മത്സ്യവിത്ത് ഉല്പാദനകേന്ദ്രങ്ങളും സീഡ് ഫാമുകളും രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് എടുക്കണം: ഫിഷറീസ് മന്ത്രി

post

തിരുവനന്തപുരം: ഗുണനിലവാരമുള്ള മത്സ്യക്കുഞ്ഞുങ്ങള്‍ കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നതിന്റെ  ഭാഗമായി സംസ്ഥാനത്ത് പ്രവര്‍ത്തിക്കു മത്സ്യവിത്ത് ഉല്പാദന കേന്ദ്രങ്ങളും സീഡ് ഫാമുകളും സംസ്ഥാന മത്സ്യവിത്ത് കേന്ദ്രത്തില്‍ പേര്, സ്ഥാപനം എന്നിവ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് എടുക്കണമെന്ന്  ഫിഷറീസ് വകുപ്പ് മന്ത്രി ജെ. മേഴ്‌സിക്കുട്ടി അമ്മ അറിയിച്ചു.

വിദേശത്തു നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നും ഗുണനിലവാരമില്ലാത്ത മത്സ്യവിത്തുകള്‍ വിമാനങ്ങള്‍ വഴിയും അല്ലാതെയും കേരളത്തില്‍ എത്തിച്ച് മത്സ്യ കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്നതിലൂടെ ആഭ്യന്തര മത്സ്യോല്പാദനം കുറയ്ക്കുന്നതും മത്സ്യ കര്‍ഷകരെ നഷ്ടത്തിലാക്കുന്നതും കണക്കിലെടുത്താണ് ശക്തമായ നടപടികളുമായി മുന്നോട്ട് പോകുന്നതെന്ന്  മന്ത്രി  വ്യക്തമാക്കി. മത്സ്യവിത്തുകളുടെ ഗുണമേന്മ ഉറപ്പാക്കുന്നതിനും, വിപണനം, സംഭരണം, കയറ്റുമതി, എന്നിവ നിയന്ത്രിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമാണ് കേരള മത്സ്യവിത്ത് നിയമ പ്രകാരം സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം രൂപീകരിച്ചത്.  

മത്സ്യവിത്ത് സംഭരണം, വിതരണം, വിപണനം, ഇറക്കുമതി, കയറ്റുമതി നടത്തുന്ന വ്യക്തികളും സ്ഥാപനങ്ങളും, ഏജന്‍സികളും നിയമപ്രകാരമുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ലൈസന്‍സ് എടുത്തശേഷമേ പ്രവര്‍ത്തിക്കാനാവൂ.  ഇറക്കുമതി ചെയ്യുന്ന മത്സ്യവിത്തുകള്‍ ലാബുകളില്‍ പരിശോധിച്ച് രോഗമുക്തമെന്ന് മത്സ്യവിത്ത് കേന്ദ്രം സര്‍ട്ടിഫൈ ചെയ്തതിനുശേഷമേ കര്‍ഷകര്‍ക്ക് വിതരണം ചെയ്യാവൂ.  രജിസ്‌ട്രേഷനും ലൈസന്‍സും ഇല്ലാതെ മത്സ്യവിത്ത് ഇറക്കുമതി ചെയ്ത് കര്‍ഷകര്‍ക്ക് വിതരണം ചെയ്യുന്ന ഏജന്റുമാര്‍ക്കും സ്ഥാപനങ്ങള്‍ക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. 

സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന ഹാച്ചറികളും ഫാമുകളും അലങ്കാര മത്സ്യ വിപണന യൂണിറ്റുകളും രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് എടുക്കണം.  ലൈസന്‍സ് എടുക്കാതെ 1,000 രൂപയ്ക്ക് താഴെയുള്ള വിത്തുകള്‍ വിതരണം ചെയ്യുന്നവര്‍ക്ക് 5,000 രൂപയും 1,000 രൂപയ്ക്ക് മുകളിലാണെങ്കില്‍ വിത്ത് വിലയുടെ അഞ്ച് ഇരട്ടിയും പിഴ അടയ്ക്കണം. രജിസ്‌ട്രേഷനും ലൈസന്‍സും ലഭിക്കുന്നതിന് കൊല്ലം ജില്ലയിലെ തേവള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംസ്ഥാന മത്സ്യവിത്ത് കേന്ദ്രം ഓഫീസുമായോ (0474 2797188), ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യ കര്‍ഷക വികസന ഏജന്‍സിയേയോ സമീപിക്കാം.