ജില്ലയിൽ ഓഫ് റോഡ് ജീപ്പ് സഫാരികൾക്ക് വിലക്ക്

post

ഇടുക്കി ജില്ലയിലെ എല്ലാ ഓഫ് റോഡ് ജീപ്പ് സഫാരി പ്രവർത്തനങ്ങളും ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ പൂർണമായി നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. നിരോധനം വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും ബാധകമാണ്. എന്നാൽ ജില്ലാ ഭരണകൂടത്തിന്റെ മേൽനോട്ടത്തിൽ ഔദ്യോഗിക അനുമതി ലഭിച്ചിട്ടുള്ള ഓഫ് റോഡ് സർവീസുകൾക്കും മറ്റ് സാധാരണ ജീപ്പ് സർവീസുകൾക്കും ഉത്തരവ് ബാധകമായിരിക്കില്ല. വിനോദ സഞ്ചാര കേന്ദ്രമായ കൊളുക്കുമലയിൽ സഞ്ചാരികളെ കൊണ്ടു പോകുന്ന മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന പൂർത്തിയാക്കിയ ജീപ്പുകളെയും വിലക്ക് ബാധിക്കില്ല. സുരക്ഷിതമല്ലാത്ത ജീപ്പ് സഫാരി അപകടങ്ങൾക്കിടയാകുന്ന സാഹചര്യത്തിലാണ് നിരോധനം.

വിഷയം പരിശോധിക്കാനും നിർദേശങ്ങൾ സമർപ്പിക്കാനും വിവിധ വകുപ്പുതല ഏകോപന സമിതിയെ നിയോഗിക്കുകയും ഈ മാസം 10 നകം റിപ്പോർട്ട് സമർപ്പിക്കാനും നിർദേശിച്ചിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ.