ദുരിതാശ്വാസ നിധിയ്ക്ക് എല്‍ഇഡി ബള്‍ബ് ചലഞ്ച്

post

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ യുവജനങ്ങളുടെ എല്‍ഇഡി ബള്‍ബ് ചലഞ്ച്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റേതാണ് പദ്ധതി. എല്‍ഇഡി ബള്‍ബുകള്‍ നിര്‍മ്മിച്ച്് പൊതു വിപണിയിലെത്തിക്കുകയാണ് ലക്ഷ്യം. ബള്‍ബ് വിറ്റുകിട്ടുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നല്‍കും. സംരംഭത്തിന്റെ ഉദ്ഘാടനം വ്യവസായ മന്ത്രി ഇ. പി. ജയരാജന്‍ നിര്‍വഹിച്ചു. ആദ്യ ബള്‍ബ് പ്രശസ്ത സിനിമാ നടന്‍ ഇന്ദ്രന്‍സിന് നല്‍കി.

യുവ എന്ന പേരില്‍ 9 വാട്ട് ബള്‍ബാണ് ആദ്യഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. 150 രൂപയാണ് വില. ബോര്‍ഡിന് കീഴില്‍ രൂപീകരിച്ച കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സിന്റെ ഇടുക്കി ജില്ലയിലെ പ്രത്യേക പരിശീലനം നേടിയ വോളന്റിയര്‍മാരാണ് സംരംഭത്തിന് തുടക്കമിട്ടത്. പഞ്ചായത്തുതല യൂത്ത് കോഓര്‍ഡിനേറ്റര്‍മാരും കേരള വോളന്ററി യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളും ചേര്‍ന്നാണ് ബള്‍ബുകളുടെ വിപണനം നടത്തുന്നത്. ബള്‍ബ് നിര്‍മ്മാണം സജീവമാക്കി കൂടുതല്‍ യൂണിറ്റുകള്‍ ആരംഭിച്ച് യുവാക്കള്‍ക്ക് വരുമാനമാര്‍ഗ്ഗം കണ്ടെത്തുന്നതിനുള്ള സംരംഭമായി ഇതിനെ മാറ്റിയെടുക്കാനാകുമെന്ന് മന്ത്രി പറഞ്ഞു.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനത്തില്‍ സജീവ ഇടപെടലാണ് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് നടത്തുന്നത്. കോവിഡ് കെയര്‍ സെന്ററുകളില്‍ ക്വാറന്റൈനിലുള്ളവരുടെ പരിചരണം യൂത്ത് വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ ഇപ്പോഴും തുടരുന്നുണ്ട്. യുവജനക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ പി. ബിജു, ഇടുക്കി ജില്ലാ ഓഫീസര്‍ വി. എസ്. ബിന്ദു, യൂത്ത് ആക്ഷന്‍ ഫോഴ്‌സ് അംഗങ്ങളായ സുധിന്‍, രാജേന്ദ്രന്‍, റോഷന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.