നെട്ടുകാല്‍ത്തേരി തുറന്ന ജയിലില്‍ 25 ഏക്കറില്‍ മാതൃകാ കശുവണ്ടി തോട്ടത്തിന് തുടക്കമായി

post

* തോട്ടണ്ടി ഉത്പാദനത്തില്‍ വര്‍ദ്ധനവും കൂടുതല്‍ തൊഴില്‍ ദിനങ്ങളുമാണ് ലക്ഷ്യം

തിരുവനന്തപുരം : കശുമാവ് കൃഷി  വ്യാപനത്തിലൂടെ തോട്ടണ്ടി ഉത്പാദനത്തില്‍ വര്‍ദ്ധനവിനും കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതിനുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന്  ഫിഷറീസ് - ഹാര്‍ബര്‍ എന്‍ജിനിയറിങ് - കശുവണ്ടി വ്യവസായ വകുപ്പ് മന്ത്രി ജെ. മേഴ്സിക്കുട്ടി അമ്മ പറഞ്ഞു.  നെട്ടുകാല്‍ത്തേരി തുറന്ന ജയിലിലെ  25 ഏക്കര്‍ മാതൃകാ കശുവണ്ടി തോട്ടത്തിന്റെ തൈ നടീല്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചടങ്ങില്‍ സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു.  

കശുവണ്ടി വികസന ഏജന്‍സി വഴി തുറന്ന ജയിലില്‍ ആരംഭിക്കുന്ന മാതൃകാ കൃഷിത്തോട്ടം കാലക്രമത്തില്‍ കശുവണ്ടി ഉത്പാദനത്തില്‍ സ്വയംപര്യാപ്തത നേടുന്നതിനുള്ള സര്‍ക്കാര്‍ ശ്രമത്തിന്റെ ഭാഗമായ പ്രവര്‍ത്തനമാണ്.  കൂടുതല്‍    ജയിലുകളില്‍ സ്ഥലം ലഭ്യമാക്കി കശുമാവിന്‍ കൃഷി വ്യാപിപ്പിക്കുമെന്ന്  മന്ത്രി വ്യക്തമാക്കി.  

  ആറ് ലക്ഷം ടണ്‍ കശുവണ്ടി സംസ്ഥാനത്തിന് ആവശ്യമുള്ളപ്പോള്‍ 83,000 ടണ്‍ ആണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. മൂന്ന് ലക്ഷത്തിലധികം തൊഴിലാളികളാണ് കശുവണ്ടി മേഖലയില്‍  പ്രവര്‍ത്തിക്കുന്നത്.  ഇവരില്‍ 80 ശതമാനത്തിലധികവും വനിതകളാണ്.  കശുവണ്ടി തൊഴിലാളികള്‍ക്ക് 200 ദിവസമെങ്കിലും തൊഴില്‍ നല്‍കണം. ഇതിനാവശ്യമായ കശുവണ്ടി സംസ്ഥാനത്തു തന്നെ ഉത്പാദിപ്പിക്കാനാണ്  സര്‍ക്കാര്‍  ശ്രമിക്കുന്നതെന്ന്  മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനുശേഷം പുതിയതായി 12,100 ഹെക്ടര്‍ സ്ഥലത്ത് കശുവണ്ടി   വികസന ഏജന്‍സി വഴി കശുമാവ് കൃഷി ആരംഭിച്ചു.  ഏജന്‍സിയുടെ നേതൃത്വത്തില്‍ 39,418 ഹെക്ടര്‍ സ്ഥലത്ത് കശുമാവ് കൃഷി ചെയ്യുന്നുണ്ട്. സംസ്ഥാനത്തുല്പാദിപ്പിക്കുന്ന കശുവണ്ടി കാഷ്യൂ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സമാഹരിച്ച്  കാപ്പെക്സിനും കാഷ്യൂ കോര്‍പ്പറേഷനും നല്‍കുന്നു.

സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ തരിശായി കിടക്കുന്ന 25 ഏക്കറില്‍ കൂടുതലുള്ള സ്ഥലം ഉപയോഗപ്പെടുത്തി മാതൃകാ കൃഷിത്തോട്ടം നിര്‍മ്മിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനുള്ള കശുമാവ് തൈകള്‍ കാര്‍ഷിക സര്‍വകലാശാല കശുമാവ് ഗവേഷണ കേന്ദ്രമായ മാടക്കത്തറ, കേന്ദ്ര കശുമാവ് ഗവേഷണ കേന്ദ്രമായ ഐ.സി.എ.ആര്‍, പുതൂര്‍ എന്നിവിടങ്ങളിലാണ് ഉത്പാദിപ്പിക്കുന്നത്.  മൂന്ന് വര്‍ഷം കൊണ്ട് ഫലം തരുന്ന അധികം ഉയരം വെയ്ക്കാത്ത അത്യുല്പാദനശേഷിയുള്ള തൈകളാണ് വികസന ഏജന്‍സി വഴി കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതെന്ന്  മന്ത്രി പറഞ്ഞു.

ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രിസണ്‍ ഋഷിരാജ് സിംഗ്, പ്രിസണ്‍ ഡി.ഐ.ജി. എസ്. സന്തോഷ്,  ഡി.ഐ.ജി. പി. അജയകുമാര്‍, നെട്ടുകാല്‍ത്തേരി തുറന്ന ജയില്‍ സൂപ്രണ്ട് ബി. രമേഷ് കുമാര്‍, കള്ളിക്കാട് പഞ്ചായത്ത് പ്രസിഡന്റ് ജെ.ആര്‍. അജിത, കാഷ്യു സ്പെഷ്യല്‍ ഓഫീസര്‍ കെ. ഷിരീഷ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.