പ്രവാസികള്‍ക്ക് കോവിഡ് പരിശോധനയ്ക്കാവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റ് ലഭ്യമാക്കാന്‍ കേരളം തയ്യാര്‍

post

തിരുവനന്തപുരം : നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്ക് ഗള്‍ഫ് രാജ്യങ്ങളില്‍ കോവിഡ് പരിശോധന നടത്തുന്നതിനാവശ്യമായ ട്രൂനാറ്റ് ടെസ്റ്റ് കിറ്റുകള്‍ കേരളം ലഭ്യമാക്കാന്‍ തയ്യാറാണെന്നും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച പുരോഗമിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിമാനക്കമ്പനികളുടെ സഹകരണവും അതാതു രാജ്യങ്ങളിലെ എംബസികളുടെ അനുവാദവും ഇതിന് ആവശ്യമാണ്. കേന്ദ്ര സഹായം ഇതിന് അനിവാര്യമാണ്. യു. എ. ഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോള്‍ പരിശോധനയ്ക്കുള്ള സൗകര്യമുണ്ട്. സൗദി അറേബ്യ, കുവൈറ്റ്, ബഹറൈന്‍, ഒമാന്‍ എന്നിവടങ്ങളിലുള്ള പ്രവാസികള്‍ക്ക് ഇത് സഹായകമാവുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വിദേശത്തു നിന്നെത്തിയവരില്‍ 669 പേര്‍ക്കും മറ്റു സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരില്‍ 503 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയില്‍ നിന്നെത്തിയത് 313 പേരാണ്. ഈ കണക്കുകള്‍ ജാഗ്രത വര്‍ധിപ്പിക്കേണ്ടതിന്റെ ആവശ്യകതയാണ് സൂചിപ്പിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.