക് അംഗം സവിത ബാലികെ, പഞ്ചായത്ത് അംഗങ്ങളായ എം ചന്ദ്രാവതി, വൈ ശശികല, രൂപവാണി ആര്‍ ഭട്ട്, കെ പുട്ടപ്പ, വില്ലേജ് ഓഫീസര്‍ പി അബ്ദുല്‍ ഹമീദ് തുടങ്ങിയവര്‍ പങ്കെടുത്തു.