കഴക്കൂട്ടം-അടൂര്‍ സുരക്ഷാ വീഥി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

post

തിരുവനന്തപുരം: കഴക്കൂട്ടം-അടൂര്‍ സുരക്ഷാവീഥി മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തു. ലോകബാങ്ക് ധനസഹായത്തോടെ നടപ്പാക്കുന്ന കെ.എസ്.ടി.പി. രണ്ടാംഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുന്ന പ്രവൃത്തിയാണിത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട എന്നീ മൂന്നു ജില്ലകളിലൂടെ കടന്നുപോകുന്ന റോഡിന് 78.65 കി.മീറ്റര്‍ നീളമുണ്ട്. മൊത്തം ചെലവ് 146.67 കോടി രൂപ.

റോഡ് വികസനത്തോടൊപ്പം റോഡ് സുരക്ഷയ്ക്ക് കൂടി പ്രാധാന്യം നല്‍കുന്ന പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്തര്‍ദേശീയ നിലവാരമുള്ള മാതൃകാ സുരക്ഷാ റോഡാണിത്. റോഡ് അപകടങ്ങളുടെ എണ്ണവും, തീവ്രതയും അതുവഴി മരണനിരക്കും കുറയ്ക്കുന്നതിന് ലോകബാങ്ക് സഹായത്തോടെ റോഡ് സുരക്ഷാ കര്‍മ പദ്ധതിക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

33 ജംഗ്ഷനുകളുടെ നവീകരണം, സ്കൂള്‍ മേഖലയില്‍ ഗേറ്റ് വെ ട്രീറ്റ്മെന്റ്, സോളാര്‍ ലൈറ്റിംഗ്, ആധുനിക റോഡ് മാര്‍ക്കിങ്, സൈന്‍ ബോര്‍ഡുകള്‍, ക്രാഷ് ബാരിയറുകള്‍ എന്നിവ ഉള്‍പ്പെടുന്നതാണ് സുരക്ഷാ വീഥി. റോഡപകടങ്ങളിലെ മരണ നിരക്ക് കുറയ്ക്കുന്നതിന് 28.2 കോടി രൂപ ചെലവില്‍ പോസ്റ്റ് ക്രാഷ് ട്രോമ കെയര്‍ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്ന പ്രവൃത്തി പുരോഗമിച്ചുവരികയാണ്. മാതൃകാ സുരക്ഷാ ഇടനാഴിയോടനുബന്ധിച്ചുള്ള പ്രദേശങ്ങളിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങളും സജ്ജീകരണങ്ങളും ഈ പദ്ധതിയുടെ ഭാഗമായി വികസിപ്പിക്കുന്നുണ്ട്. തിരുവനന്തപുരം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ്, കൊട്ടാരക്കര താലൂക്ക് ആശുപത്രി, അടൂര്‍ ജനറല്‍ ആശുപത്രി, വാമനപുരത്തെയും കന്യാകുളങ്ങരയിലെയും പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലെ സൗകര്യങ്ങളാണ് വര്‍ധിപ്പിക്കുന്നത്. 28.2 കോടി രൂപയാണ് ഇതിന് വരുന്ന ചെലവ്.  ഏനാത്ത് പാലത്തിന്റെ ബലപ്പെടുത്തലും ഈ പ്രവൃത്തിയുടെ ഭാഗമായി പൂര്‍ത്തിയാക്കിയിട്ടുണ്ട്. അഞ്ചുവര്‍ഷത്തെ റോഡ് പരിപാലനം ഈ പദ്ധതിയുടെ കരാറിന്റെ ഭാഗമാണ്. പുനലൂര്‍-പൊന്‍കുന്നം റോഡ് നിര്‍മാണത്തിന് ഈ സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ലോക ബാങ്ക് അനുമതി നല്‍കി. രണ്ട് റീച്ച് പ്രവൃത്തി കരാര്‍ വെച്ചു. മൂന്നാമത്തെ റീച്ചും ഉടന്‍ കരാര്‍ വെക്കും.

ഉദ്ഘാടന പരിപാടിയില്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അധ്യക്ഷനായിരുന്നു. വനം-ക്ഷീരവകുപ്പ് മന്ത്രി കെ. രാജു, സഹകരണ-ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ് സ്വാഗതം പറഞ്ഞു.

കെ.എസ്.ടി.പി. രണ്ടാം ഘട്ടത്തിലെ മിക്കവാറും പദ്ധതികള്‍ പൂര്‍ത്തിയായിട്ടുണ്ട്. തിരുവല്ല ബൈപ്പാസ് (2.3 കി.മീറ്റര്‍), തലശ്ശേരി കളറോഡ് (28.8 കി.മീ), കളറോഡ്-വളവുപാറ (25.2 കി.മീ) എന്നീ പ്രവൃത്തികള്‍ പൂര്‍ത്തീകരണത്തോട് അടുത്തിരിക്കയാണ്.