ഈറ്റയിലും മുളയിലും ഓഫീസ് സ്‌റ്റേഷനറി ഉത്പന്നങ്ങളുമായി ബാംബൂ കോര്‍പറേഷന്‍

post

വിതരണോദ്ഘാടനം വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ നിര്‍വഹിച്ചു

തിരുവനന്തപുരം: സംസ്ഥാന ബാംബൂ കോര്‍പറേഷന്‍ ഈറ്റയിലും മുളയിലും നിര്‍മിച്ച ഓഫീസ് സ്‌റ്റേഷനറി ഉത്പന്നങ്ങളുടെ വിതരണോദ്ഘാടനം വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ നിര്‍വഹിച്ചു. ഹരിതകേരളം മിഷന്‍ ഉപാധ്യക്ഷ ഡോ. ടി. എന്‍. സീമ ഉത്പന്നങ്ങള്‍ ഏറ്റുവാങ്ങി.

ഫയല്‍പാഡ്, ഫയല്‍ട്രേ, പെന്‍സ്റ്റാന്‍ഡ്, വേസ്റ്റ്ബിന്‍ തുടങ്ങിയ ഉത്പന്നങ്ങളെല്ലാം ഇത്തരത്തില്‍ നിര്‍മിക്കുന്നുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ സര്‍ക്കാര്‍ ഓഫീസുകളിലും ഈ ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് മേഖലയിലെ തൊഴിലാളികള്‍ക്ക് മുതല്‍ക്കൂട്ടാവുമെന്ന് മന്ത്രി പറഞ്ഞു. ഏകദേശം 500 പേര്‍ക്ക് തൊഴിലും കോര്‍പറേഷന് 1.50 കോടി രൂപ വാര്‍ഷിക വരുമാനവും ലഭിക്കും. ഒരു മാസത്തില്‍ 500 കോംബോ പാക്കറ്റുകളാണ് ഉത്പാദിപ്പിക്കുക. 1,500 ഏക്കര്‍ സ്ഥലത്ത് മുള വച്ചുപിടിപ്പിക്കാന്‍ ബാംബൂ കോര്‍പറേഷന്‍ തീരുമാനിച്ചിട്ടുണ്ട്. ആറളത്ത് മുള വച്ചു പിടിപ്പിക്കാനുള്ള പദ്ധതിക്ക് തുടക്കമായതായി മന്ത്രി അറിയിച്ചു.

പതിനായിരം പനമ്പ് നെയ്ത്ത് കുടുംബങ്ങളും ആയിരം ഈറ്റ വെട്ട് തൊഴിലാളികളും 500 മറ്റു തൊഴിലാളികളും കോര്‍പറേഷനെ ആശ്രയിച്ചു കഴിയുന്നു. ഡല്‍ഹിയിലെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി ഡോ. എ. സമ്പത്ത്, വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. കെ. ഇളങ്കോവന്‍, ബാംബൂ കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ. ജെ. ജേക്കബ് എന്നിവര്‍ സംബന്ധിച്ചു.