'ഹിറ്റായി' കോവിഡ് 19 ജാഗ്രത ആപ്ലിക്കേഷന്‍

post

കോഴിക്കോട്: കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലാ ഭരണകൂടവും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററും സംസ്ഥാന ഐ ടി മിഷനും സംയുക്തമായി ആരംഭിച്ച കോവിഡ് 19 ജാഗ്രത അപ്ലിക്കേഷന് വന്‍ സ്വീകാര്യത.  കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനം, കോവിഡ് ബാധിതരുടെ നിരീക്ഷണം, ചികിത്സ സാധ്യമാക്കല്‍ എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന  സര്‍ക്കാരിനു വേണ്ടി വികസിപ്പിച്ച സമഗ്രമായ പകര്‍ച്ചവ്യാധി മാനേജ്‌മെന്റ് സംവിധാനമാണ് കോവിഡ് 19 ജാഗ്രത പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷന്‍. ആപ്ലിക്കേഷന് ഇതിനോടകം 70 ലക്ഷം ഹിറ്റുകള്‍ ലഭിച്ചു.  

കോവിഡിന്റെ അദ്യ കേസുകള്‍ ജില്ലയില്‍ സ്ഥിരീകരിച്ച ഘട്ടത്തില്‍ 2020 മാര്‍ച്ച് 19 നാണ് കോവിഡ് 19 ജാഗ്രത അപ്ലിക്കേഷന്‍ കോഴിക്കോട് ജില്ലാ ഭരണകൂടം പ്രവര്‍ത്തനക്ഷമമാക്കിയത്. ജില്ലയിലെ കോവിഡ്  പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങള്‍ സുതാര്യമായി ജനങ്ങളിലേക്ക് എത്തിക്കുക, സമൂഹവ്യാപനത്തിന് ഇട നല്‍കാതെ പൊതുജനാരോഗ്യസുരക്ഷക്ക് പ്രഥമ പരിഗണന നല്‍കുക എന്നിവയായിരുന്നു ലക്ഷ്യം. 

ഹോം ക്വാറന്റയിനില്‍ കഴിയുന്ന വ്യക്തികളുടെ തത്സമയ രോഗ നിരീക്ഷണം, രോഗീ പരിപാലനം, പരാതികള്‍ സമര്‍പ്പിക്കാനും പ്രശ്‌നപരിഹാരത്തിനുമായുള്ള ഓണ്‍ലൈന്‍ സംവിധാനം എന്നിവക്കു പുറമെ ഓരോ ഘട്ടത്തിലെയും പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ആവശ്യം മനസിലാക്കി ആപ്ലിക്കേഷന്‍ വിപുലീകരിക്കുകയുണ്ടായി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നും ആളുകളെ തിരികെ കൊണ്ടുവരാനുള്ള ട്രാവല്‍ പാസ്സ് സംവിധാനവും സര്‍ക്കാര്‍ നിര്‍ദേശാനുസരണം അപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തി.  ട്രാവല്‍ പാസുകള്‍,റൂം ക്വാറന്റയിനിലുള്ളവരുടെയും സമ്പര്‍ക്ക പട്ടികയിലുള്ളവരുടെയും നിരീക്ഷണം, കോവിഡ് കെയര്‍ സെന്ററുകളുടെയും ആശുപത്രികളുടെയും മാനേജ്‌മെന്റ്, പരാതി പരിഹാരം, കോവിഡ് ടെസ്റ്റിംഗ് വിവരങ്ങള്‍ തുടങ്ങിയവയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് എല്ലാ ജില്ലകള്‍ക്കും ഉപയോഗപ്പെടുത്താവുന്ന രീതിയില്‍ സമഗ്രമായ പകര്‍ച്ചവ്യാധി മാനേജുമെന്റ് സംവിധാനമാണ് കോവിഡ് 19 ജാഗ്രത പ്രോഗ്രസീവ് വെബ് ആപ്ലിക്കേഷന്‍. 

കേരളത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രനിയന്ത്രണം, ആഭ്യന്തര- അന്തര്‍ദ്ദേശീയ യാത്രകള്‍ക്ക് പാസ് സംവിധാനം, വീടുകളിലേക്കും കോവിഡ് കെയര്‍ സെന്ററുകളിലേക്കുമുള്ള സുരക്ഷിത യാത്ര, ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് റൂം ക്വാറന്റയിനില്‍ കഴിയുന്ന വ്യക്തികളുടെ ദൈനംദിന രോഗ നിരീക്ഷണത്തിനും രോഗീ പരിപാലനത്തിനുമുള്ള സംവിധാനം എന്നിവയാണ് ആപ്ലിക്കേഷന്‍ മുന്നോട്ടുവെക്കുന്ന പ്രധാന സവിശേഷതകള്‍.  ടെലി മെഡിസിന്‍ കണ്‍സള്‍ട്ടേഷന്‍, ഓണ്‍ലൈന്‍ ഒ.പി. സംവിധാനം, ഡോക്ടര്‍മാര്‍ക്ക് രോഗികളെ  പരിശോധിക്കാനും വിദഗ്ധചികിത്സ നിര്‍ദ്ദേശിക്കാനുമുള്ള സൗകര്യം, ഓണ്‍ലൈന്‍ കണ്‍സള്‍ട്ടേഷന് ശേഷം മരുന്ന് കുറിപ്പടി ഉടന്‍ തന്നെ ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യവും തുടങ്ങിയവയും ലഭ്യമാണ്.  

കോവിഡ് ടെസ്റ്റുകളുടെ എണ്ണവും ഫലവും രേഖപ്പെടുത്താനുള്ള   സംവിധാനം, രോഗം ബാധിച്ച വ്യക്തിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ വ്യക്തികളെ തിരിച്ചറിയുന്നതിനും ഈ സമ്പര്‍ക്കങ്ങളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുന്നതിനുമുള്ള മാര്‍ഗവും ആപ്ലിക്കേഷനെ വേറിട്ടതാക്കുന്നു.  മണ്‍സൂണ്‍ തയ്യാറെടുപ്പുകളുടെ മേല്‍നോട്ടം,റിവേഴ്‌സ് ക്വാറന്റൈന്‍, ലഭ്യമാകുന്ന വിവരങ്ങള്‍ തത്സമയം അപഗ്രഥിച്ച് കൃത്യമായി ഇടപെടലുകള്‍ നടത്താന്‍ ഭരണ സംവിധാനത്തെ സഹായിക്കുന്ന സംസ്ഥാന തല, ജില്ലാ തല ഡാഷ്ബോര്‍ഡുകള്‍ എന്നിവയും ഉള്‍പ്പെടുത്തിയാണ് ഈ വെബ് ആപ്ലിക്കേഷന്‍ ഒരുക്കിയിരിക്കുന്നത്.  ഹോസ്പിറ്റല്‍ ഹെല്‍ത്ത് കെയര്‍ എന്ന ആശയവും ഇതില്‍ ചേര്‍ത്തിട്ടുണ്ട്. 

മാനേജ്‌മെന്റ് സവിശേഷതയുടെ പരിഷ്‌കരിച്ച പതിപ്പിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കോഴിക്കോട് ജില്ലയിലെ ഫസ്റ്റ് ലെവല്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ (എഫ്. എല്‍. ടി. സികള്‍) അടക്കമുള്ള  എല്ലാ കോവിഡ് ആശുപത്രികളും സംസ്ഥാനത്തൊട്ടാകെയുള്ള 51 ഓളം കോവിഡ് ആശുപത്രികളും ഈ സവിശേഷത പ്രയോജനപെടുത്താന്‍ തുടങ്ങിയിട്ടുണ്ട്.  വിദഗ്ദ്ധരായ ഡോക്ടര്‍മാര്‍ക്ക് ഈ  ആശുപത്രികളിലെ രോഗികള്‍ക്ക് നല്‍കുന്ന ആരോഗ്യ സേവനങ്ങള്‍ വിശകലനം ചെയ്യാനും വേണ്ടി വന്നാല്‍ ഹോസ്പിറ്റല്‍ രേഖകള്‍ പരിശോധിക്കാനും ഇതിലൂടെ സാധിക്കും.  സ്‌ക്രീനിംഗ് കേന്ദ്രങ്ങള്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വാര്‍ഡ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍, കോവിഡ് കെയര്‍ സെന്ററുകള്‍, ആശുപത്രികള്‍, ആരോഗ്യ അഡ്മിനിസ്‌ട്രേഷന്‍ എന്നിവക്ക് ഏറ്റവും മികച്ചതും തടസ്സരഹിതവുമായ വിവരലഭ്യതയാണ് ആപ്ലിക്കേഷന്‍ വഴി ഉറപ്പാക്കുന്നത്.  ഹെല്‍ത്ത് അഡ്മിനിസ്‌ട്രേഷന്‍ വിഭാഗം ഹോസ്പിറ്റലുകളിലെ അടിസ്ഥാന സൗകര്യങ്ങളുടെ തത്സമയനില ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തുന്നതിലൂടെ കൂടുതല്‍ കാര്യക്ഷമായി ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാന്‍ കഴിയും.