സുഭിക്ഷ കേരളം: രാജ്ഭവനില്‍ പച്ചക്കറി കൃഷിക്ക് തുടക്കമായി

post

തിരുവനന്തപുരം: സുഭിക്ഷ കേരളം പദ്ധതിക്ക് കീഴിലെ ഡൗണ്‍ ടു എര്‍ത്ത് പരിപാടിയുടെ ഭാഗമായി രാജ്ഭവനില്‍ ആരംഭിക്കുന്ന പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ നിര്‍വഹിച്ചു. കൃഷിവകുപ്പു മന്ത്രി വി. എസ്. സുനില്‍കുമാറിന്റെ സാന്നിധ്യത്തിലായിരുന്നു പച്ചക്കറി കൃഷിക്ക് തുടക്കമായത്. കൃഷി വകുപ്പും നഗരസഭയും സ്വസ്തി ഫൗണ്ടേഷനും സംയുക്തമായാണ് രാജ്ഭവനില്‍ പച്ചക്കറി കൃഷി നടത്തുന്നത്. പ്രാരംഭഘട്ടത്തില്‍ അഞ്ച് ഏക്കറോളം ഭൂപ്രദേശത്താണ് കൃഷി. തക്കാളി, കത്തിരി, വെണ്ട, മത്തന്‍, പടവലം, മുളക് തുടങ്ങിയ പച്ചക്കറികള്‍ക്കു പുറമെ പപ്പായ, വിവിധതരം വാഴകള്‍, ചോളം, ഡ്രാഗണ്‍ ഫ്രൂട്ട്, കിഴങ്ങു വര്‍ഗ്ഗങ്ങള്‍ എന്നിവയും കൃഷി ചെയ്യുന്നു.

മേയര്‍ കെ. ശ്രീകുമാര്‍, ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, കിലെ ചെയര്‍മാന്‍ വി. ശിവന്‍കുട്ടി, കര്‍ദ്ദിനാള്‍ മാര്‍ബസേലിയോസ് ക്ലിമ്മിസ്, മുന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി. എച്ച്. കുര്യന്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രീസ് ജില്ലാ ചെയര്‍മാന്‍ രഘുചന്ദ്രന്‍ നായര്‍, സ്വസ്തി ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി എബി ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിച്ചു.