ജില്ലാകളക്ടറുടെ ഓണ്‍ലൈന്‍ അദാലത്തില്‍ അതിഥിയായി റവന്യു മന്ത്രി

post

കാസര്‍കോട് : ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു നടത്തിയ ഹോസ്ദുര്‍ഗ്ഗ് താലൂക്ക്തല ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്തില്‍ അപ്രതീക്ഷിത  അതിഥിയായി റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ എത്തി.കളക്ടറേറ്റില്‍ നടക്കുന്ന മറ്റൊരു യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. ഇത് അദാലത്തില്‍പങ്കെടുത്ത ഉദ്യോഗസ്ഥര്‍ക്കും പരാതിക്കാര്‍ക്കും പുത്തന്‍ അനുഭവമായി.പ്രളയ ധനസഹായം ലഭിച്ചിട്ടില്ലെന്ന വീട്ടമ്മയുടെ  പരാതിയില്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കി.ഹോസ്ദുര്‍ഗ്ഗ് താലൂക്കില്‍ ഇത്തരത്തില്‍ 33 പേര്‍ക്ക് പ്രളയ ധനസഹായം ലഭിക്കാന്‍ ബാക്കിയുണ്ടെന്നും,ഇത് ജൂണ്‍  അവസാന വാരത്തോടെ പരിഹരിക്കുന്നമെന്നും മന്ത്രി ഉറപ്പ് നല്‍കി. സാങ്കേതിക തകരാര്‍ മൂലമാണ് പ്രളയ ധനസഹായം ദുരിത ബാധിതരുടെ അക്കൗണ്ടില്‍ എത്താന്‍ വൈകുന്നത്.ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ഉടനടി നടപടി സ്വീകരിക്കും .ധനസഹായത്തിന് അപേക്ഷിച്ചപ്പോള്‍ മേല്‍വിലാസവും അക്കൗണ്ട് നമ്പറും രേഖപ്പെടുത്തിയപ്പോള്‍  പറ്റിയ പിഴവാകാം ഇതിന് കാരണമെന്ന് മന്ത്രി പറഞ്ഞു.അതത് വില്ലേജ് ഓഫീസര്‍ മുഖാന്തിരം ഗുണോഭോക്താക്കളുമായി നേരിട്ട ബന്ധപ്പെട്ട് പരാതി പരിഹരിക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

ജില്ലാകളക്ടര്‍ നടത്തിയ മൂന്നാമത് ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്താണ് ഇത്. അദാലത്തില്‍ 93 പരാതികളാണ് പരിഗണിച്ചത്.87 പരാതികളില്‍ വകുപ്പ്തലത്തില്‍ തീര്‍പ്പ് കല്‍പിച്ചു.ആറ് പരാതികളിലാണ് കളക്ടര്‍ നേരിട്ട് ഇടപ്പെട്ടത്. വായ്പഎഴുതി തള്ളണം,ക്ഷേമനിധി പെന്‍ഷന് ഒപ്പം വാര്‍ദ്ധക്യ പെന്‍ഷനും ലഭ്യമാക്കണം,പ്രളയം ധനസഹായം ലഭിച്ചില്ല തുടങ്ങിയവയായിരുന്നു പരാതികള്‍.സബ്കളക്ടര്‍ അരുണ്‍ കെവിജയന്‍, ഡെപ്യൂട്ടി കളക്ടര്‍ കെ രവികുമാര്‍,ഹോസ്ദുര്‍ഗ്ഗ് തഹസില്‍ദാര്‍ എന്‍ മണിരാജ്, എന്‍ ഐ സി ഓഫീസര്‍ കെ രാജന്‍, അക്ഷയ ജില്ലാ പ്രൊഗ്രാം മാനേജര്‍ എം എസ് അജീഷ തുടങ്ങിയവര്‍ അദാലത്തില്‍ സംബന്ധിച്ചു.