വായനാ പക്ഷാചരണത്തിന് ജില്ലയില്‍ തുടക്കം

post

കാസര്‍കോട് : മഹാമാരി തീര്‍ത്ത പ്രതിസന്ധിയുടെ നടുവില്‍ വായനയ്ക്കും സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്കും ലോക് ഡൗണ്‍ വീഴില്ലെന്ന പ്രഖ്യാപനവുമായി ജില്ലാതല വായനാപക്ഷത്തിന്  തുടക്കമായി.  ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ പുസ്തകങ്ങളെ കൂട്ടുകാരാക്കി വായനയുടെ വസന്തം വിരിയുന്ന പത്തൊമ്പത് നാള്‍ നീളുന്ന വായന പക്ഷാചരണത്തിന് കൊടക്കാട് നാരായണ സ്മാരക ഗ്രന്ഥാലയത്തിലാണ് ആരംഭമായത്.  കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ച് ജില്ലയിലെ മുഴുവന്‍ ഗ്രന്ഥശാലകളിലും പി എന്‍ പണിക്കര്‍ അനുസ്മരണത്തോടെ വായനാപക്ഷം തുടങ്ങി.  കേരളാ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി അഡ്വ.പി അപ്പുക്കുട്ടന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ പ്രസിഡന്റ് കെ വി കുഞ്ഞിരാമന്‍ അധ്യക്ഷനായിരുന്നു. പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ ജില്ലാ സെക്രട്ടറി കെ വി രാഘവന്‍ പി എന്‍ പണിക്കര്‍ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ പി വി കെ പനയാല്‍ വായനാ പക്ഷ സന്ദേശം നല്‍കി.

പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രസിഡന്റ് സി എം വിനയചന്ദ്രന്‍' വായനയും സമൂഹവും ' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ നാരായണന്‍ ഓണ്‍ലൈന്‍ മത്സര വിജയികള്‍ക്ക് സമ്മാനദാനം നിര്‍വഹിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം ഗംഗാധരന്‍, ഹൊസ്ദുര്‍ഗ് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി വി ചന്ദ്രന്‍ ,പ്രസിഡന്റ് പി വേണുഗോപാലന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ഡോ.പി പ്രഭാകരന്‍ സ്വാഗതവും വികാസ് പലേരി നന്ദിയും പറഞ്ഞു.  ജില്ലാതല ഉദ്ഘാടനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ വായനാ ക്വിസും സംഘടിപ്പിച്ചു.

  വായനാ പക്ഷാചരണത്തിന്റെ ഭാഗമായി ജൂണ്‍ 20, 21 തീയതികളില്‍ ഗൃഹസന്ദര്‍ശനത്തിലൂടെ ഗ്രന്ഥശാലാ പ്രവര്‍ത്തകരും ലൈബ്രേറിയന്‍മാരും കുട്ടികളുടെ ഇഷ്ട പുസ്തകങ്ങള്‍ ഏതെന്ന് ആരായും. ജൂണ്‍ 22 ന് നാടകകാരന്‍ ജി ശങ്കരപ്പിള്ളയെ അനുസ്മരിക്കും. 23, 24 തീയതികളില്‍ ഇഷ്ട പുസ്തകങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കി വായനാക്കുറിപ്പ് തയ്യാറാക്കാന്‍ ആവശ്യപ്പെടും . ജൂണ്‍ 25 മുതല്‍ 28 വരെ 'വായനയുടെ സ്വാതന്ത്ര്യം' എന്ന വിഷയത്തില്‍ സംവാദം . ജൂണ്‍ 29 ന് വായിച്ച പുസ്തകങ്ങളിലെ വായനാനുഭവങ്ങള്‍ കുട്ടികള്‍ നവമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കും. ജൂണ്‍ 30 ന് പൊന്‍കുന്നം വര്‍ക്കി, ജൂലൈ ഒന്നിന് പി കേശവദേവ് എന്നിവരെ അനുസ്മരിക്കും .ജൂലൈ രണ്ടിന് മികച്ച വായനാ കുറിപ്പുകളെഴുതിയ കുട്ടികള്‍ക്ക് ഗ്രന്ഥശാലാ ഭാരവാഹികള്‍ വീട്ടിലെത്തി സമ്മാനങ്ങള്‍ നല്‍കും. ജൂലൈ നാലിന് കാഥികന്‍ വി സാംബശിവന്‍ അനുസ്മരണത്തോടൊപ്പം കഥാപ്രസംഗ അവതരണം. ജൂലൈ അഞ്ചിന് വൈക്കം മുഹമ്മദ് ബഷീര്‍, തിരുനെല്ലൂര്‍ കരുണാകരന്‍ എന്നിവരെ അനുസ്മരിക്കും .ജൂലൈ ആറിന് ബഷീറിന്റെ കഥയെയും കഥാപാത്രങ്ങളെയും ആസ്പദമാക്കി 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാവുന്ന ഷോട്ട് ഫിലിം നിര്‍മാണം . സംസ്ഥാന തലത്തില്‍ ഒന്നാമതെത്തുന്നവര്‍ക്ക് പതിനായിരം രൂപ ക്യാഷ് അവാര്‍ഡ് സമ്മാനിക്കും. ജൂലൈ ഏഴി ന് ഐ വി ദാസ് ദിനത്തില്‍ ഗ്രന്ഥശാല, താലൂക്ക് തലങ്ങളില്‍ വായനാപക്ഷം സമാപിക്കും.