പ്രളയ പുനരധിവാസ ധനസഹായം: 118 ഗുണഭോക്താക്കളുടെ തടസ്സം നീക്കി

post

തൃശ്ശൂര്‍: 2018 ലെ പ്രളയാനന്തര പുനര്‍നിര്‍മ്മാണവുമായ ബന്ധപ്പെട്ട നടന്ന അദാലത്തില്‍ 118 ഗുണഭോക്താക്കളുടെ ധനസഹായ വിതരണത്തിനുളള തടസ്സങ്ങള്‍ നീക്കി ഉത്തരവായി. ജില്ലാ കളക്ടര്‍ എസ് ഷാനവാസിന്റെ നേതൃത്വത്തില്‍ ജില്ലാ ആസൂത്രണ ഭവന്‍ ഹാളില്‍ അദാലത്ത് വിളിച്ച് ചേര്‍ത്തത്. 

ധനസഹായ വിതരണത്തിനായി അവശേഷിക്കുന്ന 265 ഗുണഭോക്താക്കളുടെ യോഗമാണ് വിളിച്ചത്. ഇതില്‍ 177 ഗുണഭോക്താക്കള്‍ ഹാജരായി. വീടുകള്‍ക്ക് പൂര്‍ണ്ണനാശം സംഭവിച്ച പുറമ്പോക്കില്‍ കഴിയുന്ന 17 കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച മാന്ദാമംഗലം വില്ലേജിലെ ഭൂമിയില്‍ സ്വന്തമായി വീട് നിര്‍മ്മിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ സര്‍ക്കാര്‍ ധനസഹായത്തോടൊപ്പം ജില്ലാ ഭരണകൂടത്തിന്റെ സഹായവും ചേര്‍ത്ത് വീടുകള്‍ നിര്‍മ്മിച്ച് നല്‍കും. 

തൃശൂര്‍ താലൂക്കില്‍ ചിയ്യാരം വില്ലേജിലെ നാരായണക്കാട്ടില്‍ തങ്കയുടെ വീട് പുനര്‍നിര്‍മ്മിക്കാനുളള അനുമതി വേഗം നല്‍കാന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിക്കും നിര്‍ദ്ദേശം നല്‍കി. ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടര്‍ ഡോ. സി. റെജില്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. 

ഗുണഭോക്താക്കളുടെ വിശദാംശങ്ങള്‍: താലൂക്ക്, കേസുകള്‍, ഹാജരായവര്‍, തീര്‍പ്പായവര്‍, ബാക്കി ആകെ എന്ന ക്രമത്തില്‍. ചാലക്കുടി - 52, 35, 19, 33. ചാവക്കാട് - 13 7, 3, 10. കൊടുങ്ങല്ലൂര്‍ - 27, 17, 11, 16. കുന്നംകുളം - 4,-,-,4. മുകുന്ദപുരം - 52, 39, 33, 19. തലപ്പിളളി - 30, 20, 7, 23. തൃശൂര്‍ - 87, 59, 45, 42. ആകെ - 265, 177, 118, 147.