കേരള സംസ്ഥാന കലാപുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

2023-ലെ കേരള സംസ്ഥാന കലാപുരസ്‌കാരങ്ങൾ സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രഖ്യാപിച്ചു. കഥകളി പുരസ്‌കാരം, പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരം, കേരളീയ നൃത്ത-നാട്യ പുരസ്‌കാരം എന്നിവയാണ് പ്രഖ്യാപിച്ചത്. ഒരു ലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവും പൊന്നാടയും അടങ്ങുന്നതാണ് ഓരോ പുരസ്‌കാരവും.
സംസ്ഥാന കഥകളി പുരസ്‌കാരത്തിനായി കുറൂർ വാസുദേവൻ നമ്പൂതിരി (കഥകളി ചെണ്ട), കലാമണ്ഡലം ശങ്കരവാര്യർ (കഥകളി മദ്ദളം) എന്നിവരെ തെരഞ്ഞെടുത്തു. ഡോ. പി. വേണുഗോപാൽ, ഡോ. എം.വി. നാരായണൻ, മനോജ് കൃഷ്ണ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
പല്ലാവൂർ അപ്പുമാരാർ പുരസ്‌കാരത്തിനായി പ്രശസ്ത ചെണ്ട കലാകാരൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാരെ തെരഞ്ഞെടുത്തു. ഡോ. ടി.എസ്. മാധവൻകുട്ടി, ഡോ. എൻ.പി. വിജയകൃഷ്ണൻ, കെ.ബി. രാജാനന്ദ് എന്നിവരടങ്ങുന്ന സമിതിയാണ് ഈ പുരസ്‌കാരത്തിന് അർഹനായ കലാകാരനെ നിർണ്ണയിച്ചത്.
കേരളീയ നൃത്ത-നാട്യ പുരസ്‌കാരത്തിനായി കൂടിയാട്ടം കലാകാരി കലാമണ്ഡലം പി.എൻ. ഗിരിജാദേവിയെ തെരഞ്ഞെടുത്തു. ഡോ. കെ.ജി. പൗലോസ്, പത്മശ്രീ കലാമണ്ഡലം ക്ഷേമാവതി, ഡോ. സുധ ഗോപാലകൃഷ്ണൻ, കലാമണ്ഡലം ഹുസ്‌നബാനു എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.