ക്വാറന്റൈന്‍ മാര്‍ഗരേഖകള്‍ പുതുക്കാന്‍ തീരുമാനം

post

  • വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ സത്യവാങ്മൂലം നല്‍കണം
  • കണ്ടെയ്ന്‍മെന്റ് സോണ്‍ നിര്‍ണയിക്കുന്നതിലും മാറ്റം

തിരുവനന്തപുരം: വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ മാര്‍ഗരേഖ വിദഗ്ധ സമിതിയുടെ നിര്‍ദ്ദേശപ്രകാരം പുതുക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശത്ത് നിന്നെത്തുന്നവര്‍ക്ക് വീടുകളില്‍ ക്വാറന്റൈന്‍ സൗകര്യം ഉണ്ടെങ്കില്‍ സത്യവാങ്മൂലം എഴുതിവാങ്ങി ആവശ്യമായ മുന്‍കരുതല്‍ നിര്‍ദ്ദേശം നല്‍കും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ ഹോം ക്വാറന്റൈന്‍ സംബന്ധിച്ച് സത്യവാങ്മൂലം നല്‍കണം. സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ വീടുകളിലേക്ക് പോകാം. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുവരുന്നവര്‍ക്ക് സ്വന്തം വീട്ടില്‍ സൗകര്യമില്ലെങ്കില്‍ മറ്റൊരു വീട് തിരഞ്ഞെടുക്കാം. സത്യവാങ്മൂലത്തില്‍ പറയുന്ന കാര്യങ്ങള്‍ ജില്ലയിലെ കോവിഡ് കണ്‍ട്രോള്‍ റൂം അന്വേഷിക്കും. വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനോ പെയ്ഡ് ക്വാറന്റൈനോ തിരഞ്ഞെടുക്കാം. പെയ്ഡ് ക്വാറന്റൈന് ഹോട്ടലുകളില്‍ സൗകര്യമൊരുക്കും.

വിദേശത്ത് നിന്ന് വരുന്നവരെ സംബന്ധിച്ച വിവരം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനം, പോലീസ്, കോവിഡ് കെയര്‍ സെന്റര്‍ നോഡല്‍ ഓഫീസര്‍, ജില്ലാ കളക്ടര്‍ എന്നിവര്‍ക്ക് കൈമാറും. ഇവര്‍ നിശ്ചിത സമയത്തിനുള്ളില്‍ വീട്ടിലെത്തിയെന്നത് പോലീസ് പരിശോധിച്ച് ഉറപ്പാക്കും. വീടുകളിലെ സൗകര്യം തദ്ദേശസ്ഥാപനങ്ങള്‍ പരിശോധിക്കും. വീട്ടിലുള്ളവര്‍ക്ക് ആവശ്യമായ ബോധവത്ക്കരണം നല്‍കും. കുട്ടികളോ പ്രായമായവരോ ഉണ്ടെങ്കില്‍ പ്രത്യേകം മുന്‍കരുതല്‍ നിര്‍ദേശം നല്‍കും. നിരീക്ഷണത്തിലുള്ള വ്യക്തി ക്വാറന്റൈന്‍ ലംഘിച്ചാല്‍ പോലീസ് നടപടി സ്വീകരിക്കും. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും പെയ്ഡ് ക്വാറന്റൈനിലും കഴിയുന്നവരെ തദ്ദേശസ്ഥാപനം, പോലീസ്, റവന്യു വിഭാഗങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കുകയും ആവശ്യമായ സൗകര്യമുണ്ടോയെന്ന് പരിശോധിക്കുകയും ചെയ്യും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് കേരളത്തില്‍ പ്രവേശിക്കാന്‍ അനുമതി നല്‍കിയ വിവരം ജില്ലാ കളക്ടര്‍, തദ്ദേശസ്ഥാപനം, പോലീസ്, കോവിഡ് കെയര്‍ സെന്റര്‍ നോഡല്‍ ഓഫീസര്‍ എന്നിവരെ അറിയിച്ചിരിക്കണം.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ണയിക്കുന്നതിലും മാറ്റങ്ങള്‍ വരുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. ഓരോ ദിവസവും രാത്രി 12 മണിക്ക് മുമ്പ് കണ്ടെയ്ന്‍മെന്റ് സോണുകള്‍ നിര്‍ണയിച്ച് വിജ്ഞാപനം ഇറക്കും. പഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തിലും കോര്‍പറേഷനുകളില്‍ സബ് വാര്‍ഡ് തലത്തിലുമാവും കണ്ടെയ്ന്‍മെന്റ് സോണുകള്‍. ചന്ത, തുറമുഖം, കോളനി, സ്ട്രീറ്റ്, താമസപ്രദേശം തുടങ്ങിയ പ്രാദേശിക സാഹചര്യം പരിശോധിച്ച് കണ്ടെയ്ന്‍മെന്റ് സോണുകള്‍ തീരുമാനിക്കും.

ഒരു വാര്‍ഡില്‍ ഒരു വ്യക്തി പ്രാദേശിക സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് ആവുകയും വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്ന രണ്ടു വ്യക്തികള്‍ പോസിറ്റീവാകുകയും ചെയ്താലും ഒരു വാര്‍ഡില്‍ പ്രാഥമിക സമ്പര്‍ക്കത്തിലുള്ള പത്തില്‍ കൂടുതല്‍ പേര്‍ നിരീക്ഷണത്തിലായാലും സെക്കന്‍ഡറി പട്ടികയിലുള്ള 25ലധികം പേര്‍ ഒരു വാര്‍ഡില്‍ നിരീക്ഷണത്തിലായാലും കോവിഡ് വ്യാപനത്തിനുള്ള സാധ്യത ഒരു സബ് വാര്‍ഡിലോ, ചന്ത, ഹാര്‍ബര്‍, ഷോപ്പിങ് മാള്‍, സ്ട്രീറ്റ്, താമസപ്രദേശം എന്നിവയില്‍ കണ്ടെത്തിയാലും ഒരു പ്രത്യേക പ്രദേശം കണ്ടെയ്ന്‍മെന്റ് സോണാവും. ഏഴു ദിവസത്തേക്കാവും കണ്ടെയ്ന്‍മെന്റ് സോണായി പ്രഖ്യാപിക്കുക. ജില്ലാ കളക്ടറുടെ ശുപാര്‍ശ അനുസരിച്ചാവും കാലാവധി നീട്ടുക. ഒരു വാര്‍ഡില്‍ 50 ശതമാനത്തിലധികം പ്രദേശം കണ്ടെയ്ന്‍മെന്റ് സോണിലായാല്‍ ആ തദ്ദേശസ്ഥാപനം റെഡ് കളര്‍ കോഡഡ് ലോക്കല്‍ സെല്‍ഫ് ഗവണ്‍മെന്റ് ആകും. വിദേശത്തു നിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തി വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്ന ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാല്‍ വീടും അതിന്റെ നിശ്ചിത ചുറ്റളവിലുള്ള വീടുകളും ചേര്‍ത്ത് കണ്ടയിന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദീര്‍ഘദൂര ട്രെയിനുകളില്‍ വരുന്നവര്‍ ഇടയ്ക്കുള്ള സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം വേറെ ട്രെയിനില്‍ യാത്ര ചെയ്യുകയും അതിലൂടെ പരിശോധകരുടെ കണ്ണ് വെട്ടിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം നടപടികള്‍ സൃഷ്ടിക്കുന്ന ആഘാതം വളരെ വലുതാണ്. അവര്‍ തോല്‍പ്പിക്കുന്നത് പരിശോധനാ സംവിധാനത്തെയല്ല, സ്വന്തം സഹോദരങ്ങളെ തന്നെയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഓരോ കാര്യവും റിപ്പോര്‍ട്ട് ചെയ്യാന്‍ സംവിധാനമുണ്ടാക്കും. ഫ്രണ്ട്‌ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആരോഗ്യവകുപ്പ് ഒരുക്കിയിട്ടുണ്ട്. സ്വകാര്യ ആശുപത്രികളിലും ആളുകളെ അയക്കേണ്ടിവരും. ഇതുസംബന്ധിച്ച ചികിത്സാ കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം ചിട്ടപ്പെടുത്തുന്നതിനുള്ള പ്രോട്ടോകോള്‍ ആരോഗ്യവകുപ്പ് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. കേരളത്തിലേക്ക് അതിഥി തൊഴിലാളികള്‍ തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. ഇങ്ങനെ മടങ്ങി വരുന്നവരെ സുരക്ഷാ ക്രമീകരണങ്ങളോടെ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷമേ ജോലിക്ക് പോകാന്‍ അനുവദിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.